തിരുവനന്തപുരം :രണ്ടുകോടി രൂപ മുടക്കി കേരള സർവകലാശാല സെനറ്റ് ഹൗസ് ക്യാമ്പസ്സിൽ നിർമ്മിച്ച ബാസ്ക്കറ്റ്
ബാൾ ഇൻഡോർ സ്റ്റേഡിയം നാടകസ്റ്റേജ് സജ്ജമാക്കാൻ സർവ്വകലാശാല അനുവദിച്ചതായി ആക്ഷേപം.
ബാസ്ക്കറ്റ്ബോൾ ടൂർണ്ണമെന്റിനും, കോച്ചിങ്ങിനും, പ്രാക്ടിസിനും മാത്രമേ സ്റ്റേഡിയം അനുവദിക്കാവുവെന്ന സർവ്വകലാശാല ചട്ടം മറികടന്നാണ് സൂര്യ സ്റ്റേജ് ആൻഡ് ഫിലിം സൊസൈറ്റിക്ക് അഞ്ചുദിവസത്തേയ്ക്ക് സ്റ്റേഡിയം അനുവദിച്ചിരിക്കുന്നത്.
അനുമതി ലഭിച്ചതോടെ സ്റ്റേജ് നിർമ്മാണ പ്രവർത്തനം
തിടുക്കത്തിൽ ആരംഭിച്ചിരിക്കുകയാണ്.
സ്റ്റേഡിയം അനുവദിക്കുന്നത് ചട്ടവിരുദ്ധമാണെന്നും മാറ്റ് ഫിനിഷ് ചെയ്ത സ്റ്റേഡിയം ഗ്രൗണ്ടിന് കേട് സംഭവിക്കുമെന്നും ഫിസിക്കൽ എഡ്യൂക്കേഷൻ വകുപ്പ് ഡയറക്ടർ സർവകലാശാലയെ അറിയിച്ചിട്ടും അത് മറികടന്നാണ് രജിസ്ട്രാർ സ്റ്റേഡിയം അനുവദിച്ചത്.
സ്റ്റേഡിയം ബാസ്കറ്റ് ബോൾ ടൂർണമെന്റ് ഒഴികെ മറ്റ് ഒരു ആവശ്യങ്ങൾക്കും ഉപയോഗിക്കാൻ പാടില്ല എന്ന് വ്യവസ്ഥയുള്ളപ്പോൾ അത് മറികടക്കുവാൻ രജിസ്ട്രാർക്ക് അധികാരമില്ലെന്നി രിക്കെയാണ് വിസി യുടെ അനുമതികൂടാതെ സ്റ്റേഡിയം അനുവദിച്ചത്.
ഉന്നതവിദ്യാഭ്യാസ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നാടക ആവശ്യത്തിന് സ്റ്റേഡിയം അനുവദിച്ചതെന്നറിയുന്നു. സ്റ്റേഡിയം അനുവദിച്ചു കൊണ്ടുള്ള കത്ത് രജിസ്ട്രാർ പ്രൈവറ്റ്സെക്രട്ടറിയുടെ പേർക്ക് കൈമാറി.
എം.ടി വാസുദേവൻ നായരുടെ ‘നാലുകെട്ട്’ എന്ന നോവലിന്റെ നാടകാവിഷ്‌ക്ക രണത്തിനു വേണ്ടിയാണ് സ്റ്റേഡിയം അനുവദിച്ചതെ ന്നറിയുന്നു. സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക സഹായത്തോടെയാണ് ‘സൂര്യ’ പരിപാടി സംഘടിപ്പിക്കുന്നത്.
ബാസ്ക്കറ്റ്ബോൾ പ്രാക്ടീസിന് ഒരു മാസക്കാലം സ്റ്റേഡിയം മുൻകൂറായി അനുവദിച്ചശേഷം സ്റ്റേഡിയം മറ്റ് ആവശ്യത്തിന് അനുവദിച്ചതിൽ പ്രാക്ടീസ് ചെയ്യുന്നവർ വിസി ക്ക് പരാതി നൽകിയിരിക്കുകയാണ്.
സ്റ്റേഡിയം ഫ്ലോറിന് കേട് സംഭവിക്കാൻ
സാധ്യതയുള്ളതുകൊണ്ട് റോളർ സ്കേറ്റിംഗ് പ്രാക്ടീസ് പോലും
സ്റ്റേഡിയം ഗ്രൗണ്ടിൽ
അനുവദിക്കാതി രിക്കുമ്പോഴാണ് നാടക സ്റ്റേജിന് സ്റ്റേഡിയം നൽകികൊണ്ടുള്ള
വിചിത്രമായ ഉത്തരവ്.ഈ ഉത്തരവിന്റെ മറവിൽ മേലിൽ മറ്റ് ആവശ്യങ്ങൾക്കും സ്റ്റേഡിയം വിട്ടുനൽകുന്നതോടെ ഏതാണ്ട് രണ്ട് കോടിരൂപ മുടക്കി ബാസ്ക്കറ്റ്ബോൾ ടൂർണമെന്റിനും പ്രാക്ടിസിനും വേണ്ടി നിർമ്മിച്ച സ്റ്റേഡിയം കേടാകുമെന്നാണ് ആശങ്ക.
വയനാട് ദുരന്തത്തിൽ സംസ്ഥാനം വിറങ്ങലിച്ചു നിൽക്കുമ്പോഴാണ് തലസ്ഥാനത്തെ നാടകാവിഷ്കാരവും തിരക്കിട്ട് സർവ്വകലാശാലയുടെ സ്റ്റേഡിയം അനുവദിക്കലുമെന്ന ആക്ഷേപവും ഉയരുന്നുണ്ട്.