കേരളസിണ്ടിക്കേറ്റ്- ഗ്രേസ് മാർക്കിന്റെ കാര്യത്തിൽ തീരുമാനമായില്ല1 min read

 

തിരുവനന്തപുരം :കഴിഞ്ഞ അക്കാദമിക് വർഷം നടന്ന സർവ്വകലാശാല യുവജനോത്സവത്തിൽ വിജയിച്ചവർക്ക് ഗ്രേസ് മാർക്ക് നൽകുന്നതിൽ തീരുമാനമെടുക്കുന്നത് ഇന്നു ചേർന്ന കേരള സിൻഡിക്കേറ്റ് യോഗം മാറ്റിവെച്ചു.

അവസാന സെമസ്റ്റർബിരുദ പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് ഗ്രേ സ് മാർക്ക് കൂടി ഉൾപ്പെടുത്തിയാണ് മുൻകാലങ്ങളിൽ പരീക്ഷാഫലം പ്രസിദ്ധീകരി ക്കാറുള്ളത്. എന്നാൽ ഗ്രേസ് മാർക്കിന് അർഹരായവരുടെ പട്ടിക വൈസ് ചാൻസിലർ അംഗീകരിക്കാൻ വിസമ്മതിച്ചത് കൊണ്ട് ഗ്രേസ് മാർക്ക് കൂടാതെയാണ് വിദ്യാർത്ഥികളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചത്.

ഗ്രൂപ്പ് മത്സരങ്ങളിൽ കൂടുതൽ പേർ ഒന്നാം സ്ഥാനം നേടിയതായി പ്രഖ്യാപിച്ചാണ് ഗ്രേസ് മാർക്കിന് അർഹരായവരുടെ പട്ടിക സ്റ്റുഡന്റസ് വെൽഫയർ ഡയറക്ടർ തയ്യാറാക്കിയത്.

10 മുതൽ 12 പേർ വരെ ഉൾപ്പെടുന്ന ഗ്രൂപ്പ്‌ മത്സര വിജയികൾക്ക് എല്ലാപേർക്കും ഓരോ പേപ്പറിനും 6% മാർക്ക്‌ അധികമായി ലഭിക്കും. അതുകൊണ്ട് ഗ്രൂപ്പ് മത്സരങ്ങളിൽ കൂടുതൽ പേർക്ക് ഒന്നാം സ്ഥാനവും, രണ്ടാം സ്ഥാനവും നൽകിയാണ് വിജയികളുടെ പട്ടിക തയ്യാറാക്കിയത്.വഞ്ചിപ്പാട്ട്, കോൽക്കളി, ഡഫ്മുട്ട്,ഒപ്പന, വൃന്ദവാദ്യം, സമൂഹഗാനം, മാർഗംകളി എന്നിവയിൽ പങ്കെടുത്ത എഴുപതോളം കോളേജ് ടീമുകൾക്ക് ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നൽകിയതിലൂടെ 800 ഓളം വിദ്യാർത്ഥികൾ ഗ്രേസ് മാർക്കിന് അർഹരായി. ഓരോ വിദ്യാർഥികൾക്കും പരമാവധി 60 മാർക്ക് വരെ ഗ്രേസ് മാർക്കായി ലഭിക്കുമെന്നതിൽ പന്തി കേട് കണ്ടെത്തിയതിനാലാണ് വിസി മാർക്ക്‌ അംഗീകരിക്കാൻ വിസമ്മതിച്ചത്.എന്നാൽ ഒറ്റയ്ക്കുള്ള മത്സരങ്ങളിൽ തിരിമറി നടന്നതായ ആക്ഷേപമില്ല. ഓരോ സ്ഥാനത്തിനും ഒന്നിൽ കൂടുതൽ പേർ അർഹത നേടിയിട്ടില്ല. ഒറ്റയ്ക്കുള്ള മത്സരങ്ങളിൽ വിജയികളായവർക്ക് ഗ്രേസ് മാർ അനുവദിക്കണമെന്ന നിർദ്ദേശം ഇന്ന് കൂടിയ സിൻഡിക്കേറ്റ് ചർച്ച ചെയ്തുവെങ്കിലും അവർക്ക് മാത്രമായി ഗ്രേസ് മാർക്ക് അനുവദിക്കാൻ സിൻഡിക്കേറ്റ് വിമുഖത പ്രകടിപ്പിച്ചത് കൊണ്ട് ഗ്രേസ് മാർക്കിൽ തീരുമാനമെടുക്കുന്നത് സിൻഡിക്കേറ്റ് മാറ്റിവെച്ചിരിക്കുകയാണ് . ഗ്രേസ് മാർക്കിന് പൂർണ്ണ അർഹത ഉള്ളവർക്കും ഗ്രേസ് മാർക്ക് ലഭിക്കാത്തത് അവരുടെ തുടർ പഠനത്തിനുള്ള പ്രവേശനത്തെ ദോഷകരമായി ബാധിക്കുന്ന ആക്ഷേപമുണ്ട്.

സംസ്ഥാനത്തെ എല്ലാ സർവ്വകലാശാലകളിലും നടക്കുന്ന യുവജനോത്സവത്തിൽ, ഗ്രൂപ്പ് മത്സരങ്ങളിൽ മത്സരിക്കാത്തവരുടെ പേരുകൾ യൂണിവേഴ്സിറ്റി യൂണിയൻ ഭാരവാഹികൾ എഴുതിചേർക്കു ന്നതായ പരാതികൾ വ്യാപകമായ സാഹചര്യത്തിലാണ് വിസി ഗ്രേസ് മാർക്ക്‌ പട്ടിക അംഗീകരിക്കാൻ വിസമ്മതിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *