1/6/23
തിരുവനന്തപുരം :വനിതാ ജീവനക്കാരിയെ അപമാനിച്ചതിന്റെ പേരിൽ അന്വേഷണം നേരിടുന്ന ഉദ്യോഗസ്ഥനെ ജോയിൻറ് രജിസ്ട്രാറാ യി ഉദ്യോഗകയറ്റം നൽകാൻ കേരള വിസി ഡോ:മോഹനൻ കുന്നുമ്മൽ വിസമ്മതിച്ചതിനെ തുടർന്ന് കേരള സർവകലാശാലയിലെ വിവിധ തസ്തികകളിൽ ഇന്നുമുതൽ ലഭിക്കേണ്ടിയിരുന്ന മുപ്പതോളം പേരുടെ ഉദ്യോഗകയറ്റം തടസ്സപ്പെട്ടു.
കേരള യൂണിവേഴ്സിറ്റിയിലെ ഡെപ്യൂട്ടി രജിസ്റ്റർ ഡി.എസ്സ്. സന്തോഷ് കുമാറിനെതിരെ അന്വേഷണം നടത്താൻ സിൻഡിക്കേറ്റ് ഉപ സമിതിയെ നിയോഗിച്ചിരുന്നുവെങ്കിലും അന്വേഷണം നടത്താൻ സമിതി തയ്യാറായില്ല. അക്കാര്യം മറച്ചുവെച്ചാണ് രജിസ്ട്രാർ ഈ ഉദ്യോഗസ്ഥന് ഉദ്യോഗകയറ്റം നൽകാനുള്ള ശുപാർശ വിസി യുടെ അംഗീകാരത്തിന് നൽകിയത്.
പ്രസവം കഴിഞ്ഞ് എട്ടാ മത്തെ ദിവസം ഒരു വനിതാ ജീവനക്കാരിയെ നിർബന്ധിച്ച് ഓഫീസിൽ വിളിച്ചു വരുത്തി അപമാനിച്ചതിന് അന്വേഷണം നേരിടുന്ന ഒരാളിന് ഉദ്യോഗകയറ്റം നൽകുന്നത് തെറ്റായ സന്ദേശം നൽകുമെന്ന ഉറച്ച നിലപാടിലാണ് വിസി.
പ്രാഥമിക അന്വേഷണത്തിൽ കുറ്റക്കാരനാണെന്ന്കണ്ടെത്തിതിനെ തുടർന്ന് ഇയാളെ സ്ഥലം മാറ്റിയ ശേഷമാണ് വിശദമായ അന്വേഷണത്തിന് ഉപ സമിതിയെ നിയോഗിച്ചത്.
സിൻഡിക്കേറ്റ് തന്നെ ഇത്തരം കാര്യങ്ങൾ തീരുമാനിക്കട്ടെ എന്ന പക്ഷത്താണ് വിസി. അടുത്തയാഴ്ച സിൻഡിക്കേറ്റ് കൂടി തീരുമാനമെടുക്കുന്നത് വരെ സർവ്വകലാശാല ജീവനക്കാരുടെ എല്ലാ പ്രൊമോഷനുകളും വൈകും. അന്വേഷണം നേരിടുന്ന ഉദ്യോഗസ്ഥനെ മാറ്റിനിർത്തി മറ്റുള്ളവരുടെ പ്രമോഷനുകൾ വിസി ക്ക് അംഗീകരിക്കാവുന്നതാണെന്നാണ് ജീവനക്കാരുടെ നിലപാട്.