9/8/23
തിരുവനന്തപുരം :പുതുപ്പള്ളി തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ നിയമസഭ സമ്മേളനം വെട്ടിച്ചുരുക്കി.സഭ നാളെ അവസാനിച്ച് സെപ്‌തംബര്‍ 11നായിരിക്കും വീണ്ടും ചേരുക. നാലുദിവസം ചേര്‍ന്ന് പതിനാലിന് അവസാനിക്കും. ഇന്ന് ചേര്‍ന്ന നിയമസഭാ കാര്യോപദേശക സമിതി യോഗത്തിലാണ് തീരുമാനം.
ഈ മാസം 24വരെയായിരുന്നു നേരത്തെ സഭാസമ്മേളനം തീരുമാനിച്ചിരുന്നത്. സെപ്‌തംബര്‍ അഞ്ചിനാണ് പുതുപ്പള്ളിയില്‍ വോട്ടെടുപ്പ് നടക്കുന്നത്. 24 കഴിഞ്ഞാല്‍ ഓണാവധിയാണ്. സമ്മേളനം തുടര്‍ന്നാല്‍ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ എം എല്‍ എമാര്‍ക്കും മന്ത്രിമാര്‍ക്കും പങ്കെടുക്കുന്നതിന് തടസമാകും. ഈ സാഹചര്യത്തിലാണ് സഭാസമ്മേളനം വെട്ടിച്ചുരുക്കാൻ സര്‍ക്കാരും പ്രതിപക്ഷവും ധാരണയായത്.
അതേസമയം, പുതുപ്പള്ളി മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് മാറ്റിവയ്‌ക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് കോണ്‍ഗ്രസ്. മണാര്‍കാട് പള്ളി പെരുന്നാളിന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആള്‍ക്കാര്‍ വരുമെന്നും, ഈ തിരക്ക് പരിഗണിച്ച് തിരഞ്ഞെടുപ്പ് മാറ്റിവയ്‌ക്കണമെന്നാണ് കോണ്‍ഗ്രസിന്റെ അപേക്ഷ. ഇത് സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മിഷനും ജില്ലാ കളക്ടര്‍ക്കും പാര്‍ട്ടി അപേക്ഷ നല്‍കി.
സെപ്തംബര്‍ ഒന്നുമുതല്‍ എട്ട് വരെ മണര്‍ക്കാട് ജനങ്ങളെക്കൊണ്ട് നിറയും. ഗതാഗതക്കുരുക്കും ഉണ്ടാകും. നാല് പോളിംഗ് ബൂത്തുകള്‍ സ്ഥിതി ചെയ്യുന്നത് മണര്‍ക്കാട് പള്ളിക്ക് സമീപമുള്ള സ്‌കൂളുകളിലാണ്. പെരുന്നാള്‍ ദിവസം തിരഞ്ഞെടുപ്പ് നടത്തുകയെന്നത് ഏറെ ശ്രമകരമായിരിക്കുമെന്നും അതിനാല്‍ തീയതി മാറ്റണമെന്നുമാണ് കോണ്‍ഗ്രസിന്റെ അപേക്ഷ.