കേരളീയത്തിന് സന്നദ്ധസേവനവുമായി 1,300 വോളണ്ടിയര്‍മാര്‍1 min read

 

തിരുവനന്തപുരം :പാലക്കാടുനിന്നു തിരുവനന്തപുരത്തേക്കുവരാന്‍ ജിജിത്തിന് ഒറ്റ കാരണമേ ഉണ്ടായിരുന്നുള്ളൂ. കേരളീയത്തിന്റെ ഭാഗമാകുക. സ്റ്റേജ് ഒരുക്കിയും കലാകാരന്മാര്‍ക്കു സഹായങ്ങള്‍ ചെയ്തും ഗ്രീന്‍ പ്രോട്ടോകോള്‍ പാലിച്ചും കേരളീയത്തെ മുന്നോട്ടു നയിക്കുന്ന വോളണ്ടിയര്‍മാരില്‍ ഒരാളാണ് ജിജിത്ത്.

തിരുവനന്തപുരത്തു നിന്നു മാത്രമല്ല, മറ്റു ജില്ലകളില്‍നിന്നും തികച്ചും സൗജന്യമായി സേവനനിരതരായി ആയിരത്തി മുന്നൂറോളം സന്നദ്ധ പ്രവര്‍ത്തകര്‍ കേരളീയത്തിന്റെ ഭാഗമായി സേവനം നടത്തുന്നുണ്ട്. വോളണ്ടിയര്‍ സേവനത്തിനായി രജിസ്റ്റര്‍ ചെയ്ത അയ്യായിരത്തോളം പേരില്‍ നിന്നാണ് ഇവരെ തെരഞ്ഞെടുത്തത്.

കവടിയാര്‍ മുതല്‍ കിഴക്കേകോട്ട വരെയുള്ള 42 വേദികളിലും വോളണ്ടിയര്‍മാരുടെ സാന്നിധ്യം ഉണ്ട്. വിവിധ സര്‍വീസ് സംഘടനകള്‍, എന്‍എസ്എസ്, സ്റ്റുഡന്‍സ് പോലിസ് കേഡറ്റുകള്‍, യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ് യൂണിയന്‍, ഡിടിപിസി, യൂത്ത് വെല്‍ഫെയര്‍ ബോര്‍ഡ്, കിറ്റ്സ്, സിവില്‍ ഡിഫന്‍സ്, സന്നദ്ധ സേന, എന്‍സിസി തുടങ്ങിയ സംഘടനകളില്‍ നിന്നാണ് വോളണ്ടിയര്‍മാരിലേറെയും.
ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങിയ വോളണ്ടിയര്‍ കമ്മിറ്റിയാണ് സന്നദ്ധ പ്രവര്‍ത്തകര്‍ക്കു വേണ്ട മാര്‍ഗനിര്‍ദേശങ്ങളും സഹായങ്ങളും നല്‍കുന്നത്. വോളണ്ടിയര്‍മാര്‍ക്ക് താമസ സൗകര്യം, ഭക്ഷണം, വേദിയില്‍നിന്നു യാത്രാസൗകര്യം എന്നിവ ഒരുക്കിയിട്ടുണ്ട്.

പ്രധാന വേദികളില്‍ ചുമതലക്കാരായി സര്‍വീസ് സംഘടനാ പ്രതിനിധികളെ നിയമിച്ചിട്ടുണ്ട്. വോളണ്ടിയര്‍ കമ്മിറ്റിയെ സഹായിക്കാനായി കേരള യൂത്ത് ലീഡര്‍ഷിപ്പ് അക്കാദമിയുടെ കീഴിലെ ‘ യങ് കേരള ഫെലോഷിപ്പ് പ്രോഗ്രാമില്‍’ 14 ജില്ലകളില്‍ നിന്നു തെരഞ്ഞെടുക്കപ്പെട്ട ഫെല്ലോകളും പ്രവര്‍ത്തിക്കുന്നുണ്ട്. 40 ശതമാനം വോളണ്ടിയര്‍മാര്‍ വനിതകളാണന്നതുംപ്രത്യേകതയാണ്.

Leave a Reply

Your email address will not be published. Required fields are marked *