തിരുവനന്തപുരം: കേരളത്തിന്റെ കാല്പന്തുകളിയിലെ രാജകുമാരന്‍ ഐ.എം വിജയൻ ഉള്‍പ്പെടെയുള്ള മുന്‍കാല ഫുട്‌ബോള്‍ ഹീറോസ് വീണ്ടും മത്സരത്തിനിറങ്ങുന്നു.
പ്രസ് ക്ലബ് സംഘടിപ്പിക്കുന്ന കിംസ് ഹെൽത്ത് ട്രോഫി ഫുട്‌ബോള്‍ ടൂർണമെൻ്റിനോട് അനുബന്ധിച്ചാണ് മുന്‍ ഇന്ത്യന്‍ താരങ്ങളും സന്തോഷ് ട്രോഫി താരങ്ങളും ഉള്‍പ്പെടുന്ന ടീമുകൾ തമ്മില്‍ ചന്ദ്രശേഖരന്‍നായര്‍ സ്റ്റേഡിയത്തില്‍ പോരാട്ടത്തിനിറങ്ങുന്നത്. ഇന്ന് വൈകുന്നേരം 4 ന് നടക്കുന്ന പ്രദര്‍ശന മത്സരത്തില്‍ മിന്നും താരങ്ങളായിരുന്ന ഐ.എം. വിജയന്‍, ജോപോൾ അഞ്ചേരി, യു. ഷറഫലി, ജിജു ജേക്കബ്, കുരികേശ് മാത്യു, മാത്യു വർഗീസ്, പി.പി. തോബിയാസ്, കെ.ടി. ചാക്കോ, ശ്രീഹർഷൻ, അലക്സ് എബ്രഹാം, അപ്പുക്കുട്ടന്‍, വി.പി. ഷാജി, എം. സുരേഷ്, ആസിഫ് സഹീര്‍, ജയകുമാർ, അബ്ദുൾ റഷീദ്, ഗണേഷ്, ഇഗ്നേഷ്യസ്, ജോബി, സുരേഷ് കുമാര്‍, എബിന്‍ റോസ് എന്നിവര്‍ കളിക്കളത്തിലിറങ്ങും. ഐ എം വിജയൻ ഇലവനും ജോപോൾ അഞ്ചേരി ഇലവനും തമ്മിലുള്ള മത്സരം കാല്പന്തുകളിയുടെ പോരാട്ടവീര്യം ഫുട്‌ബോള്‍ പ്രേമികള്‍ക്ക് സമ്മാനിക്കുമെന്ന് പ്രസ് ക്ലബ് പ്രസിഡൻ്റ് എം. രാധാകൃഷ്ണനും സെക്രട്ടറി കെ.എൻ.സാനുവും അറിയിച്ചു.
മാദ്ധ്യമപ്രവര്‍ത്തകര്‍ക്കായി നടത്തുന്ന കിംസ് ഹെൽത്ത് ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ സമാപന സമ്മേളനത്തിൽ മുൻ മന്ത്രിമാരായ എം. വിജയകുമാർ, എം.എം.ഹസൻ, മുൻ എം.പി പന്ന്യൻ രവീന്ദ്രൻ, കിംസ് ഹെൽത്ത് ചെയർമാൻ ഡോ. എം.ഐ.സഹദുള്ള, ഡി.ജി.പി ഷേക്ക് ദർവേഷ് സാഹിബ്, മുൻ ഡിജിപി ഋഷിരാജ് സിംഗ്, എ ഡി ജി പി യോഗേഷ് ഗുപ്ത, വിഴിഞ്ഞം സീപോർട്ട് സി. എം.ഡി ദിവ്യ എസ്.അയ്യർ, കിംസ് ഹെൽത്ത് സി ഇ ഒ രശ്മി ആയിഷ എന്നിവര്‍ പങ്കെടുക്കും