15/7/22
തിരുവനന്തപുരം :കേന്ദ്രമന്ത്രിയുടെ കഴക്കൂട്ടം സന്ദര്‍ശനം ദുരൂഹമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സാധാരണഗതിയില്‍ കേരളത്തില്‍ അധികംവന്നുകൊണ്ടിരുന്നു ആളല്ല എസ് ജയശങ്കര്‍. ഇപ്പോള്‍ കേരളത്തില്‍ വരികയും സംസ്ഥാനത്തിന്റെ ചില വികസനപദ്ധതികള്‍ കാണുകയും ചെയ്തു. വികസനപദ്ധതികള്‍ കാണുന്നത് നല്ലതാണ്. എന്നാല്‍ അതിന്റെ പിന്നില്‍ ഒരു ദുരുദ്ദേശമുണ്ടെന്നും കോടിയേരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.കേന്ദ്രസര്‍ക്കാര്‍ കേരളത്തില്‍ പ്രഖ്യാപിച്ച പദ്ധതികളൊന്നും നടപ്പാക്കുന്നില്ല. നേമം ടെര്‍മിനല്‍ നടപ്പാക്കാന്‍ കേന്ദ്രം തയ്യാറാകുന്നില്ല. കേരളത്തിന് അനുവദിച്ച പാലക്കാട് കോച്ച് ഫാക്ടറിയെക്കുറിച്ച് അനക്കമില്ല. കേന്ദ്ര റെയില്‍വേ വകുപ്പുതന്നെ കേരളത്തില്‍ പ്രഖ്യാപിച്ചതാണ് റെയില്‍വേ മെഡിക്കല്‍ കോളേജ്. അത് പറഞ്ഞത് തന്നെ ആര്‍ക്കും ഓര്‍മ്മയില്ലാതായി. ഇങ്ങനെയുള്ള നിരവധി വാഗ്ദാനങ്ങള്‍ നടപ്പാക്കാന്‍ തയ്യാറായിട്ടില്ല. റെയില്‍വേ പദ്ധതികളില്‍ തലശ്ശേരി – മൈസൂര്‍ റെയില്‍വേ, നഞ്ചങ്കോട് – നിലമ്പൂര്‍ റെയില്‍വേ എന്നിവ നടപ്പാക്കാമെന്നത് വെറും വാഗ്ദാനങ്ങളായി നില്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.