കൊല്ലം :കേരളത്തിന്റെ പ്രാർഥനകൾ സഫലമായി.21മണിക്കൂറിന്റ അനിശ്ചിതത്വതിനോടുവിൽ കേരളത്തിന്റെ പൊന്നോമന അബിഗേൽ സാറ തിരിച്ചെത്തി.കൊല്ലം ആശ്രമം മൈതാനത്ത് ഉപേക്ഷിച്ചനിലയിലാണ് കുഞ്ഞിനെ കാനെത്തിയത്.
കുട്ടിയെ സിറ്റി പൊലീസ് കമ്മിഷണര്‍ ആസ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്. കുഞ്ഞിനെ മൈതാനത്ത് ഉപേക്ഷിച്ച ശേഷം പ്രതികള്‍ രക്ഷപ്പെട്ടുവെന്നാണ് വിവരം. ഇവര്‍ക്കു വേണ്ടിയുള്ള തെരച്ചില്‍ പൊലീസ് തുടരുകയാണ്. അബിഗേലിനെ കോടതിയില്‍ ഹാജരാക്കിയതിന് ശേഷം മാതാപിതാക്കള്‍ക്ക് കൈമാറും.
അജ്ഞാതര്‍ തട്ടികൊണ്ടു പോയി 20 മണിക്കൂറുകള്‍ പിന്നിടുമ്ബോഴാണ് കുട്ടിയെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തുന്നത്. ഇന്നലെ വൈകിട്ട് നാലരയ്ക്കാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. സഹോദരനൊപ്പം ട്യൂഷന് പോവുകയായിരുന്ന ആറു വയസുകാരി അബിഗേലിനെ സ്ത്രീ ഉള്‍പ്പെട്ട അജ്ഞാത സംഘം തട്ടികൊണ്ടുപോയത്. അബിഗേലിന്റെ സഹോദരൻ ജോനാഥനെയും മുഖംമൂടി സംഘം കാറില്‍ കയറ്റാൻ ശ്രമിച്ചെങ്കിലും കുട്ടി കുതറി രക്ഷപ്പെട്ടു. രാത്രി 7.45ന് അഞ്ച് ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് അമ്മയുടെ ഫോണിലേക്ക് സ്ത്രീയുടെ ഫോണ്‍ കോളെത്തി. പാരിപ്പള്ളി കുളമടയിലെ കടയിലെത്തി ഉടമയായ ഗിരിജയുടെ ഫോണ്‍ വാങ്ങി വിളിക്കുകയായിരുന്നു. ഓട്ടോയിലാണ് സ്ത്രീയും പുരുഷനും എത്തിയതെന്ന് അവര്‍ പറഞ്ഞു. കടയില്‍ നിന്ന് ബിസ്ക്കറ്റും റസ്കും തേങ്ങയും വാങ്ങിയാണ് മടങ്ങിയത്.അതിന് ശേഷം പത്ത് ലക്ഷം രൂപ ആവശ്യപ്പെട്ട് രണ്ടാമതും അമ്മയുടെ ഫോണിലേക്ക് സ്ത്രീയുടെ വിളിവന്നു. കുഞ്ഞ് ഞങ്ങളുടെ കൈയില്‍ സുരക്ഷിതയാണെന്ന് അറിയിച്ചു. ഇപ്പോള്‍ പണം തന്നാല്‍ കുട്ടിയെ തിരികെ നല്‍കുമോയെന്ന് ചോദിച്ചപ്പോള്‍ രാവിലെ പത്ത് മണിക്ക് നല്‍കാനാണ് ബോസിന്റെ നിര്‍ദ്ദേശമെന്നായിരുന്നു മറുപടി. രാവിലെ 10ന് പത്തുലക്ഷം അറേഞ്ച് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഫോണ്‍ കട്ടായി.
പൂയപ്പള്ളി കാറ്റാടിമുക്കിന് സമീപം ഓട്ടുമല റെജി ഭവനില്‍ റെജി ജോണിന്റെയും സിജിയുടെയും ഇളയ മകളാണ് അബിഗേല്‍. പത്തനംതിട്ട മുത്തൂറ്റ് ആശുപത്രിയിലെ ഡയാലിസിസ് ഇൻചാര്‍ജ്ജാണ് റെജി. സിജി കൊട്ടിയം കിംസിലെ നഴ്സും.
വ്യാജ നമ്ബര്‍ വച്ച വെള്ള ഹോണ്ട കാറിലെത്തിയാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. സ്കൂള്‍ വിട്ട ശേഷം ഒന്നാം ക്ലാസുകാരി അബിഗേലും മൂന്നാം ക്ലാസുകാരൻ ജോനാഥനും നൂറ് മീറ്ററപ്പുറമുള്ള ട്യൂഷൻ വീട്ടിലേക്ക് പോവുകയായിരുന്നു. ഇതിനിടെ പിന്നില്‍ നിന്നെത്തിയ കാര്‍ കുട്ടികള്‍ക്ക് അരികില്‍ നിറുത്തി. കാറില്‍ നിന്നിറങ്ങിയ ഒരാള്‍ അമ്മയ്ക്ക് കൊടുക്കെന്ന് പറഞ്ഞ്ഒരു പേപ്പര്‍ അബിഗേലിന് നേരെ നീട്ടിയ ശേഷം പെട്ടെന്ന് കാറിലേക്ക് വലിച്ച് കയറ്റി. ജോനാഥനെ പിടിച്ചപ്പോള്‍ കൈയിലുണ്ടായിരുന്ന കമ്ബ് ഉപയോഗിച്ച് അടിച്ച് രക്ഷപ്പെട്ടു. കാര്‍ അതിവേഗത്തില്‍ ഓടിച്ചുപോയി. ഓയൂര്‍പാരിപ്പള്ളി റൂട്ടിലേക്കാണ് കാര്‍ പോയത്. ജോനാഥൻ ഉറക്കെ കരഞ്ഞുകൊണ്ട് വീട്ടിലെത്തിയപ്പോഴാണ് വിവരം അറിയുന്നത്. വീട്ടില്‍ റെജിയുടെ മാതാവ് മാത്രമേ ഉണ്ടായിരുന്നുള്ളു. നാട്ടുകാര്‍ ഉടൻ പൊലീസില്‍ അറിയിച്ചു. പൊലീസ് സംസ്ഥാനത്തെയും തമിഴ്നാട്ടിലെയും എല്ലാ പൊലീസ് സ്റ്റേഷനുകള്‍ക്കും വിവരം കൈമാറി. നിരീക്ഷണ കാമറകള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നതിനിടയിലാണ് ആശ്വസകരമായ വാര്‍ത്ത എത്തിയത്.