16/2/23
പത്തനംതിട്ട :കോന്നി താലൂക്ക് ഓഫീസിലെ ഉദ്യോഗസ്ഥർ കൂട്ട അവധിയെടുത്ത് നടത്തിയ ഉല്ലാസയാത്രയിൽ ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടായെന്ന് കളക്ടർ ദിവ്യ എസ് അയ്യര്‍ റിപ്പോര്‍ട്ട് നല്‍കി. 63 പേരുള്ള ഓഫീസില്‍ കഴിഞ്ഞ വെള്ളിയാഴ്ച 25 പേര്‍ മാത്രമാണ് ജോലിക്കെത്തിയത്. അവധിയെടുത്തും അല്ലാതെയും ജോലിയില്‍ നിന്ന് വിട്ടുനിന്നവരില്‍ 19 പേര്‍ സ്റ്റാഫ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ മൂന്നാറിലേക്ക് പോയി. മറ്റുള്ളവര്‍ ഫീല്‍ഡ് ഡ്യൂട്ടിക്ക് പോയെന്നാണ് അറിയിച്ചത്. ജീവനക്കാര്‍ കൂട്ട അവധിയെടുത്തത് പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയെന്നും ഇത് സര്‍വീസ് ചട്ടങ്ങളുടെ ലംഘനമാണെന്നും കളക്ടറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്നലെ രാത്രിയാണ് കളക്ടര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
ഓഫീസിലെത്തിയ കെ യു ജനീഷ് കുമാര്‍ എംഎല്‍എ അറ്റന്‍ഡന്‍സ് റജിസ്റ്റര്‍ പരിശോധിച്ചതും എഡിഎമ്മിന്റെയും ഡപ്യൂട്ടി തഹസില്‍ദാരുടേയും പ്രതികരണങ്ങളും സിപിഎം-സിപിഐ പോരിന് കാരണമായി. അഞ്ച് ദിവസത്തിനുള്ളില്‍ നടപടിയുണ്ടാകുമെന്ന് വകുപ്പ് മന്ത്രി കെ രാജനും പ്രഖ്യാപിച്ചിരുന്നു. ക്വാറി ഉടമയുടെ സഹായത്തോടെയായിരുന്നു വിനോദയാത്രയെന്ന എംഎല്‍എയുടെ ആരോപണം ജീവനക്കാര്‍ നിഷേധിച്ചിരുന്നു. എംഎല്‍എയുടെ നേതൃത്വത്തില്‍ നടന്നത് നാടകമാണെന്ന ഡെപ്യൂട്ടി തഹസില്‍ദാരുടെ വാട്സാപ് പരാമര്‍ശവും എംഎല്‍എയെ ചൊടിപ്പിച്ചിരുന്നു.
സംഭവത്തില്‍ ജീവനക്കാരെ കളക്ടറേറ്റിലേക്ക് വിളിച്ച് വരുത്തിയാണു മൊഴിയെടുത്തത്. രേഖാമൂലം അവധിക്ക് അപേക്ഷ നല്‍കിയാണ് ജോലിയില്‍ നിന്ന് വിട്ടുനിന്നതെന്നും ഓഫീസിന്റെ പ്രവര്‍ത്തനം തടസമില്ലാത്ത രീതിയില്‍ പ്രവര്‍ത്തിക്കാന്‍ ആവശ്യമുള്ളവര്‍ അന്ന് ജോലിയില്‍ ഉണ്ടായിരുന്നുവെന്നുമാണ് ജീവനക്കാര്‍ മൊഴി നല്‍കിയിരുന്നത്.