മലയാള സിനിമയുടെ കാരണവരായകൊട്ടാരക്കര ശ്രീധരൻ നായർ എക്കാലത്തെയും അനശ്വര പ്രതിഭയാണ്. കൊട്ടാരക്കര കൊരട്ടിയോട് വീട്ടിൽ നാരായണപിള്ളയുടെയും ഉമ്മിണി അമ്മയുടെയും മകനായി 1922 സെപ്റ്റംബർ 11 ന് ജനിച്ചു. 10-ാം വയസിൽ മുൻഷി പരമു പിള്ളയുടെ “പ്രസന്ന ” എന്ന നാടകത്തിലുടെ അരങ്ങിലെത്തി. പിന്നീട് “ജയശ്രീ കലാന്ദിരം ” എന്ന പേരിൽ നാടക കമ്പനി തുടങ്ങി.
“വേലുതമ്പിദളവ ” ആദ്യമായി അരങ്ങിലെത്തിച്ചത് ഈ നാടക കമ്പനിയാണ്.1950-ൽ “പ്രസന്ന ” എന്ന നാടകം സിനിമയാക്കിയപ്പോൾ ശ്രീധരൻ നായർ സിനിമയിലെത്തി. വില്ലനായിട്ടിരുന്നു തുടക്കമെങ്കിലും പിന്നീട് നായകനായി വേഷമിട്ടു. “വേലുതമ്പിദളവ “, “മാർത്താണ്ഡവർമ്മ ” ,”പഴശ്ശിരാജ “, “കുഞ്ഞാലി മരയ്ക്കാർ ” തുടങ്ങിയ ചരിത്ര പുരുഷന്മാരെ സിനിമയിൽ അനശ്വരമാക്കിയ നടൻ .ഇന്ത്യയിലെ ആദ്യത്തെ ത്രീഡി ചിത്രമായ “മൈഡിയർ കുട്ടിച്ചാത്തനിലെ ” വില്ലനായ മന്ത്രവാദിയുടെ വേഷം, “ചെമ്മീൻ ” എന്ന സിനിമയിലെ “ചെമ്പൻകുഞ്ഞ് “എന്ന കഥാപാത്രം മതി ഈ പ്രതിഭയുടെ അഭിനയ മികവിനെ വാഴ്ത്താൻ .1960 ൽ രണ്ടാമത്തെ നടൻ,1970-ൽ മികച്ച നടനുള്ള കേരള സർക്കാർ അവാർഡ് ലഭിച്ചു.1986 ഒക്ടോബർ 19 ന് അന്തരിച്ചു.