11/5/23
തിരുവനന്തപുരം: സംസ്ഥാനത്തെ ഡോക്ടര്‍മാരുടെ സുരക്ഷയ്ക്കൊപ്പം പോലീസുകാരുടെ സുരക്ഷ കൂടി പരിഗണിക്കണമെന്ന ആവശ്യവുമായി കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ആര്‍.പ്രശാന്ത്. രാത്രികാല പട്രോളിങ് സമയത്തുള്‍പ്പെടെ പോലീസുകാര്‍ക്ക് ആകസ്മിക ആക്രമണങ്ങളെ നേരിടാന്‍ വേണ്ട ആയുധങ്ങളും മറ്റു സുരക്ഷാ സംവിധാനങ്ങളും ഉറപ്പുവരുത്തണമെന്ന് ഫെയ്സ്ബുക് കുറിപ്പിലൂടെ അദ്ദേഹം ആവശ്യപ്പെട്ടു.
മാത്രമല്ല ആശുപത്രിയോട് ചേര്‍ന്നുള്ള എയ്ഡ് പോസ്റ്റുകളുടെ എണ്ണം കൂട്ടാനും അവര്‍ക്ക് തോക്ക് ഉള്‍പ്പെടെയുള്ള സുരക്ഷാ സാമഗ്രികള്‍ ലഭ്യമാക്കണമെന്നും പ്രശാന്ത് ആവശ്യപ്പെട്ടു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പോലീസുകാര്‍ ചികിത്സയ്ക്കെത്തിച്ച ആളുടെ കുത്തേറ്റ് വനിതാ ഡോക്ടര്‍ മരിച്ച സംഭവത്തിന് പിന്നാലെയാണ് പോലീസുകാര്‍ക്ക് തോക്ക് ഉള്‍പ്പെടെ ലഭ്യമാക്കണമെന്ന് കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷന്‍ ആവശ്യപ്പെടുന്നത്. പ്രതിയുടെ ആക്രമണത്തില്‍ പോലീസുകാര്‍ക്കും പരിക്കേറ്റിരുന്നു.
ഫെയ്സ്ബുക് കുറിപ്പ്:
ആശുപത്രികളുടെ സുരക്ഷ, നമ്മുടേതും
പ്രിയ സഹോദരി ഡോ. വന്ദന ദാസിന്റെ ആത്മാവിന് നിത്യശാന്തി നേര്‍ന്ന് പൊലീസ് സമൂഹവും മകളെ നഷ്ടമായ ആ മാതാപിതാക്കള്‍ക്കൊപ്പമാണ്. നികത്താന്‍ കഴിയാത്ത വിയോഗമാണ് കുടുംബത്തിനുണ്ടായിരിക്കുന്നത്. രാവിലെ മുതല്‍ തിരുവനന്തപുരം കിംസ് ആശുപത്രിയിലും മെഡിക്കല്‍കോളേജ് ആശുപത്രിയിലുമൊക്കെ കണ്ടത് കരളലിയിക്കുന്ന കാഴ്ചകളാണ്.
ജീവന്റെ കാവലാളായി കാണേണ്ട ഡോക്ടറെ ആശുപത്രിയില്‍ സര്‍ജിക്കല്‍ ഉപകരണം ഉപയോഗിച്ച്, യാതൊരു പ്രകോപനവുമില്ലാതെ മൃഗീയമായി കൊലപ്പെടുത്തിയ സംഭവം കേരള മനസാക്ഷിയെ എക്കാലവും മുറിപ്പെടുത്തുന്ന ഒരു കണ്ണീരോര്‍മയാണ്. വര്‍ഷങ്ങളുടെ പഠന തപസ്യക്ക് ശേഷമാണ് ഒരു ഡോക്ടറെ സമൂഹ സേവനത്തിനായി ലഭിക്കുന്നത്.
നമ്മുടെ ജീവന് സുരക്ഷിതത്വം നല്‍കുന്ന ആശുപത്രികള്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും സുരക്ഷ ഒരുക്കേണ്ടതിന് മതിയായ പ്രാധാന്യം നല്‍കിയേ മതിയാകൂ. അത് മുന്‍ നിര്‍ത്തി കേരളത്തില്‍ നിയമ നിര്‍മാണങ്ങളുണ്ടായിട്ടുണ്ടെങ്കിലും, ഇന്ന് കൊട്ടാരക്കര താലുക്ക് ആശുപത്രിയില്‍ ഡോക്ടര്‍ വന്ദന ദാസിന് സംഭവിച്ച ദുരന്തം, ആശുപത്രികളുടെ സുരക്ഷയെ സംബന്ധിച്ച് പുതിയ ചര്‍ച്ചകള്‍ക്ക് വഴി തുറന്നിട്ടിരിക്കുകയാണ്. അതോടൊപ്പം അഞ്ച് പോലീസ് ഉദ്യോഗസ്ഥരും ക്രൂരമായ ആക്രമണത്തിന് ഇരയായി. നാടിന് കാവലാളായി പ്രവര്‍ത്തിയെടിക്കുന്ന പോലീസ് ഉദ്യോഗസ്ഥരുടെ ജീവനും സംരക്ഷിക്കപ്പെടേണ്ടതുണ്ട്.
രാത്രികാല പട്രോളിങ് സമയത്ത് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഇത്തരം ആകസ്മിക ആക്രമണങ്ങളെ നേരിടാന്‍ വേണ്ട ആയുധങ്ങളും, മറ്റ് സുരക്ഷാ സംവിധാനങ്ങളും ഉറപ്പ് വരുത്തേണ്ടതുണ്ട്. ആശുപത്രിയോട് ചേര്‍ന്നുള്ള എയ്ഡ്‌പോസ്റ്റുകളിലെ പൊലീസ് ഉദ്യോഗസ്ഥരുടെ എണ്ണം കൂട്ടാനും അവര്‍ക്ക് തോക്കടക്കമുള്ള സുരക്ഷാ സാമഗ്രികള്‍ ലഭ്യമാക്കാനും എയഡ് പോസ്റ്റുകളില്‍ ആശുപത്രികളിലെ പ്രധാന സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ ലഭ്യമാക്കാനുമുള്ള നടപടികള്‍ സ്വീകരിക്കാവുന്നതാണ്. വരും നാളുകളില്‍ ഇത് സംബന്ധിച്ച ക്രിയാത്മകമായ നടപടികള്‍ ഉണ്ടാകുമെന്ന് പ്രത്യാശിക്കുന്നു.
കുടുംബത്തിന്റെ തീരാ ദുഖത്തില്‍ പങ്കുചേരുന്നു. പ്രിയപ്പെട്ട ഡോക്ടര്‍ വന്ദനക്ക് ആദരാഞ്ജലികള്‍