ഓണക്കാലത്ത് റെക്കോർഡ് കളക്ഷൻ എന്നിട്ടും ശമ്പളം തഥൈവ…1 min read

തിരുവനന്തപുരം: ഓണക്കാലത്ത് പത്തുദിവസം 70.97 കോടിയുടെ മെച്ചപ്പെട്ട കളക്ഷൻ കിട്ടിയെങ്കിലും കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പള വിതരണം വൈകും.

തൊഴിലാളി സംഘടനകളുമായി ഉണ്ടാക്കിയ കരാര്‍ പ്രകാരം ഇന്നലെയായിരുന്നു നല്‍കേണ്ടിയിരുന്നത്. ആദ്യ ഗഡുപോലും വിതരണം ചെയ്തിട്ടില്ല.

കളക്ഷൻ തുക പതിവു ചെലവുകള്‍ക്കായി മാറ്റിവച്ചതോടെ ശമ്പളത്തിന് മിച്ചമില്ലാതായി. 10 കോടി ഓവര്‍ഡ്രാഫ്ട് എടുക്കേണ്ടി വന്നേക്കും. പ്രതിസന്ധി മുന്നില്‍കണ്ട് ഓണാവധിക്കു മുൻപ്  ആഗസ്റ്റ് 26ന് 80 കോടിയുടെ സഹായം അഭ്യര്‍ത്ഥിച്ച്‌ ധനവകുപ്പിന് കത്ത് നല്‍കിയെങ്കിലും ഇതുവരെ അനുവദിച്ചിട്ടില്ല.

ആഗസ്റ്റ് 26 മുതല്‍ സെപ്തംബര്‍ 4 വരെയാണ് 70.97 കോടിയുടെ കളക്ഷൻ ലഭിച്ചത്. ഇതില്‍ആറ് ദിവസം 7 കോടി കടന്നു. ഓണാവധിക്ക് ശേഷമുള്ള ആദ്യ പ്രവൃത്തി ദിനമായ കഴിഞ്ഞ 4ന് 8.79 കോടിയുടെ റെക്കാഡ് കളക്ഷനായിരുന്നു. ജനുവരി 16ന് ശബരിമല സീസണില്‍ ലഭിച്ച 8.48 കോടിയാണ് ഇതിനു മുൻപത്തെ  പ്രതിദിന റെക്കാ‌‌ഡ് വരുമാനം.

ജൂലായിലെ കുടിശ്ശിക ശമ്പളം  ആഗസ്റ്റ് 23നാണ് നല്‍കിയത്. തൊഴില്‍ നികുതി, ഡയസ്‌നോണ്‍ എന്നിവ കുറയ്‌ക്കേണ്ടിവന്നതിനാല്‍ 76 കോടിയാണ് വേണ്ടിവന്നത്. സര്‍ക്കാര്‍ നല്‍കിയ 70 കോടിയാണ് ഇതിനായി പ്രധാനമായും ആശ്രയിച്ചത്. ഉത്സവബത്തയായി താത്കാലിക ജീവനക്കാര്‍, ബദലി ജീവനക്കാര്‍ എന്നിവര്‍ക്ക് 1000 രൂപാവീതവും, സ്ഥിരം ജീവനക്കാര്‍ക്ക് 2750 രൂപയും 24ന് നല്‍കിയിരുന്നു. ബസ് വാങ്ങാനുള്ള ഫണ്ടില്‍ നിന്നാണ് സ്ഥിര ജീവനക്കാര്‍ക്ക് 7500 രൂപ ശമ്പള  അഡ്വാൻസ് നല്‍കിയത്.

‘മാനേജ്‌മെന്റും ജീവനക്കാരും ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചതിന്റെ ഫലമായാണ് റെക്കാഡ് വരുമാനം ലഭിച്ചത്. കൂടുതല്‍ ബസുകള്‍ ഇറക്കി 9 കോടി പ്രതിദിന വരുമാനമാണ് ലക്ഷ്യം.’ -ബിജു പ്രഭാകര്‍ സി.എം.‌ഡി, കെ.എസ്.ആര്‍.ടി.സി

ഓണക്കാല കളക്ഷൻ

(കോടിയില്‍)

ആഗസ്റ്റ് 26……………. 7.88

27…………………………..7.58

28…………………………..6.79

29…………………………..4.39

30…………………………. 6.40

31…………………………..7.11

സെപ്തംബര്‍ 1………… 7.79

രണ്ട്……………………….7.29

മൂന്ന്………………………6.92

നാല്………………………8.79

Leave a Reply

Your email address will not be published. Required fields are marked *