13/7/23
ചാലക്കുടി :ശമ്പളം കിട്ടാത്തതിനാല്‍ കൂലി പണിക്ക് പോകാൻ അവധി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.ആര്.ടി.സി ജീവനക്കാരൻ നല്കിയ അപേക്ഷ വൈറലാകുന്നു.
ചാലക്കുടി കെ.എസ്.ആര്.ടി.സി ഡിപ്പോയിലെ ഗ്രേഡ്-1 ഡ്രൈവറാണ് ചുരുങ്ങിയ വാക്കുകളില്‍ ജീവിതദുരിതം വരച്ചുകാട്ടുന്ന അവധി അപേക്ഷ നല്‍കിയത്.
‘സര്, സാലറി വരാത്തതിനാല്‍ ഡ്യൂട്ടിക്ക് വരാൻ വണ്ടിയില്‍ പെട്രോളില്ല. പെട്രോള്‍ നിറക്കാൻ കൈയില്‍ പണവുമില്ല. ആയതിനാല്‍ വട്ടച്ചെലവിനുള്ള പണത്തിനായി ഈ വരുന്ന 13, 14, 15 തീയതികളില്‍ തൂമ്പപ്പണിക്ക് പോകുകയാണ്. അതിന് വേണ്ടി മേല്പറഞ്ഞ ദിവസങ്ങളില്‍ അവധി അനുവദിച്ച് തരണമെന്ന് അപേക്ഷിക്കുന്നു’ -എന്നാണ് അപേക്ഷയിലുള്ളത്.
11നാണ് അപേക്ഷ അയച്ചത്. 13 മുതല്‍ മൂന്ന് ദിവസത്തെ തീയതിക്കൊപ്പം ബുധൻ, വ്യാഴം, വെള്ളി എന്നീ ദിവസങ്ങളാണ് കാണിച്ചിട്ടുള്ളത്. 13 വ്യാഴമാണ്. ഈ ജീവനക്കാരൻ ബുധനാഴ്ച ഡ്യൂട്ടിക്ക് ഹാജരായിട്ടുണ്ട്. വാട്സ്ആപ് വഴിയാണ് മേലുദ്യോഗസ്ഥന് അപേക്ഷ അയച്ചത്. അപേക്ഷ ചോര്‍ന്നതോടെ വൈറലാവുകയും വിവാദത്തിന് ഇടയാക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം, വാട്സ്ആപ് വഴിയുള്ള അപേക്ഷ അംഗീകരിക്കാൻ കഴിയാത്തതിനാല്‍ അവധി അനുവദിച്ചിട്ടില്ലെന്ന് ചാലക്കുടി കെ.എസ്.ആര്.ടി.സി ഡിപ്പോ അധികൃതര്‍ പറഞ്ഞു.