കെഎസ്ആർടിസി ജീവനക്കാർക്ക് ഓണവും പട്ടിണിയിൽ – കെഎസ്സ്റ്റി എംപ്ലോയീസ് സംഘ്1 min read

 

തിരുവനന്തപുരം :കെഎസ്ആർടിസി ജീവനക്കാർക്ക് ഓണവും പട്ടിണിയിലെന്ന്കെഎസ്സ്റ്റി എംപ്ലോയീസ് സംഘ്.ചെയ്ത ജോലിയുടെ മാസശമ്പളം പോലും കൃത്യമായി ജീവനക്കാർക്ക് നൽകാത്ത കെഎസ്സ്ആർടിസി-യിൽ കഴിഞ്ഞ മാസത്തെ ശമ്പളത്തിനൊപ്പം ഓണാനുകൂല്യങ്ങളും നിഷേധിച്ചതിനെതിരെ കെഎസ്സ്റ്റി എംപ്ലോയീസ് സംഘ് (ബിഎംഎസ്) നേതൃത്വത്തിൽ സെക്രട്ടറിയേറ്റിലേക്ക് മാർച്ചും ധർണ്ണയും നടത്തി. കെഎസ്ആർടിസി യുടെ ചീഫ് ഓഫീസിൽ നിന്നും ആരംഭിച്ച പ്രതിഷേധ മാർച്ച് സെക്രട്ടറിയേറ്റ് നടയിൽ സംസ്ഥാന ജനറൽ സെക്രട്ടറി എസ്സ്. അജയകുമാർ ഉദ്ഘാടനം ചെയ്തു. ഓണസദ്യ വിളമ്പേണ്ട വാഴയിലയിൽ പട്ടിണിമൂലം ആത്മഹത്യ ചെയ്യുന്ന ജീവനക്കാരന്റെ മൃതശരീരം ഏറ്റുവാങ്ങേണ്ട ഗതികേടിലാണ് കെഎസ്ആർടിസി ജീവനക്കാരുടെ കുടുംബാംഗങ്ങളെന്ന് അദ്ദേഹം പറഞ്ഞു. പ്രതിമാസം 250 കോടിയോളം രൂപ വരുമാനം ഉണ്ടായിട്ടും മാസശമ്പളം മുടക്കിയും ഗഡുക്കളാക്കിയും ജീവനക്കാരെ പട്ടിണിക്കിട്ട് പരുവപ്പെടുത്തുന്ന നയമാണ് ഇടത് സർക്കാരിന്റേതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സംസ്ഥാന സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും ഓണാനുകൂല്യങ്ങൾ പ്രഖ്യാപിച്ചപ്പോഴും കെഎസ്ആർടിസി ജീവനക്കാരെ സംസ്ഥാന സർക്കാർ മന:പ്പൂർവം ഒഴിവാക്കി. ഈ മാസം മുതൽ ശമ്പളം ഒറ്റഗഡുവായി നൽകുമെന്ന വകുപ്പ് മന്ത്രിയുടെ പ്രഖ്യാപനവും പാഴ് വാക്കായി. ജീവനക്കാരെ മന:പൂർവ്വം പണിമുടക്കിലേക്ക് തള്ളിവിടാനുള്ള ശ്രമമാണ് സംസ്ഥാനസർക്കാരും കെഎസ്സ്ആർടിസി മാനേജ്മെൻ്റും ചേർന്ന് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം നോർത്ത് ജില്ലാ പ്രസിഡൻ്റ് വി.ആർ.ആദർശ് അദ്ധ്യക്ഷത വഹിച്ച ധർണ്ണയിൽ ഡെപ്യൂട്ടി ജനറൽ സെക്രട്ടറി പ്രദീപ് വി നായർ, ട്രഷറർ ആർ.എൽ.ബിജുകുമാർ, വൈസ് പ്രസിഡൻ്റുമാരായ ജി.എസ്സ്.ഗോപകല, സുരേഷ്കുമാർ സെക്രട്ടറിമാരായ എസ്സ്.വി.ഷാജി, എൻ.എസ്സ്.രണജിത്ത് തിരുവനന്തപുരം ജില്ലാ ഭാരവാഹികളായ പത്മകുമാർ, ഡി.ബിജു, വി.ആർ.അജിത്ത്, കവിരാജ്, സുരേഷ്, ജീവൻ സി നായർ, ശരത് തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *