തിരുവനന്തപുരം :പി എഫ് അക്കൗണ്ടിൽ ലയിപ്പിച്ചിരുന്ന ഡിഎ കുടിശ്ശിക കൂടിച്ചേർത്ത് ഫൈനാൻസ് ഓഫീസർ തെറ്റായി അനുവദിച്ച പി എഫ് വായ്പ കൈപ്പറ്റിയതിന്റെ പേരിൽ സാങ്കേതിക സർവകലാശാല സെക്ഷൻ ഓഫീസർ
ആർ. പ്രവീണിനെ ഇന്നലെ ചേർന്ന യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് സസ്പെൻഡ് ചെയ്തു.ജീവനക്കാരുടെ സംഘടനാ നേതാവാണ് പ്രവീൺ. സംഘടനാ വൈരാഗ്യമാണ്
പൊടുന്നനെയുള്ള സസ്പെന്ഷന് ആധാ രമെന്ന് ആക്ഷേപമുണ്ട്
അധികമായി അനുവദിച്ച പിഎഫ് വായ്പ പിഴപലിശ ചേർത്ത് തിരിച്ചടയ്ക്കണമെന്ന് യൂണിവേഴ്സിറ്റി അധികൃതർ ആവശ്യപ്പെട്ടിരുന്നു. തന്റെ ഭാഗത്തുള്ള വീഴ്ച അല്ലെങ്കിൽ പോലും അധിക വായ്പ തുക പിഴ സഹിതം അടച്ചശേഷമാണ് സംഘടനാ നേതാവിനെ സസ്പെൻഡ് ചെയ്തത്.
യൂണിവേഴ്സിറ്റി പി എഫ് അക്കൗണ്ട് ക്രെഡിറ്റ് കാർഡ് നൽകിയിട്ടില്ലാത്തതിനാൽ എല്ലാ ജീവനക്കാരും അർഹതയുള്ള പരമാവധി തുക വായ്പയായി അനുവദിക്കണമെന്ന് മാത്രമാണ് അപേക്ഷയിൽ ആവശ്യപ്പെടാറുള്ളത്. ഫൈനാൻസ് ഓഫീസർ അപേക്ഷ പരിശോധിച്ച് അർഹതയുള്ള തുക വായ്പയായി അനുവദിക്കുകയാണ് ചെയ്യുന്നത്.
2021 ലായിരുന്നു തെറ്റായ രീതിയിൽ
പി എഫ് വായ്പ അനുവദിച്ചതെന്നും അധിക തുക മടക്കി നൽകിയതും.. എന്നാൽ പൊടുന്നനെ കഴിഞ്ഞ ദിവസം ചേർന്ന സിൻ ഡിക്കേറ്റ് യോഗം, സിണ്ടിക്കേറ്റ് അംഗം ഡോ: സഞ്ജീവ് നൽകിയ ഒരു റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പ്രവീണിനെ സസ്‌പെൻഡ് ചെയ്യാനും മേജർ ശിക്ഷനടപടി കൈക്കൊള്ളാനും തീരുമാനിക്കുകയായിരുന്നു.
അനധികൃതമായി ഓൺലൈൻ മീറ്റിങ്ങുകളിൽ ഉൾപ്പടെ യാത്രപ്പടി വാങ്ങിയതായി ആരോപണ വിധേയനായ ആളാണ് റിപ്പോർട്ട് നൽകിയ സിൻഡിക്കേറ്റ് അംഗം.
യൂണിവേഴ്സിറ്റിയുടെ വീഴ്ച മൂലം കൂടുതൽ തുക വായ്പയായി അനുവദിക്കുകയും ആവശ്യപ്പെട്ട പ്രകാരം അധിക തുക തിരിച്ചടയ്ക്കുകയും ചെയ്ത ജീവനക്കാരനെ സസ്പെൻഡ് ചെയ്തത് സംഘടനാ വൈരാഗ്യത്തിന്റെ ഭാഗമായാണെന്നും സസ്പെൻഷൻ നടപടി അടിയന്തരമായി പിൻവലിക്കണമെന്നുംg ആവശ്യപ്പെട്ട് കെ ടി യു സ്റ്റാഫ് ഓർഗനൈസേഷൻ വൈസ് ചാൻസർക്ക് നിവേദനം നൽകി.
സസ്പെൻഷൻ അന്യായം – എഫ് യു ഇ ഒ
സാങ്കേതിക സർവകലാശാലയിലെ കോൺഗ്രസ് അനുകൂല സംഘടനാ നേതാവ്
ആർ പ്രവീണിനെ സസ്പെൻഡ് ചെയ്ത സിൻഡിക്കേറ്റ് നടപടി അടിയന്തരമായി പിൻവലിക്കണമെന്ന് ഫെഡറേഷൻ ഓഫ് കേരള യൂണിവേഴ്സിറ്റി എംപ്ലോയീസ് ഓർഗനൈസേഷൻസ് ആവശ്യപ്പെട്ടു. സാങ്കേതിക സർവകലാശാലയിൽ മുൻ എം.പി ഉൾപ്പെടെയുള്ള സിൻഡിക്കേറ്റ് അംഗങ്ങൾ കൈപ്പറ്റിയ യാത്രാപ്പടിയുടെയും ഭീമമായ അഭിഭാഷക ഫീസിന്റെയും വിവരങ്ങൾ പുറത്തു വന്നതിന്റെ സ്രോതസ് സർവകലാശാലയിലെ പ്രതിപക്ഷ സംഘടനാ നേതാക്കൾ ആണെന്ന് തെറ്റിദ്ധരിച്ചാണ് സിൻഡിക്കേറ്റ് ഈ നടപടി സ്വീകരിച്ചിരിക്കുന്നത്. രാഷ്ട്രീയ വൈരാഗ്യത്തോടെ സിൻഡിക്കേറ്റ് നടത്തുന്ന ഇത്തരം പ്രതികാരനടപടികൾക്ക് വൈസ് ചാൻസലർ കൂട്ടുനിൽക്കരുതെന്നും എഫ് യു ഇ ഒ ആവശ്യപ്പെട്ടു. പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ടിൽ നിന്നുമുള്ള വായ്പാ അപേക്ഷയിന്മേൽ തെറ്റായി തുക അനുവദിച്ച ഉദ്യോഗസ്ഥർ ആണ് സംഭവത്തിലെ യഥാർത്ഥ ഉത്തരവാദികൾ. എന്നാൽ അപേക്ഷകനെ ശിക്ഷിക്കുന്ന നടപടി വിചിത്രമാണ്.
സസ്പെൻഷൻ അടിയന്തിരമായി പിൻവലിച്ചില്ലെങ്കിൽ ഗവർണറെ സമീപിക്കുമെന്നും ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും എഫ് യു ഇ ഒ പ്രസിഡന്റ് ഒ റ്റി പ്രകാശ്, ജനറൽ സെക്രട്ടറി എൻ മഹേഷ് ട്രഷറർ ജയൻ ചാലിൽ എന്നിവർ പ്രസ്താവനയിൽ അറിയിച്ചു.