തിരുവനന്തപുരം :സാങ്കേതിക സർവ്വകലാശാലയിൽ വിസി യായി ഡോ: സിസാ തോമസിനെ നിയമിച്ചത് ചോദ്യം ചെയ്ത് സർക്കാർ ഫയൽ ചെയ്ത ഹർജ്ജിയിൽ അന്ന് നിലനിന്ന സാഹചര്യത്തിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചതെന്ന് ജസ്റ്റിസ് മുഹമ്മദ് മുസ്താഖ്, ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
സർക്കാർ നൽകുന്ന പാനലിൽ നിന്നും താൽക്കാലിക വിസി യെ നിയമിക്കാനാണ് ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടിരുന്നത്.
എന്നാൽ കണ്ണൂർ സർവ്വകലാശാല വി സി യായിരുന്ന ഡോ: ഗോപിനാഥ് രവീന്ദൻറെ പുനർ നിയമനം ചോദ്യം ചെയ്ത് സുപ്രീം കോടതിയിൽ ഫയൽ ചെയ്ത അപ്പീലിൽ വിസി നിയമനത്തിൽ സർക്കാർ ഇടപെടൽ പാടില്ലെന്ന സുപ്രീം കോടതി ഉത്തരവ് ചൂണ്ടിക്കാട്ടി ഡിവിഷൻ ബെഞ്ചിന്റെ വ്യക്തത തേടി ഗവർണർ നൽകിയ
അപേക്ഷയിലാണ് ഡിവിഷൻ ബെഞ്ച് നിലപാട് വ്യക്തമാക്കിയത്.
കെ.ടിയു വിന്റെ ചുമതല വഹിച്ചിരുന്ന ഡിജിറ്റൽ സർവകലാശാല വൈസ് ചാൻസലർ ഡോ: സജി ഗോപിനാഥ് കാലാവധി പൂർത്തിയാക്കിയതിനെ തുടർന്ന് സാങ്കേതിക സർവകലാശാല വിസി യുടെ ചുമതല നൽകുന്നതിന് സജി ഗോപിനാഥ് ഉൾപ്പെടെ മൂന്നുപേരുടെ പാനൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് ഗവർണർക്ക് സമർപ്പിച്ചതിനെ തുടർന്നാണ് ഗവർണർ ഡിവിഷൻ ബെഞ്ചിന്റെ വിശദീകരണം തേടിയത്.
സുപ്രീംകോടതി വിധിയനുസരിച്ച് ഗവർണർക്ക് യുക്തമായ തീരുമാനമെടുക്കാനാവുമെന്ന് ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു.