ഡോ. സിസ തോമസിന് തിരിച്ചടി ;കാരണം കാണിക്കൽ നോട്ടീസിനെതിരെയുള്ള ഹർജി തള്ളി1 min read

30/3/23

തിരുവനന്തപുരം: സിസ തോമസിന് തിരിച്ചടി,ചട്ടം ലംഘിച്ചതിന് സര്‍ക്കാര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതിനെതിരെ ഡോ. സിസ തോമസ് നല്‍കിയ ഹര്‍ജി തള്ളി.

കാരണം കാണിക്കല്‍ നോട്ടീസ് റദ്ദാക്കാനാവില്ലെന്ന് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ വ്യക്തമാക്കി. സര്‍ക്കാരിന് തുടര്‍ നടപടി സ്വീകരിക്കാമെന്നും എന്നാല്‍ നടപടിയെടുക്കും മുന്‍പ് സിസ തോമസിന്റെ ഭാഗം കേള്‍ക്കണമെന്നും ട്രൈബ്യൂണല്‍ അറിയിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയില്ലാതെ കെടിയു വിസിയുടെ താത്കാലിക ചുമതല ഏറ്റെടുത്തതുമായി ബന്ധപ്പെട്ടാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥയെന്ന നിലയില്‍ ചട്ടലംഘനം നടത്തിയതില്‍ വിശദീകരണം ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെ സിസ നല്‍കിയ ഹര്‍ജിയില്‍ ഒരാഴ്ചക്കകം മറുപടി നല്‍കണമെന്ന് മാര്‍ച്ച്‌ 16ന് ട്രെെബ്യൂണല്‍ നിര്‍ദ്ദേശിച്ചിരുന്നു. ഹര്‍ജിയില്‍ സര്‍ക്കാര്‍ മറുപടി ഫയല്‍ ചെയ്യണമെന്നും കേസ് വീണ്ടും പരിഗണിക്കും വരെ നടപടികള്‍ സ്വീകരിക്കരുതെന്നും അന്ന് നിര്‍ദ്ദേശിച്ചിരുന്നു. തുടര്‍ന്ന് ഇന്ന് കേസ് പരിഗണിച്ചപ്പോഴാണ് സിസയുടെ ഹര്‍ജി തള്ളിയത്.

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ സീനിയര്‍ ജോയിന്റ് ഡയറക്ടറായിരിക്കെ നവംബറിലാണ് സിസ തോമസിനെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇടക്കാല കെടിയു വിസിയായി നിയമിച്ചത്. ഈ ചുമതലയില്‍ നിന്നും സര്‍വീസില്‍ നിന്നും സിസ തോമസ് നാളെ വിരമിക്കും.

Leave a Reply

Your email address will not be published. Required fields are marked *