27/2/23
തിരുവനന്തപുരം :സാങ്കേതിക സർവകലാശാലയുടെ സിൻഡിക്കേറ്റ്, ഗവേണിംഗ് ബോർഡ് തുടങ്ങിയ സമിതികൾ കൈക്കൊണ്ട ചട്ടവിരുദ്ധ തീരുമാനങ്ങൾ തടഞ്ഞു കൊണ്ട് ഗവർണർ ഉത്തരവിട്ടു.
വൈസ് ചാൻസലറുടെ നടപടികൾ നിയന്ത്രിക്കുവാൻ സിൻഡിക്കേറ്റ് പ്രത്യേക ഉപസമിതിയെ നിയോഗിച്ചതും, ജീവനക്കാരെ വിസി സ്ഥലം മാറ്റിയത് പുന: പരിശോധിക്കാൻ പ്രത്യേക മറ്റൊരു സമിതി രൂപീകരിച്ചതും, ഗവർണർക്ക് വിസി അയക്കുന്ന കത്തുകൾ സിൻഡിക്കേറ്റ് അംഗീകാരത്തിന് റിപ്പോർട്ട് ചെയ്യണമെന്ന തീരുമാനവുമാണ് ഗവർണർ തടഞ്ഞത്.
വിസി യുടെ എതിർപ്പോടെ കൈക്കൊണ്ട തീരുമാനങ്ങൾ സർവകലാശാല ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി വിസി ഡോ: സിസാ തോമസ് ഗവർണറെ രേഖമൂലം അറിയിച്ചതിനെ തുടർന്നാണ് പ്രസ്തുത ചട്ട വിരുദ്ധ തീരുമാനങ്ങൾ നടപ്പാക്കുന്നത് തടഞ്ഞുകൊണ്ട് ഗവർണർ ഉത്തരവിട്ടത്.
ഡിഗ്രി സർട്ടിഫിക്കറ്റുകൾ തയ്യാറാക്കുന്നതിലും വിതരണത്തിലും ക്രമക്കേ ടുകൾ നടക്കുന്നതായും ഉത്തരക്കടലാസുകൾ ചട്ടവിരുദ്ധമായി പുനർ മൂല്യനിർണ്ണയം നടത്തി മാർക്കുകളിൽ വ്യത്യാസം വരുത്തുന്നതുമായ ആരോപണത്തെ തുടർന്ന് ഡിഗ്രി സർട്ടിഫിക്കറ്റുകൾ കൈകാര്യം ചെയ്യുന്ന അക്കാഡമിക് ഡയറക്ടറെ മാറ്റിയതാ ണ് സിൻഡിക്കേറ്റിനെ ചൊടിപ്പിച്ചത്.
യൂണിവേഴ്സിറ്റി നിയമത്തിലെ പത്താംവകുപ്പ് പ്രകാരം സർവ്വകലാശാലയുടെ വിവിധ സമിതികൾ കൈകൊള്ളുന്ന ചട്ടവിരുദ്ധമായ ഏതു തീരുമാനവും സസ്പെൻഡ് ചെയ്യുവാനോ മാറ്റം വരുത്തുവാനോവുള്ള അ ധികാരം ചാൻസലർ കൂടിയായ ഗവർണറിൽ നിക്ഷിപ്തമാണ്.
സിസാ തോമസിന്റെ നിയമനം ശരി വയ്ക്കുകയും, വിസി യായി തുടരുന്നത് ഹൈ ക്കോടതി തടഞ്ഞിട്ടില്ലാത്തതും കൊണ്ട് വിസി യായി സിസാ യ്ക്ക് തുടരാമെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ ഗവർണർ സിസയെ തുടരാൻ അനുവദിക്കുകയായിരുന്നു. സർക്കാർ,വിസി നിയമനത്തിന് മൂന്ന് അംഗ പാനൽ നൽകാൻ കോടതി നിർദ്ദേശിച്ചുവെങ്കിലും വിസി നിയമനം നടത്താനുള്ള ഗവർണറുടെ അധികാരത്തിൽ കോടതി ഇടപെട്ടില്ല. സർക്കാർ നൽകിയ പാനലിലുള്ളവരും ഈ അക്കാദമിക് വർഷം സർവീസിൽ നിന്നും വിരമിക്കുന്നവരാ യതുകൊണ്ട് വിസി മാരെ അടിക്കടി മാറ്റുന്നതിനോട്
ഗവർണർക്ക് വിയോജിപ്പാണെ ന്നറിയുന്നു.
വിസി യുമായി നിരന്തരം ഇടഞ്ഞിരുന്ന എക്സ് എം. പി, പി.കെ.ബിജു ഉൾപ്പടെ ആറു പേരുടെ സിൻ ഡിക്കേറ്റ് അംഗത്വം ഓർഡിനൻസ് അസാധുവായതിനെ തുടർന്ന് നഷ്ടപെട്ടു.ഇവരുടെ അംഗത്വം സംബന്ധിച്ച് വിസി, ഗവർണറോടും സർക്കാറിനോടും വ്യക്തത തേടിയിരിക്കുകയാണ്.