കൊച്ചി :സാങ്കേതിക സർവകലാശാലയിൽ,വൈസ് ചാൻസിലർ സിണ്ടി ക്കേറ്റ് യോഗം പിരിച്ചുവിട്ടശേഷം അംഗങ്ങൾ യോഗംചേർന്ന് കൈകൊണ്ട തീരുമാനങ്ങൾ റദ്ദാക്കിയ വിസി ഡോ:കെ ശിവപ്രസാദിന്റെ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഫയൽ ചെയ്ത അപ്പീൽ ജസ്റ്റിസ് അമിത്ത് റാവൽ അധ്യക്ഷനായ ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് തള്ളി.ഹർജ്ജി ഫയലിൽ സ്വീകരിച്ച സിംഗിൾ ബെഞ്ച്, വിസി യുടെ ഉത്തരവ് തടയാൻ വിസമ്മതിച്ചതുകൊണ്ടായിരുന്നു അപ്പീൽ ഫയൽ ചെയ്തത്.
വി സി യേയും രജിസ്ട്രാറേയും എതിർകക്ഷികളാ ക്കിയാണ് അനൗദ്യോഗിക സിൻഡിക്കേറ്റ് യോഗത്തിൽ അധ്യക്ഷം വഹിച്ച ഡോ:വിനോദ് കുമാർ ജേക്കബ് ഹർജി ഫയൽ ചെയ്തത്.
യൂണിവേഴ്സിറ്റി സ്റ്റാൻഡിങ് കൗൺസലിനോട് വിസി ക്ക് വേണ്ടി ഹാജരാകുന്നത് ഒഴിവാകാൻ നിർദ്ദേശിച്ച വിസി, അദ്ദേഹത്തിനുവേണ്ടി സ്റ്റാൻഡിങ് കൗൺസലിന് പകരം പ്രത്യേക കൗൺസിലിനെ നിയോഗിക്കുകയായിരുന്നു.സാധാരണ വിസി ക്കും യൂണിവേഴ്സിറ്റിക്കും വേണ്ടി സ്റ്റാൻഡിങ് കൗൺസലാണ് ഹൈക്കോടതിയിൽ ഹാജരാവുന്നത്.