24/4/23
ഡൽഹി : എസ്‌എന്‍സി ലാവ്‌ലിന്‍ കേസ് ഇന്ന് വീണ്ടും സുപ്രീംകോടതി പരിഗണിക്കും.ഇരുപത്തിയൊന്നാം കേസായി ലിസ്‌റ്റ് ചെയ്‌തിരിക്കുന്ന കേസ് മുപ്പത്തിമൂന്നാമത്തെ തവണയാണ് കോടതി പരിഗണിക്കുന്നത്.ആറ് മാസത്തെ ഇടവേളയ്‌ക്ക് ശേഷമാണിത്.
2017 മുതല്‍ 25 തവണ മാറ്റിവച്ച കേസ് ജസ്റ്റിസുമാരായ എം.ആര്‍.ഷാ, മലയാളിയായ സി.ടി.രവികുമാര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് പരിഗണിക്കുന്നത്. ബെഞ്ചിന് നേതൃത്വം നല്‍കുന്ന ജസ്റ്റിസ് എം.ആര്‍.ഷാ മേയ് 15ന് വിരമിക്കും. ഈ സാഹചര്യത്തില്‍ അന്തിമവാദത്തിലേക്ക് കടന്നേക്കില്ലെന്നാണ് സൂചന.
പനിബാധിതനാണെന്നും കേസ് പരിഗണിക്കുന്നത് മാറ്റണമെന്നും ആവശ്യപ്പെട്ട് ഊര്‍ജ്ജ വകുപ്പ് മുന്‍ ജോയിന്റ് സെക്രട്ടറി എ.ഫ്രാന്‍സിസിന്റെ അഭിഭാഷകനും കത്ത് നല്‍കിയിട്ടുണ്ട്. സി.ബി.ഐയുടെ സൗകര്യക്കുറവ് കാരണം പലതവണ വാദം കേള്‍ക്കല്‍ മാറ്റിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ ഊര്‍ജ്ജ സെക്രട്ടറി കെ.മോഹനചന്ദ്രന്‍, മുന്‍ ജോയിന്റ് സെക്രട്ടറി എ.ഫ്രാന്‍സിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി നടപടിക്കെതിരെ സി.ബി.ഐ സമര്‍പ്പിച്ച അപ്പീലാണ് സുപ്രീംകോടതിക്ക് മുന്നിലുള്ളത്.
2018 ജനുവരി 11ന് കേസില്‍ സുപ്രീംകോടതി നോട്ടീസയച്ചു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 32 തവണ കേസ് മാറ്റിവച്ചു. കേസില്‍ കക്ഷിയായ ടി.പി നന്ദകുമാറിന്റെ അഭിഭാഷക എം.കെ അശ്വതി ഇത് ചൂണ്ടിക്കാട്ടിയിരുന്നു. തുടര്‍ന്ന് ഇനി മാറ്റരുതെന്ന് കോടതി നിര്‍ദ്ദേശിച്ചെങ്കിലും പിന്നീടും കേസ് മാറ്റിവയ്‌ക്കപ്പെട്ടു.
മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സര്‍ക്കാരിനും ഏറെ നിര്‍ണായകമായേക്കാവുന്ന കേസെന്നൊരു പ്രത്യേകത കൂടിയുള്ള ലാവ്‌ലിൻ കേസ് കേരളവും ഉറ്റു നോക്കുകയാണ്.