ദുരിതശ്വാസ ഫണ്ട്‌ ദുർവിനിയോഗം ;മുഖ്യമന്ത്രിക്ക് ആശ്വാസം, ഹൈക്കോടതിയെ സമീപിക്കുമെന്ന് പരാതിക്കാരൻ ആർ. എസ്. ശശികുമാർ1 min read

31/3/23

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് വകമാറ്റിയ കേസില്‍ ലോകായുക്തയുടെ വിധിയില്‍ പ്രതികരിച്ച്‌ പരാതിക്കാരനായ ആര്‍ എസ് ശശികുമാര്‍.

നിയമപോരാട്ടം തുടരും. മൂന്നംഗ ബെഞ്ച് സമയബന്ധിതമായി കേസ് പരിഗണിച്ചില്ലെങ്കില്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് ശശികുമാര്‍ വ്യക്തമാക്കി.

ലോകായുക്തയുടെ പ്രവര്‍ത്തനത്തില്‍ ജനങ്ങള്‍ക്ക് വിശ്വാസമില്ലാതായിരിക്കുന്നു. കേസ് അനന്തമായി നീട്ടിക്കൊണ്ടു പോകാന്‍ പാടില്ല. ലാവ്‌ലിന്‍ കേസ് നീട്ടിക്കൊണ്ടുപോകുന്നതുപോലെ ഇതും നീട്ടിക്കൊണ്ടുപോകാനാണ് ശ്രമം. ജഡ്‌‌ജിമാരെ ചില രാഷ്ട്രീയക്കാര്‍ സമ്മര്‍ദ്ദത്തിലാക്കുന്നുണ്ട്. സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ലോകായുക്തയ്ക്ക് മേല്‍ സമ്മര്‍ദ്ദം ഉണ്ടായി. തനിക്ക് നീതി ലഭിക്കണം. നീതി തേടി വേണ്ടിവന്നാല്‍ സുപ്രീം കോടതി വരെ പോകും.

ധാര്‍മികത അല്‍പ്പമെങ്കിലും ബാക്കിയുണ്ടെങ്കില്‍ മുഖ്യമന്ത്രിയ്ക്ക് പദവിയില്‍ തുടരാന്‍ അര്‍ഹതയില്ല. ലോകായുക്തയിലെ ഒരംഗം ഹര്‍ജി ശരി വച്ചു. അതിനര്‍ത്ഥം മുഖ്യമന്ത്രിയും എതിര്‍പക്ഷത്തുള്ള 18 മന്ത്രിമാരും കുറ്റക്കാരാണെന്ന് തന്നെയാണ്. തന്റെ പരാതി ന്യായവും നിലനില്‍ക്കുന്നതുമാണെന്നാണ് ഇതില്‍ നിന്ന് മനസിലാക്കേണ്ടത്. രണ്ടാമത്തെയാള്‍ എന്തുകൊണ്ടാണ് എതിര്‍ത്തതെന്ന് മനസിലാകുന്നില്ല. ലോകായുക്ത ഇത്രയും കാലം വിധി പറയാതിരുന്നത് ഭിന്നവിധിയായതിനാലായിരിക്കാം. ഹൈക്കോടതിയുടെ നിര്‍ദേശം വന്നതിനാല്‍ വിധി പറയാന്‍ ലോകായുക്ത ബാധ്യസ്ഥരായി. സര്‍ക്കാരിന് എതിരായി ഒരു വിധിയുണ്ടെന്നത് വ്യക്തമാണ്.

അതുകൊണ്ടുതന്നെ ഇവിടെ അഴിമതി നടക്കുന്നു, ഇത് സ്വജനപക്ഷപാതമാണ് എന്ന് തെളിഞ്ഞിരിക്കുകയാണ്. ഇത് ഗൗരവമുള്ളതാണ്. ഏതെങ്കിലും ജഡ്‌ജി ഇത് തെറ്റാണെന്ന് ചൂണ്ടിക്കാട്ടിയാല്‍ ശരിയാണെന്ന് തെളിയിക്കുന്നതുവരെ സ്ഥാനത്തുനിന്ന് മാറിനില്‍ക്കാന്‍ തയ്യാറാകണം. സാങ്കേതികമായിട്ട് മുഖ്യമന്ത്രിയായിട്ട് തുടരാം. മന്ത്രിമാര്‍ക്കും തുടരാം. കോടതിയില്‍ വാദം വന്നപ്പോള്‍ രണ്ട് ‌ജഡ്‌ജിമാരും അനുകൂലിച്ചവരാണ്. രണ്ട് പേരും എന്റെ ഹര്‍ജിക്ക് അനുകൂലമായി പരാമര്‍ശം നടത്തിയവരാണ്. ഇപ്പോള്‍ എന്ത് അടിസ്ഥാനത്തിലാണ് മറിച്ചൊരു വിധി പറയാന്‍ തയ്യാറായത് എന്ന് പരിശോധിക്കണമെന്നും ആര്‍ എസ് ശശികുമാര്‍ വ്യക്തമാക്കി.

കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന് താല്‍ക്കാലിക ആശ്വാസം ലഭിച്ചിരിക്കുകയാണ്. കേസിലെ വിധി സംബന്ധിച്ച്‌ ലോകായുക്ത ജസ്റ്റിസ് സിറിയക്ക് ജോസഫ്, ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദ് എന്നിവര്‍ക്കിടയില്‍ ഭിന്നത ഉണ്ടായതോട‌െ കേസ് ഫുള്‍ ബെഞ്ചിന് വിട്ടു. ന്യായാധിപരില്‍ ഒരാള്‍ പരാതിയെ അനുകൂലിച്ചും മറ്റൊരാള്‍ എതിര്‍ത്തും വിധിയെഴുതി. കേസ് നിലനില്‍ക്കുമോ എന്ന കാര്യത്തിലും ഈ വിഷയം ലോകായുക്തയ്ക്ക് പരിശോധിക്കാമോ എന്ന കാര്യത്തിലുമായിരുന്നു ഭിന്നത. ഇതോടെ അന്തിമ വിധിക്കായി പരാതി ലോകായുക്തയുടെ ഫുള്‍ ബെഞ്ചിന് വിടുകയായിരുന്നു. മൂന്നംഗ ബെഞ്ച് വീണ്ടും വിശമായ വാദം കേട്ട ശേഷമാകും വിധി പറയുക. ഇതിനുള്ള തീയതിയും പിന്നീട് പ്രഖ്യാപിക്കും.

മുഖ്യമന്ത്രി പിണറായി വിജയനും ഒന്നാം പിണറായി സര്‍ക്കാരിലെ 16 മന്ത്രിമാര്‍ക്കും അന്നത്തെ ചീഫ് സെക്രട്ടറിക്കുമെതിരായ കേസില്‍ കഴിഞ്ഞവര്‍ഷം മാര്‍ച്ച്‌ 18ന് വാദം പൂര്‍ത്തിയായിട്ടും വിധി പറയാത്തതിനാല്‍ കേസിലെ ഹര്‍ജിക്കാരനായ കേരള സര്‍വകലാശാല മുന്‍ സിന്‍ഡിക്കേറ്റ് അംഗം ആര്‍.എസ് ശശികുമാര്‍ കേരള ഹൈക്കോടതിയുടെ നിര്‍ദ്ദേശമനുസരിച്ച്‌ ലോകായുക്തയെ സമീപിക്കുകയായിരുന്നു. തുടര്‍ന്നാണ് നടപടികള്‍ വേഗത്തിലാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *