ലൈഫ് പദ്ധതിയിലൂടെ പൂർത്തിയായ വീടുകളുടെ ഉദ്ഘാടനം മുഖ്യമന്ത്രി നാളെ നിർവഹിക്കും1 min read

7/4/23

തിരുവനന്തപുരം :ലൈഫ് മിഷൻ പദ്ധതിയിൽ പൂർത്തിയായ 4വീടുകളുടെ ഉദ്ഘാടനം നാളെ നിർവഹിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ലൈഫ് മിഷൻ പദ്ധതിയിലൂടെ എല്ലാപേർക്കും വീട് എന്നതാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി FB പോസ്റ്റിൽ അറിയിച്ചു.

 

മുഖ്യമന്ത്രിയുടെ FB പോസ്റ്റ്‌ 

‘കേരളത്തിൽ എല്ലാവർക്കും വീടെന്ന ലക്ഷ്യം പൂർത്തീകരിക്കുന്നതിനായി ആരംഭിച്ച ലൈഫ് മിഷൻ പദ്ധതി അടുത്ത ഘട്ടം പിന്നിടുകയാണ്.
ലൈഫ് മിഷന്‍ മുഖേന കണ്ണൂരിലെ കടമ്പൂർ, കോട്ടയത്തെ വിജയപുരം, ഇടുക്കിയിലെ കരിമണ്ണൂർ, കൊല്ലത്തെ പുനലൂർ എന്നിവിടങ്ങളിലെ നിര്‍മ്മാണം പൂര്‍ത്തീകരിച്ച നാല് ഭവനസമുച്ചയങ്ങളുടെ ഉദ്ഘാടനം നാളെ (ഏപ്രിൽ 8ന്) രാവിലെ 10.30ന് നിർവ്വഹിക്കും. കണ്ണൂരിലെ കടമ്പൂരിൽ വെച്ചാണ് ഉദ്ഘാടന പരിപാടി. നാലു ഭവന സമുച്ചയങ്ങളിലായി 174 കുടുംബങ്ങളെയാണ് പുനരധിവസിപ്പിക്കുന്നത്.

ഭിന്നശേഷിക്കാര്‍ക്കും, മറ്റ് ശാരീരികമായ അവശത ഉള്ളവര്‍ക്കുമായി താഴത്തെ നിലയില്‍ 2 ഭവനങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ട്. ഓരോ യൂണിറ്റിലും ഒരു ഹാള്‍, രണ്ടു കിടപ്പ് മുറികൾ, ഒരു അടുക്കള, ഒരു കക്കൂസ്, ഒരു കുളിമുറി, ഒരു ബാല്‍ക്കണി എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിന് പുറമേ പൊതുവായി ഒരു ഇടനാഴി, ഗോവണി, അഗ്നിശമന സംവിധാനങ്ങള്‍, വൈദ്യുതി, കുടിവെള്ളത്തിനായി കുഴല്‍ കിണര്‍, കുടിവെള്ള സംഭരണി, സോളാര്‍ ലൈറ്റ് സംവിധാനം ഖരമാലിന്യ സംസ്കരണ യൂണിറ്റ്, ചുറ്റുമതില്‍, മഴവെള്ള സംഭരണി, ജനറേറ്റര്‍, ട്രാന്‍സ്ഫോര്‍മര്‍ എന്നിവയും സ്ഥാപിച്ചിട്ടുണ്ട്.

ലൈഫ് മിഷൻ മുഖേന സംസ്ഥാനത്താകെ 29 ഭവന സമുച്ചയങ്ങളുടെ നിർമ്മാണമാണ് നിലവിൽ നടക്കുന്നത്. പദ്ധതിയുടെ ഭാഗമായി ഇതുവരെ 3,39,822 ഗുണഭോക്താക്കള്‍ക്ക് വീടുകൾ ലഭ്യമായി. 2022-23 സാമ്പത്തിക വര്‍ഷം 1,06,000 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിക്കുവാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്. ഇതില്‍ 2022 ഏപ്രില്‍ മുതല്‍ നാളിതുവരെ അരലക്ഷത്തിലധികം (54,430) വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചു. 60,160 വീടുകളുടെ നിര്‍മ്മാണം വിവിധഘട്ടങ്ങളില്‍ പുരോഗമിക്കുന്നു.

ജനങ്ങൾക്കു നൽകിയ വാഗ്ദാനങ്ങൾ പാലിച്ച് ഈ സർക്കാർ മുന്നോട്ടു പോകും എന്നതിന്റെ തെളിവാണ് ഈ ഭവനസമുച്ചയങ്ങൾ. ഭവനരഹിതരില്ലാത്ത കേരളം എന്ന സ്വപ്നസാക്ഷാൽക്കാരത്തിനായി ഏവർക്കും ഒരുമിച്ചു നിൽക്കാം. നവകേരളം പടുത്തുയർത്താം.’

Leave a Reply

Your email address will not be published. Required fields are marked *