തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് : വോട്ടർപട്ടിക ജൂൺ 21 വരെ പുതുക്കാം1 min read

 

തിരുവനന്തപുരം :ജില്ലയിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന എട്ട് തദ്ദേശ സ്വയംഭരണ വാർഡുകളിലുൾപ്പെടെ, മുഴുവൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെയും വാർഡ് അടിസ്ഥാനത്തിലുള്ള വോട്ടർപട്ടികയുടെ സംക്ഷിപ്ത പുതുക്കൽ പ്രക്രിയയുടെ ഭാഗമായി ജൂൺ 21 വരെ പേര് ചേർക്കാം. ഇതുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർ ജെറോമിക് ജോർജിന്റെ അധ്യക്ഷതയിൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം ചേർന്നു.

വോട്ടർ പട്ടികയുടെ കരട് ജൂൺ ആറിന് പ്രസിദ്ധീകരിച്ചു. 01.01.2024ലോ അതിന് മുൻപോ 18 വയസ് പൂർത്തിയായവർക്ക് വോട്ടർ പട്ടികയിൽ പേര് ചേർക്കാവുന്നതാണ്. കരട് പട്ടിക സംബന്ധിച്ച അപേക്ഷകളും ആക്ഷേപങ്ങളും ഓൺലൈനായി സമർപ്പിക്കാമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. പേര് ചേർക്കുന്നതിനും തിരുത്തുന്നതിനും വാർഡിൽ നിന്നോ പോളിങ് സ്‌റ്റേഷനിൽ നിന്നോ സ്ഥാനമാറ്റം വരുത്തുന്നതിനും www.sec.kerala.gov.in സൈറ്റിൽ അപേക്ഷകൻ ലോഗിൻ ചെയ്ത് അപേക്ഷ സമർപ്പിക്കണം. അക്ഷയ സെന്റർ തുടങ്ങിയ സർക്കാർ അധികൃത ജനസേവനകേന്ദ്രങ്ങൾ മുഖേനയും അപേക്ഷ സമർപ്പിക്കാവുന്നതാണ്. അന്തിമ വോട്ടർപട്ടിക ജൂലൈ ഒന്നിന് പ്രസിദ്ധീകരിക്കും.

തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലെ വെള്ളനാട് (ജനറൽ), ആറ്റിങ്ങൽ മുനിസിപ്പാലിറ്റിയിലെ ചെറുവള്ളിമുക്ക് (സ്ത്രീ സംവരണം), തോട്ടവാരം (സ്ത്രീ സംവരണം), പെരിങ്ങമല ഗ്രാമപഞ്ചായത്തിലെ കരിമൻകോട് (ജനറൽ), മടത്തറ (പട്ടികജാതി സംവരണം), കൊല്ലായിൽ (ജനറൽ), കരവാരം ഗ്രാമപഞ്ചായത്തിലെ പട്ടള (സ്ത്രീ സംവരണം), ചാത്തമ്പാറ (പട്ടികജാതി സ്ത്രീ സംവരണം) എന്നീ വാർഡുകളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.

കളക്ടറുടെ ചേംബറിൽ ചേർന്ന യോഗത്തിൽ ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ ആർ.സുധീഷ്, തദ്ദേശസ്വയംഭരണവകുപ്പ് ജോയിന്റ് ഡയറക്ടർ ബിനുൻ വഹീദ്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *