പൊതുതിരഞ്ഞെടുപ്പ് : രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെ യോഗം ചേർന്നു, തിരുവനന്തപുരം ജില്ലയിൽ 73,330 പുതിയ വോട്ടർമാർ,28,598 യുവ വോട്ടർമാർ1 min read

 

തിരുവനന്തപുരം :പൊതുതിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനായി ജില്ലാ കളക്ടർ ജെറോമിക് ജോർജിന്റെ അധ്യക്ഷതയിൽ രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെ യോഗം ചേർന്നു. വോട്ടർപട്ടിക ശുദ്ധീകരണം, പോളിങ് സ്‌റ്റേഷൻ -റാഷണലൈസേഷൻ, പോളിങ് ഏജന്റുമാരുടെ നിയമനം എന്നിവയുൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ച ചെയ്തു.

2023 ജൂലൈ 21 മുതലുള്ള കണക്ക് പ്രകാരം ജില്ലയിൽ പുതിയതായി 73,330 പേരെ വോട്ടർപട്ടികയിൽ ഉൾപ്പെടുത്തിയതായി ജില്ലാ കളക്ടർ അറിയിച്ചു. വോട്ടർപട്ടികയുടെ ശുദ്ധീകരണ പ്രക്രിയയുടെ ഭാഗമായി 65,342 പേർ പട്ടികയിൽ നിന്നും ഒഴിവാക്കപ്പെട്ടു. മരണപ്പെട്ടവർ, ഇരട്ടിപ്പ്, താമസം മാറിപ്പോയവർ, ആബ്‌സന്റീസ് എന്നിവരെയാണ് പട്ടികയിൽ നിന്നും ഒഴിവാക്കിയത്. നിലവിൽ ജില്ലയിൽ ആകെ 27,82,800 വോട്ടർമാരാണുള്ളത്. അതിൽ 13,20,017 സ്ത്രീ വോട്ടർമാരും 14,62,691 പുരുഷ വോട്ടർമാരും 92 ട്രാൻസ്‌ജെൻഡർ വോട്ടർമാരുമുണ്ട്. 28,598 പേർ യുവ വോട്ടർമാരും 25,416 പേർ ഭിന്നശേഷി വോട്ടർമാരുമാണ്. 80 വയസിന് മുകളിൽ 78,032 വോട്ടർമാരാണുള്ളത്. വോട്ടർപട്ടികയിൽ ഇനിയും പേര് ചേർക്കാൻ അവസരമുണ്ടായിരിക്കുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ അറിയിച്ചു. തിരുവനന്തപുരം ജില്ലയിൽ 2,730 ബൂത്തുകളാണുള്ളത്.

ഇലക്ട്രോണിക് വോട്ടിങ് മെഷീൻ സ്വീകരണ-വിതരണ-കൗണ്ടിങ്, സ്‌ട്രോങ് റൂമുകളുടെ സജ്ജീകരണവും യോഗത്തിൽ ചർച്ച ചെയ്തു. എസ്.എൻ കോളേജ്-വർക്കല , ഗവ.ബോയ്‌സ് ഹയർസെക്കണ്ടറി സ്‌കൂൾ-ആറ്റിങ്ങൽ, ഗവൺമെന്റ് കോളേജ് ആറ്റിങ്ങൽ-ചിറയിൻകീഴ്, ശ്രീ നാരായണവിലാസം ഹയർസെക്കണ്ടറി സ്‌കൂൾ ആനാട് -വാമനപുരം, ലയോള സ്‌കൂൾ-കഴക്കൂട്ടം, പട്ടം സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്‌കൂൾ-വട്ടിയൂർക്കാവ്, മണക്കാട് ജി.എച്ച്.എസ്.എസ്-തിരുവനന്തപുരം, ഗവ.ഗേൾസ് ഹയർസെക്കണ്ടറി സ്‌കൂൾ കോട്ടൺഹിൽ-നേമം, ഗവ.ടെക്‌നിക്കൽ ഹൈസ്‌കൂൾ-അരുവിക്കര, ജി.വി.എച്ച്.എസ്.എസ് പാറശാല, ക്രിസ്ത്യൻ കോളേജ് -കാട്ടാക്കട, ഗവ.ഗേൾസ് ഹയർസെക്കണ്ടറി സ്‌കൂൾ, നെയ്യാറ്റിൻകര-കോവളം, ഗവ.ബോയ്‌സ് ഹയർസെക്കണ്ടറി സ്‌കൂൾ ,നെയ്യാറ്റിൻകര-നെയ്യാറ്റിൻകര എന്നിവിടങ്ങളാണ് ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളുടെ വിതരണ കേന്ദ്രങ്ങൾ. പോൾ ചെയ്ത വോട്ടിങ് മെഷീനുകൾ സൂക്ഷിക്കുന്നതും കൗണ്ടിങിനും നാലാഞ്ചിറ മാർ ഇവാനിയോസ് കോളേജിലാണ് സൗകര്യം ഒരുക്കിയിട്ടുള്ളത്.

ജില്ലാ കളക്ടറാണ് തിരുവനന്തപുരം മണ്ഡലത്തിന്റെ വരണാധികാരി. അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് സി.പ്രേംജിയാണ് ആറ്റിങ്ങൾ മണ്ഡലത്തിന്റെ വരണാധികാരി.

തിരഞ്ഞെടുപ്പ് ഘട്ടങ്ങളിലെ പരാതികളുൾപ്പെടെയുള്ള വിവിധ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായി കളക്ട്രേറ്റിൽ കൺട്രോൾ റൂമും കോൾ സെന്ററും തുറന്നിട്ടുണ്ട്. ബൂത്ത് ലെവൽ ഏജന്റുമാരെ നിയമിച്ചിട്ടില്ലാത്ത രാഷ്ട്രീയപാർട്ടികൾ നിയമന നടപടികൾ വേഗത്തിലാക്കണമെന്നും പ്രചാരണ പരിപാടികളിലുൾപ്പെടെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ പൂർണമായും ഹരിതചട്ടം പാലിക്കണമെന്നും ജില്ലാ കളക്ടർ പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രക്രിയയുടെ എല്ലാ ഘട്ടങ്ങളിലും രാഷ്ട്രീയ പാർട്ടികളുടെ സഹകരണം ആവശ്യമാണെന്നും അദ്ദേഹം അറിയിച്ചു.

കളക്ടറുടെ ചേംബറിൽ നടന്ന യോഗത്തിൽ വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, എ.ഡി.എം സി. പ്രേംജി, തിരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടർ സുധീഷ്.ആർ എന്നിവരും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *