5/4/23
തിരുവനന്തപുരം :ലോക കേരള സഭയുടെ ഈ വര്‍ഷത്തെ മേഖലാ സമ്മേളനങ്ങള്‍ അമേരിക്കയിലും സൗദി അറേബ്യയിലും നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.
ജൂണില്‍ അമേരിക്കയിലും സെപ്തംബറില്‍ സൗദി അറേബ്യയിലുമാണ് സമ്മേളനം. ഇതിനായി ചീഫ് സെക്രട്ടറി ചെയര്‍മാനായി സബ് കമ്മിറ്റി രൂപവത്കരിച്ച് പ്രവാസി കാര്യ വകുപ്പ് ഉത്തരവിറക്കി. സമ്മേളനങ്ങളില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്തേക്കും.
ലോക കേരളസഭയില്‍ പങ്കെടുക്കുന്ന മന്ത്രിമാരുടെയും മറ്റ് ഉദ്യോഗസ്ഥരുടെയും കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. അതേസമയം സംസ്ഥാനം കടുത്ത സാമ്ബത്തിക പ്രതിസന്ധി നേരിടുമ്ബോള്‍ ലോക കേരള സഭ പോലുള്ളവക്കായി പണം ചെലവഴിക്കണോ എന്ന ചോദ്യവുമായി പ്രതിപക്ഷം ഇത്തവണയും രംഗത്തെത്തിയിട്ടുണ്ട്.
പ്രമുഖ വ്യവസായികളായ എം എ യൂസഫലി, രവി പിള്ള, എം അനിരുദ്ധന്‍ എന്നിവരും നോര്‍ക്കയിലെയും പ്രവാസികാര്യ വകുപ്പിലെയും മുതിര്‍ന്ന ഉദ്യോഗസ്ഥരും ലോക കേരള സഭയില്‍ അംഗങ്ങളാണ്. ലോക കേരള സഭയുടെ നേതൃത്വത്തില്‍ പ്രവാസി സഹകരണവും ഇടപെടലുകളും വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് മേഖലാ സമ്മേളനങ്ങള്‍ ചേരുന്നത്. പ്രവാസികളുടെ പൊതുവായ പ്രശ്‌നങ്ങള്‍ക്ക് പുറമേ വ്യത്യസ്ത ഭൂവിഭാഗങ്ങളിലുള്ളവരുടെ പ്രശ്‌നങ്ങള്‍ കൂടി കേള്‍ക്കാനും പരിഹരിക്കാനും ലക്ഷ്യമിട്ടാണ് മേഖലാ സമ്മേളനങ്ങള്‍ സംഘടിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
2019ല്‍ യു എ ഇയിലായിരുന്നു ആദ്യ മേഖലാ സമ്മേളനം. 2022 ഒക്‌ടോബറില്‍ ലണ്ടനില്‍ വച്ചാണ് അവസാന മേഖലാ സമ്മേളനം നടന്നത്. ലണ്ടനിലെ സമ്മേളന കാലത്ത് യൂറോപ്യന്‍ യാത്രക്ക് മുഖ്യമന്ത്രിയും മന്ത്രിമാരും കുടുംബാംഗങ്ങളെ ഒപ്പം കൊണ്ടുപോയത് വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.