തിരുവനന്തപുരം ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സി പി ഐ സ്ഥാനാർത്ഥികളുടെ സാദ്ധ്യതാ പട്ടിക പുറത്ത്.
ആനി രാജ വയനാട്ടിലും മുൻ എംപി പന്ന്യൻ രവീന്ദ്രൻ തിരുവനന്തപുരത്തും മത്സരിക്കുമെന്നാണ് റിപ്പോർട്ടുകള്‍.
പന്ന്യൻ രവീന്ദ്രൻ നേരത്തെ തിരുവനന്തപുരം എംപിയായിരുന്നു. പി കെ വാസുദേവൻ നായരുടെ അന്ത്യത്തെത്തുടർന്ന് നടത്തിയ ഉപതിരഞ്ഞെടുപ്പിലായിരുന്നു പന്ന്യൻ വിജയിച്ചത്. കോണ്‍ഗ്രസ് സ്ഥാനാർത്ഥിയായി ഇത്തവണയും ശശി തരൂർ തന്നെ എത്തിയേക്കും. തിരുവനന്തപുരത്ത് ദേശീയ നേതാക്കളിലാരെയെങ്കിലും ബി ജെ പി മത്സരിപ്പിക്കുമെന്ന രീതിയിലുള്ള റിപ്പോർട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു.
അതേസമയം, ബി ജെ പി ഏറെ പ്രതീക്ഷയർപ്പിക്കുന്ന തൃശൂർ മണ്ഡലത്തില്‍ സുരേഷ് ഗോപിയ്ക്ക് എതിരെ സി പി ഐ മുൻമന്ത്രി വി എസ് സുനില്‍കുമാറിനെ മത്സരിപ്പിച്ചേക്കും. മാവേലിക്കര പിടിക്കാൻ പുതുമുഖമായ സി എ അരുണിനെയും നിർത്തിയേക്കും. ഹൈദരാബാദില്‍ നടന്ന സി പി ഐ ദേശീയ നേതൃയോഗത്തിലാണ് സീറ്റ് ധാരണയുണ്ടായത്. വിഷയത്തില്‍ സംസ്ഥാന കൗണ്‍സിലില്‍ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് വിവരം.