ലോക്സഭ തെരഞ്ഞെടുപ്പ് തിയതി നാളെ പ്രഖ്യാപിക്കുമെന്ന് സൂചന1 min read

ഡൽഹി :ലോക്സഭ തെരഞ്ഞെടുപ്പ് തീയതികള്‍ ശനിയാഴ്ച പ്രഖ്യാപിച്ചേക്കുമെന്ന് സൂചന . നാളെ വൈകീട്ട് മൂന്ന് മണിക്ക് മാധ്യമങ്ങളെ കാണുമെന്ന് തെരഞ്ഞെടുപ്പ് കമീഷൻ അറിയിച്ചു.

ഏഴു ഘട്ടങ്ങളിലാവും തെരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള ഒരുക്കങ്ങള്‍ വിലയിരുത്താൻ കമീഷൻ അംഗങ്ങള്‍ എല്ലാ സംസ്ഥാനങ്ങളിലും പര്യടനം പൂർത്തിയാക്കിയിരുന്നു. ജമ്മു കശ്മീരിലായിരുന്നു അവസാന പര്യടനം. ആന്ധ്രപ്രദേശ്, അരുണാചല്‍ പ്രദേശ്, ഒഡിഷ, സിക്കിം നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പും ഇതിനൊപ്പം പ്രഖ്യാപിക്കും.

543 ലോക്സഭ സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുക. ബി.ജെ.പി 267 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥികളെ ഇതിനകം പ്രഖ്യാപിച്ചപ്പോള്‍ പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസ് 82 മണ്ഡലങ്ങളിലെ സ്ഥാനാർഥികളുടെ പട്ടികയാണ് പുറത്തുവിട്ടത്.

തെരഞ്ഞെടുപ്പ് കമീഷനിലെ പുതിയ അംഗങ്ങളായി ഗ്യാനേഷ് കുമാർ, സുഖ്ബീർ സിങ് സന്ധു എന്നിവർ ചുമതലയേറ്റിരുന്നു. മുഖ്യ കമീഷണർ രാജീവ് കുമാറുമായുള്ള തർക്കത്തെ തുടർന്ന് ഈ മാസം ഏഴിന് രാജിവെച്ച അരുണ്‍ ഗോയലിന്റെയും കഴിഞ്ഞമാസം വിരമിച്ച അനൂപ് ചന്ദ്ര പാണ്ഡെയുടെയും ഒഴിവുകള്‍ നികത്താൻ തെരഞ്ഞെടുക്കപ്പെട്ട ഇരുവരും 1988 ബാച്ച്‌ റിട്ട. ഐ.എ.എസ് ഓഫിസർമാരാണ്.

പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കോണ്‍ഗ്രസ് ലോക്സഭാകക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരി എന്നിവർ അംഗങ്ങളുമായ സമിതിയാണ് ഇവരുടെ പേരുകള്‍ രാഷ്ട്രപതിക്ക് ശിപാർശ ചെയ്തത്. അധീർ രഞ്ജൻ ചൗധരിയുടെ എതിർപ്പ് അവഗണിച്ചാണ് നിയമനം. 2023ല്‍ കൊണ്ടുവന്ന വിവാദ നിയമം ഉപയോഗിച്ച്‌ പുതുതായി രണ്ട് കമീഷണർമാരെ നിയമിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹരജികള്‍ സുപ്രീംകോടതി പരിഗണിക്കാനിരിക്കേയാണ് ഇരുവരുടെയും നിയമനത്തിന് രാഷ്ട്രപതി അംഗീകാരം നല്‍കിയത്.

Leave a Reply

Your email address will not be published. Required fields are marked *