തിരുവനന്തപുരം :2024 ലോക്‌സഭാ തിരഞ്ഞെടുപ്പ് ജോലികൾക്കുള്ള ജീവനക്കാരുടെ വിവരശേഖരണം ORDER സോഫ്റ്റ്‌വെയർ മുഖേനയാണ് നടത്തുന്നത്. വിവര ശേഖരണത്തിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ മുഴുവൻ സർക്കാർ, അർദ്ധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ, കേന്ദ്രസർക്കാർ സ്ഥാപങ്ങൾ, ദേശസാത്കൃത ബാങ്കുകൾ, കേരള ബാങ്ക്, കേരള ഗ്രാമീൺ ബാങ്ക് എന്നിവയിലെ ചുമതലപ്പെട്ട ഉദ്യോഗസ്ഥർ സ്ഥാപനങ്ങളെ സംബന്ധിച്ച വിവരങ്ങൾ order.ceo.kerala.gov.in എന്ന വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്ത് ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും അംഗീകാരം വാങ്ങേണ്ടതാണ്. തുടർന്ന് അതത് സ്ഥാപനങ്ങളിലെ മുഴുവൻ ജീവനക്കാരുടെയും വിവരങ്ങൾ മാർച്ച് 24 വൈകിട്ട് അഞ്ചിന് മുൻപായി ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് സമർപ്പിക്കണം. തിരഞ്ഞെടുപ്പ് ജോലികൾ സമയബന്ധിതമായി പൂർത്തികരിക്കേണ്ടതിനാൽ നിർദേശങ്ങൾ ബന്ധപ്പെട്ട എല്ലാ അധികാരികളും, അവധി ദിവസങ്ങൾ പരിഗണിക്കാതെ പാലിക്കണമെന്നും വീഴ്ചവരുത്തിയാൽ 1951 ലെ ജനപ്രാതിനിധ്യ നിയമം സെക്ഷൻ 134 പ്രകാരമുള്ള നിയമ നടപടികൾ സ്വീകരിക്കുമെന്നും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ ജെറോമിക് ജോർജ് അറിയിച്ചു.