തിരുവനന്തപുരം :ലോക്സഭാ തെരഞ്ഞെടുപ്പ് ചുമതലകൾക്ക് ORDER സോഫ്റ്റ്വെയർ മുഖേനെയുള്ള ഉദ്യോഗസ്ഥ വിന്യാസത്തിന്റെ ഒന്നാംഘട്ട റാൻ്റമൈസേഷൻ ഞായറാഴ്ച (31.03.204) പൂർത്തീകരിച്ച സാഹചര്യത്തിൽ തിരഞ്ഞെടുപ്പ് ജോലികൾക്കായി നിയോഗിക്കപ്പെട്ട ജീവനക്കാരുടെ നിയമന ഉത്തരവ് അതാത് ഓഫീസ് മേലധികാരികൾ ഡൗൺലോഡ് ചെയ്ത് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് രേഖാമൂലം കൈമാറേണ്ടതാണെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ ആൻഡ് ജില്ലാ കളക്ടർ അറിയിച്ചു. ഉത്തരവ് കൈമാറിയതിൻ്റെ രസീത് ഓഫീസ് മേലധികാരികൾ വാങ്ങി സൂക്ഷിക്കേണ്ടതാണ്. തിരഞ്ഞെടുപ്പ് ജോലികൾക്കായി നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥരുടെ ഒന്നാംഘട്ട പരിശീലന പരിപാടി ഏപ്രിൽ 2, 3, 4 തീയതികളിൽ നിശ്ചയിച്ചിട്ടുള്ളതിനാൽ നിയമന ഉത്തരവുകൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് 01.04.2024 ന് 1.00 മണിക്ക് മുൻപ് കൈമാറി എന്ന വിവരം അതത് ഓഫീസ് മേലധികാരികൾ ഉറപ്പ് വരുത്തണം. ഇത് പൂർത്തിയായ വിവരം 01.04.2024 ഉച്ചയ്ക്ക് 2 മണിക്ക് മുൻപായി ORDER സോഫ്റ്റ്വെയറിൽ രേഖപ്പെടുത്തേണ്ടതുമാണ്. തിരഞ്ഞെടുപ്പ് ജോലികൾക്കായി നിയോഗിക്കപ്പെട്ടിട്ടുള്ള ജീവനക്കാർക്ക് order.ceo.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രവേശിച്ച് ഫോൺ നമ്പരും OTP യും ഉപയോഗിച്ച് അവരവരുടെ നിയമന ഉത്തരവ് ഡൗൺലോഡ് ചെയ്തെടുക്കാനുള്ള സൗകര്യവും ലഭ്യമാണ്. ഒന്നാംഘട്ട പരിശീലനത്തിനായി എത്തിച്ചേരുന്ന പ്രിസൈഡിംഗ് ഓഫീസർ, ഫസ്റ്റ് പോളിംഗ് ഓഫീസർ എന്നിവർ നിയമസഭാ മണ്ഡലത്തിന്റെ പേര്, വോട്ടർ പട്ടികയിലെ ഭാഗം നമ്പർ (പാർട്ട് നമ്പർ), ക്രമ നമ്പർ, മൊബൈൽ നം. എന്നിവ ചേർത്ത ഫോം നമ്പർ 12 & 12A എന്നിവ കൃത്യമായി പൂരിപ്പിച്ച് അവരവരുടെ വോട്ടർ ഐ.ഡി കാർഡ് പകർപ്പ്, പോസ്റ്റിംഗ് ഓർഡറിൻ്റെ പകർപ്പ് എന്നിവ സഹിതം പരിശീലന കേന്ദ്രത്തിൽ ഹാജരാക്കേണ്ടതാണ്. പരിശീലന പരിപാടിയിൽ പങ്കെടുക്കുവാൻ നിയോഗിച്ചിട്ടുളള ജീവനക്കാരിൽ ആരെയും പരിശീലനത്തിൽ നിന്ന് വിട്ടുനിൽക്കുവാൻ യാതൊരു കാരണവശാലും അനുവദിക്കുന്നതല്ല. വീഴ്ചവരുത്തുന്നവർക്കെതിരെ 1951 ലെ ജനപ്രാതിനിധ്യനിയമം സെക്ഷൻ 134 പ്രകാരം ശിക്ഷാനടപടികൾ സ്വീകരിക്കും. ഒന്നാംഘട്ട പരിശീലന പരിപാടിയിൽ പങ്കെടുക്കേണ്ടതില്ലാത്ത പോളിംഗ് ഓഫീസർമാരായി നിയമിച്ച ഉദ്യോഗസ്ഥർ 12 & 12 A ഫോമുകളിൽ കൃത്യമായ വിവരങ്ങൾ ചേർത്ത് അവരവരുടെ വോട്ടർ ഐ.ഡി കാർഡ് പകർപ്പ്, പോസ്റ്റിംഗ് ഓർഡറിന്റെ പകർപ്പ് സഹിതം 04.04.2024 -നകം അതത് ഓഫീസ് സ്ഥിതി ചെയ്യുന്ന ജില്ലയിലെ താലൂക്ക് ഓഫീസുകളിൽ എത്തിക്കേണ്ടതാണ്. 12 & 12A ഫോമുകൾ trivandrum.nic.in എന്ന വെബ് സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്.
2024-03-31