സംസ്ഥാനത്ത് കടലാക്രമണം ;തിരുവനന്തപുരത്തും, കൊല്ലത്തും, തൃശ്ശൂർ, ആലപ്പുഴ ജില്ലകളിൽ കടലാക്രമണം1 min read

തിരുവനന്തപുരം :സംസ്ഥാനത്ത് നാല് ജില്ലകളിൽ കടലാക്രമണം.തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശ്ശൂർ ജില്ലകളിലാണ് കടലാക്രമണം ഉണ്ടായത് ‘കള്ളക്കടൽ ‘പ്രതിഭാസമാണ് കാരണമെന്ന് വിദഗ്ധർ പറയുന്നു.

തിരുവനന്തപുരത്ത് വിവിധ തീരപ്രദേശങ്ങളില്‍ ശക്തമായ കടലാക്രമണം. പുല്ലുവിള മുതല്‍ പൊഴിയൂര്‍ വരെയും പൂന്തുറ, വലിതതുറ, കോവളം ഭാഗങ്ങളിലുമാണ് സ്ഥിതി രൂക്ഷമായി തുടരുന്നത്.

സുരക്ഷയുടെ ഭാഗമായി പൊഴിയൂരില്‍ വീടുകളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു.

ഇന്ന് ഉച്ചയോടെയാണ് തീരപ്രദേശങ്ങളില്‍ കടലാക്രമണം ഉണ്ടായത്. 50 ഓളം വീടുകളില്‍ വെള്ളം കയറിയതായാണ് റിപ്പോര്‍ട്ട്. പൊഴിക്കരയില്‍ റോഡ് പൂര്‍ണമായി വെള്ളത്തിന്റെ അടിയിലായി. സുരക്ഷയുടെ ഭാഗമായി പൊഴിയൂരില്‍ മാത്രം 10 ഓളം വീടുകളിലുള്ളവരെ മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസങ്ങളില്‍ കടല്‍ ഉള്‍വലിഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് തീരത്ത് ശക്തമായ കടലാക്രമണം ഉണ്ടായത്. പൂന്തുറ ഭാഗത്ത് രണ്ടു മത്സ്യത്തൊഴിലാളികള്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. നിരവധി മത്സ്യബന്ധന ബോട്ടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. നാട്ടുകാര്‍ തന്നെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. തീരത്ത് നിന്ന് മത്സ്യത്തൊഴിലാളികള്‍ ബോട്ടുകള്‍ നീക്കിയിട്ടുണ്ട്. കോവളത്ത് തീരത്തെ കടകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് വിനോദസഞ്ചാരികള്‍ക്ക് താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തി. കടലില്‍ ഇറങ്ങുന്നതിന് അധികൃതര്‍ നിരോധനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ആലപ്പുഴയില്‍ പുറക്കാട്, വളഞ്ഞവഴി, ചേര്‍ത്തല, പള്ളിത്തോട് എന്നിവിടങ്ങളിലാണ് കടലാക്രമണം ഉണ്ടായത്. തൃശൂരില്‍ പെരിഞ്ഞനത്തും ആറാട്ടുപുഴയിലുമാണ് കടല്‍ വെള്ളം കരയിലേക്ക് കയറിയത്. വെള്ളവും മണ്ണും കയറി മത്സ്യബന്ധന വലകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. തൃക്കുന്നപ്പുഴ വലിയഴിക്കല്‍ റോഡില്‍ ഗതാഗതം നിലച്ചു. പെരിഞ്ഞനം ബീച്ചില്‍ കടല്‍ ഭിത്തിയും കടന്നാണ് കടല്‍ വെള്ളം കരയിലേക്ക് കയറിയത്.

Leave a Reply

Your email address will not be published. Required fields are marked *