തിരുവനന്തപുരം :ജില്ലയിൽ ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളുടെ കമ്മീഷനിങ് ആരംഭിച്ചു. കമ്മീഷനിങ് കേന്ദ്രങ്ങൾ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ ജെറോമിക് ജോർജ് സന്ദർശിച്ചു. വോട്ടിങ് മെഷീനുകളുടെ വിതരണ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്ന പട്ടം സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്‌കൂൾ (വട്ടിയൂർക്കാവ് നിയമസഭാ മണ്ഡലം), മണക്കാട് ജി.എച്ച്.എസ്.എസ് (തിരുവനന്തപുരം നിയമസഭാ മണ്ഡലം), ഗവ.ഗേൾസ് ഹയർസെക്കണ്ടറി സ്‌കൂൾ കോട്ടൺഹിൽ (നേമം നിയമസഭാ മണ്ഡലം) എന്നിവിടങ്ങളിലാണ് ജില്ലാ കളക്ടർ സന്ദർശനം നടത്തിയത്. കമ്മീഷനിങ് കേന്ദ്രത്തോടൊപ്പം സജ്ജീകരിച്ചിരിക്കുന്ന മോക്‌പോളിങ് സ്‌റ്റേഷനുകളും സ്‌ട്രോങ് റൂമുകളും കളക്ടർ പരിശോധിച്ചു.
വോട്ടെടുപ്പിനായി ഇവിഎം മെഷീനുകളെ സജ്ജമാക്കുകയാണ് കമ്മിഷനിങ് പ്രക്രിയ. ബാലറ്റ് യൂണിറ്റിൽ സ്ഥാനാർത്ഥികളുടെ ചിത്രങ്ങളും ചിഹ്നങ്ങളും ഉൾപ്പെടുന്ന ബാലറ്റ് പേപ്പറുകൾ ക്രമീകരിക്കുകയും വിവിപാറ്റ് മെഷീനിൽ സ്ലിപുകൾ സജ്ജീകരിക്കുകയും ചെയ്യും. രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് കമ്മീഷനിങ് നടപടികൾ നടക്കുന്നത്. ഇതോടൊപ്പം തന്നെ മോക്‌പോളിങിനുള്ള ക്രമീകരണവും ഒരുക്കിയിട്ടുണ്ട്. ഏപ്രിൽ 20 വരെയാണ് കമ്മീഷനിങിനുള്ള സമയ പരിധി നിശ്ചയിച്ചിരിക്കുന്നത്. അതത് നിയമസഭാ മണ്ഡലങ്ങളിലെ എ.ആർ.ഒമാരുടെ നേതൃത്വത്തിലാണ് കമ്മീഷനിങ് നടപടികൾ നടക്കുന്നത്.
എസ്.എൻ കോളേജ്(വർക്കല), ഗവ.ബോയ്സ് ഹയർസെക്കണ്ടറി സ്‌കൂൾ(ആറ്റിങ്ങൽ), ഗവൺമെന്റ് കോളേജ് ആറ്റിങ്ങൽ(ചിറയിൻകീഴ്), നെടുമങ്ങാട് ഗേൾസ് ഹയർസെക്കണ്ടറി സ്‌കൂൾ (നെടുമങ്ങാട്), ശ്രീ നാരായണവിലാസം ഹയർസെക്കണ്ടറി സ്‌കൂൾ ആനാട് (വാമനപുരം), ലയോള സ്‌കൂൾ ശ്രീകാര്യം(കഴക്കൂട്ടം), പട്ടം സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്‌കൂൾ(വട്ടിയൂർക്കാവ്), മണക്കാട് ജി.എച്ച്.എസ്.എസ് (തിരുവനന്തപുരം), ഗവ.ഗേൾസ് ഹയർസെക്കണ്ടറി സ്‌കൂൾ കോട്ടൺഹിൽ(നേമം), ഗവ.ടെക്നിക്കൽ ഹൈസ്‌കൂൾ, മഞ്ച(അരുവിക്കര), ജി.വി.എച്ച്.എസ്.എസ് (പാറശാല,) ക്രിസ്ത്യൻ കോളേജ് (കാട്ടാക്കട), ഗവ.ഗേൾസ് ഹയർസെക്കണ്ടറി സ്‌കൂൾ, നെയ്യാറ്റിൻകര(കോവളം), ഗവ.ബോയ്സ് ഹയർസെക്കണ്ടറി സ്‌കൂൾ ,നെയ്യാറ്റിൻകര (നെയ്യാറ്റിൻകര) എന്നിവിടങ്ങളിലാണ് ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളുടെ വിതരണ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്.