ഡൽഹി :ലോക്സഭ തെരഞ്ഞെടുപ്പിലെ നാലാം ഘട്ട വോട്ടെടുപ്പ് ഇന്ന്.96 ലോക്‌സഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പാണ് ഇന്ന് നടക്കുന്നത്. 17.7 കോടി ജനങ്ങളാണ് ഇന്ന് വിധി നിര്‍ണയിക്കാന്‍ തയ്യാറെടുക്കുന്നത്. ആന്ധ്രപ്രദേശ്, ജമ്മു ആന്‍ഡ് കശ്മീര്‍, മഹാരാഷ്ട്ര, തെലങ്കാന, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, പശ്ചിമ ബംഗാള്‍, ബിഹാര്‍, ജാര്‍ഖണ്ഡ്, ഒഡീഷ എന്നിവിടങ്ങളിലെ 1.92 പോളിങ് സ്‌റ്റേഷനുകളും സജ്ജമാണ്.
ലോക്‌സഭാ തിരഞ്ഞെടുപ്പുകളിലേക്ക് മാത്രമല്ല, ആന്ധ്രപ്രദേശിലെ 175 മണ്ഡലങ്ങളിലെയും ഒഡീഷയിലെ 28 നിയമസഭാ മണ്ഡലങ്ങളിലേക്കുമുള്ള തിരഞ്ഞെടുപ്പും ഇന്ന് നടക്കുന്നുണ്ട്. രാവിലെ ഏഴ് മണി മുതല്‍ വൈകിട്ട് ആറ് മണി വരെയായിരിക്കും വോട്ടെടുപ്പ്. വോട്ടര്‍മാരുടെ പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിനായി തെലങ്കാനയിലെ പോളിങ്ങ് സമയം വര്‍ധിപ്പിച്ചിട്ടുണ്ട്. ആകെ 1717 സ്ഥാനാര്‍ഥികളാണ് 96 മണ്ഡലങ്ങളില്‍ നിന്നും ജനവിധി തേടുന്നത്. 8.97 കോടി പുരുഷന്മാരും 8.73 കോടി സ്ത്രീകളും വിധി നിര്‍ണയിക്കും. 85 വയസിന് മുകളിലുള്ള 12.49 ലക്ഷം വോട്ടര്‍മാരും, ഭിന്നശേഷിക്കാരായ 19.99 ലക്ഷം പേരും വീടുകളിലിരുന്ന് വോട്ട് ചെയ്യും. 19 ലക്ഷത്തിലധികം പോളിങ് ഉദ്യോഗസ്ഥരെയാണ് വോട്ടെടുപ്പ് സുഗമമാക്കാന്‍ സജ്ജമാക്കിയത്.
364 നിരീക്ഷകര്‍ (126 പൊതു നിരീക്ഷകര്‍, 70 പോലീസ് നിരീക്ഷകര്‍, 168 ചെലവ് നിരീക്ഷകര്‍), 4661 ഫ്‌ളയിങ് സ്‌ക്വാഡുകള്‍, 4438 സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീമുകള്‍, 1710 വീഡിയോ നിരീക്ഷണ ടീമുകള്‍, 934 വീഡിയോ വ്യൂവിങ് ടീമുകള്‍ എന്നിവര്‍ നാലാം ഘട്ടത്തിലേക്ക് സജ്ജമാണ്. മദ്യം, മയക്കുമരുന്ന്, പണം തുടങ്ങിയവയുടെ ഒഴുക്ക് തടയാന്‍ 1016 അന്തര്‍ സംസ്ഥാനങ്ങളും 121 അന്തര്‍ ദേശീയ അതിര്‍ത്തി ചെക്ക് പോസ്റ്റുകളും കര്‍ശനമായ നിരീക്ഷണത്തിലാണ്. കടല്‍ വ്യോമ മേഖലകളിലും നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
അതേസമയം ഇന്നത്തെ താപനില സാധാരണ നിലയിലായിരിക്കുമെന്നാണ് പ്രവചനങ്ങള്‍. എന്നിരുന്നാലും വോട്ടര്‍മാര്‍ക്ക് വേണ്ടി എല്ലാ പോളിങ്ങ് സ്‌റ്റേഷനുകളിലും വെള്ളം, ഫാനുകള്‍ തുടങ്ങിയ സൗകര്യങ്ങള്‍ ഉള്‍പ്പെടെ സൂക്ഷ്മമായ ക്രമീകരണങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്. ഷെഡ്, ടോയ്‌ലറ്റുകള്‍, റാമ്ബുകള്‍, വൊളന്റിയര്‍മാര്‍, വീല്‍ച്ചെയറുകള്‍, വൈദ്യുതി തുടങ്ങിയ സൗകര്യങ്ങളും വോട്ടര്‍മാര്‍ക്കായി ഒരുക്കിയിട്ടുണ്ട്. രജിസ്റ്റര്‍ ചെയ്ത എല്ലാ വോട്ടര്‍മാര്‍ക്കും വോട്ടര്‍ ഇന്‍ഫര്‍മേഷന്‍ സ്ലിപ്പുകളും വിതരണം ചെയ്തിട്ടുണ്ട്.
നിലവില്‍ മൂന്ന് ഘട്ടം വരെയുള്ള വോട്ടെടുപ്പുകളില്‍ 283 മണ്ഡലങ്ങളിലെ വോട്ടെടുപ്പാണ് പൂര്‍ണമായിരിക്കുന്നത്. 12 സംസ്ഥാനങ്ങളിലായി 94 മണ്ഡലങ്ങളിലാണ് മൂന്നാം ഘട്ടത്തില്‍ വിധിയെഴുതിയത്. ഗുജറാത്ത്, ഗോവ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളായ ദാദ്ര ആന്‍ഡ് നാഗര്‍ ഹവേലി, ദാമന്‍ അന്‍ഡ് ദിയു തുടങ്ങിയ പ്രദേശങ്ങളിലെയും പോളിങ് പൂര്‍ത്തിയാകും. അസമില്‍ (4), ബിഹാര്‍ (5), ഛത്തീസ്ഗഡ് (7), മധ്യപ്രദേശ് (8), മഹാരാഷ്ട്ര (11), ഉത്തര്‍പ്രദേശ് (10), പശ്ചിമ ബംഗാള്‍ (4) എന്നിവിടങ്ങിലാണ് കഴിഞ്ഞ ഘട്ട്ത്തില്‍ പോളിങ് നടത്തിയത്.