തിരുവനന്തപുരം :ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ തിരക്കിനിടയിൽ വേറിട്ട പ്രചാരണവുമായി ജില്ലാ സ്വീപ്. കടലിലും ആകാശത്തും സാഹസിക വിനോദങ്ങളിലൂടെ, സമ്മതിദാനത്തിന്റെ പ്രധാന്യം പൊതുസമൂഹത്തെ ഓർമിപ്പിച്ച് ജില്ലാ സ്വീപ് നടത്തിയ ബോധവത്കരണ പരിപാടി ജനശ്രദ്ധയാകർഷിച്ചു.
ജില്ലാ സ്വീപ്, ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ, സാഹസിക വിനോദ ക്ലബ്ബായ ബോണ്ട് സഫാരി എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ കോവളം ബീച്ചിൽ പാരസെയ്‌ലിങും സ്‌കൂബാ ഡൈവിങും സംഘടിപ്പിച്ചു. പ്രചാരണത്തിലെ വ്യത്യസ്തത ബീച്ചിലെത്തിയവരെയും ഏറെ ത്രസിപ്പിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വോട്ടർമാരുടെ പങ്കാളിത്തം വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇവ സംഘടിപ്പിച്ചത്. ജില്ലാ സ്വീപ് നോഡൽ ഓഫീസറായ അസിസ്റ്റന്റ് കളക്ടർ അഖിൽ വി മേനോൻ, ഡി.ടി.പി.സി സെക്രട്ടറി ശ്യാം കൃഷ്ണൻ, സ്വീപ് അംഗങ്ങൾ എന്നിവരും പങ്കെടുത്തു. കൂടാതെ നഗരപ്രദേശത്തെ വോട്ടർമാരുടെ പ്രാതിനിധ്യം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ വെള്ളയമ്പലം മാനവീയം വീഥിയിൽ മ്യൂസിക് ബാൻഡ് ഷോയും ജില്ലാ സ്വീപ് സംഘടിപ്പിച്ചു.