വീട്ടിൽ വോട്ട് :തിരുവനന്തപുരം ജില്ലയിൽ ഇതുവരെ വോട്ട് ചെയ്തത് 4,476 പേർ1 min read

തിരുവനന്തപുരം :85 വയസ് പിന്നിട്ട മുതിർന്ന വോട്ടർമാർക്കും 40 ശതമാനത്തിന് മുകളിൽ ഭിന്നശേഷിയുള്ള വോട്ടർമാർക്കും സുരക്ഷിതമായ വോട്ടിങ് ഉറപ്പാക്കി വീട്ടിൽ വോട്ട് . 85 വയസ് പിന്നിട്ടവർക്കും ഭിന്നശേഷി വോട്ടർമാർക്കും വീട്ടിൽ തന്നെ വോട്ട് ചെയ്യാനുള്ള സംവിധാനത്തിലൂടെ തിരുവനന്തപുരം ജില്ലയിൽ രണ്ട് ലോക്‌സഭാ മണ്ഡലങ്ങളിലുമായി ഇതുവരെ വോട്ട് രേഖപ്പെടുത്തിയത് 4,476 പേരാണ്. ആബ്‌സന്റീസ് വോട്ടർ വിഭാഗത്തിൽപ്പെടുത്തിയാണ് ഇവർക്ക് വോട്ട് ചെയ്യുന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷൻ സൗകര്യം ഒരുക്കുന്നത്. 12 ഡി പ്രകാരം അപേക്ഷ നൽകിയ അർഹരായ വോട്ടർമാരുടെ വീടുകളിൽ സ്‌പെഷൽ പോളിങ് ടീമുകൾ എത്തിയാണ് വോട്ട് ചെയ്യിപ്പിക്കുന്നത്. ഒരു പോളിങ് ഓഫീസർ, ഒരു മൈക്രോ ഓബ്‌സർവർ, പോളിങ് അസിസ്റ്റന്റ്, പോലീസ് ഉദ്യോഗസ്ഥൻ, വീഡിയോഗ്രാഫർ എന്നിവരാണ് സംഘത്തിലുള്ളത്. വീട്ടിൽ വോട്ട് പ്രക്രിയ പൂർണമായും വീഡിയോയിൽ ചിത്രീകരിക്കും. വിവിധ രാഷ്ട്രീയപാർട്ടികളുടെ ഏജന്റുമാരുടെ സാന്നിധ്യത്തിലാണ് വോട്ട് ചെയ്യുന്നത്.

തിങ്കളാഴ്ച മുതൽ ആരംഭിച്ച വീട്ടിൽ വോട്ടിൽ തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിൽ 1,748 പേരും ആറ്റിങ്ങൽ ലോക്‌സഭാ മണ്ഡലത്തിൽ 2,728 പേരും ഇതിനോടകം വോട്ട് ചെയ്തു കഴിഞ്ഞു. 85 വയസ് പിന്നിട്ട മുതിർന്ന വോട്ടർമാരുടെ വിഭാഗത്തിൽ തിരുവനന്തപുരത്ത് 1,406 പേരും ആറ്റിങ്ങലിൽ 1,868 പേരും വീട്ടിൽ വോട്ട് ചെയ്തു. ഭിന്നശേഷി വിഭാഗത്തിൽ തിരുവനന്തപുരം മണ്ഡലത്തിൽ 342 പേരും ആറ്റിങ്ങൽ മണ്ഡലത്തിൽ 860 പേരും വോട്ട് രേഖപ്പെടുത്തി. സീൽചെയ്ത പെട്ടിയിലാണ് വോട്ട് ചെയ്ത ബാലറ്റ് പേപ്പർ സൂക്ഷിക്കുന്നത്. വോട്ടിങ്ങിന്റെ രഹസ്യ സ്വഭാവം നിലനിർത്തി വോട്ട് ചെയ്യുന്നതിനുള്ള സൗകര്യം പോളിങ് സംഘം ഒരുക്കി നൽകും.

രാവിലെ 9 മുതൽ വൈകിട്ട് ആറ് വരെയാണ് വോട്ടിങ് സമയം. ബാലറ്റ് പേപ്പറടങ്ങിയ സീൽ ചെയ്ത പെട്ടികൾ അതത് ദിവസം തന്നെ പോലീസ് സുരക്ഷയിൽ വരണാധികാരിക്ക് കൈമാറും. കളക്ടറേറ്റിലെ സ്‌ട്രോങ് റൂമിലാണ് ഇവ സൂക്ഷിക്കുന്നത്. വോട്ടിങിന്റെ സുരക്ഷയും രഹസ്യസ്വഭാവവും സൂക്ഷിക്കുന്നതിന്, വീട്ടിൽ വോട്ട് പ്രക്രിയയുടെ ആദ്യാവസാനം വരെ ക്യാമറയിൽ പകർത്തുന്നുമുണ്ട്. ഏപ്രിൽ 22 വരെയാണ് ഇപ്രകാരം വോട്ടു ചെയ്യാൻ അവസരമുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *