തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ തലസ്ഥാന ജില്ലയിലെ പ്രമുഖരെല്ലാം വിവിധ കേന്ദ്രങ്ങളില്‍ വോട്ട് രേഖപ്പെടുത്തും. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം എ.കെ ആന്റണിയും കെപിസിപി ആക്ടിങ് പ്രസിഡന്റ് എം.എം ഹസനും കുടുംബസമേതം ജഗതി യുപി സ്‌കൂളില്‍ രാവിലെ 10 മണിക്ക് വോട്ട് രേഖപ്പെടുത്തും. തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി ഡോ. ശശി തരൂര്‍ കോട്ടണ്‍ഹില്‍ സ്‌കൂളില്‍ രാവിലെ ഒമ്പത് മണിക്ക് അമ്മ ലില്ലി തരൂരിനും സഹോദരി ശോഭയ്ക്കുമൊപ്പമെത്തി വോട്ട് രേഖപ്പെടുത്തും. സിഎംപി സംസ്ഥാന ജനറല്‍ സെക്രട്ടറി സി.പി ജോണും കുടുംബവും ഒമ്പത് മണിക്ക് വഴുതയ്ക്കാട് കോട്ടണ്‍ഹില്‍ സ്‌കുളില്‍ വോട്ട് രേഖപ്പെടുത്തും. കെപിസിസി മുന്‍ പ്രസിഡന്റ് വി.എം.സുധീരന്‍ കുന്നുകുഴി യുപിഎസില്‍ രാവിലെ 10 മണിക്ക് കുടുംബസമേതം വോട്ട് രേഖപ്പെടുത്തും. തൃശൂര്‍ യുഡിഎഫ് സ്ഥാനാര്‍ഥി കെ.മുരളീധരന്‍ രാവിലെ ഒമ്പത് മണിക്ക് കവടിയാര്‍ ജവഹര്‍ നഗര്‍ സ്‌കൂളില്‍ കുടുംബസമേതം വോട്ട് രേഖപ്പെടുത്തും. കോവളം നിയോജക മണ്ഡലത്തില്‍ ഇടവണക്കുഴി ബഡ്‌സ് സ്‌കൂളിലെ 85ാം നമ്പര്‍ ബൂത്തില്‍ എം.വിന്‍സെന്റ് എംഎല്‍എയും കുടുംബവും രാവിലെ ഒമ്പതിന് വോട്ട് രേഖപ്പെടുത്തും. മുന്‍ എംഎല്‍എ തമ്പാനൂര്‍ രവി, മുന്‍ മന്ത്രി വി.എസ് ശിവകുമാര്‍, മുന്‍ എംഎല്‍എ കെ.എസ് ശബരീനാഥന്‍ എന്നിവര്‍ ശാസ്തമംഗലം ആര്‍കെഡി എന്‍എസ്എസ് സ്‌കൂളില്‍ രാവിലെ ഒമ്പതിന് കുടുംബസമേതം വോട്ട് രേഖപ്പെടുത്തും. ഡിസിസി പ്രസിഡന്റ് പാലോട് രവി പെരിങ്ങമ്മല സാംസ്‌കാരിക കേന്ദ്രത്തിലും യുഡിഎഫ് ജില്ലാ ചെയര്‍മാര്‍ പി.കെ വേണുഗോപാല്‍ ജഗതി യുപി സ്‌കൂളിലും വോട്ട് രേഖപ്പെടുത്തും.