ജില്ലയിൽ വോട്ടിങ് മെഷീനുകളുടെ റാൻഡമൈസേഷൻ പൂർത്തിയായി,2,730 പോളിങ് സ്‌റ്റേഷനുകളിലായി, 10,089 വോട്ടിങ് മെഷീനുകൾ റാൻഡമൈസ് ചെയ്തു1 min read

 

തിരുവനന്തപുരം :തിരുവനന്തപുരം ജില്ലയിൽ ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടിങ് മെഷീനുകളുടെ റാൻഡമൈസേഷൻ നടപടികൾ പൂർത്തിയായി. തിരുവനന്തപുരം, ആറ്റിങ്ങൽ ലോക്‌സഭാ മണ്ഡലങ്ങളിലെ വിവിധ പോളിങ് സ്‌റ്റേഷനുകളിലേക്കുള്ള റിസർവ് ഉൾപ്പെടെയുള്ള വോട്ടിങ് മെഷീനുകളാണ് റാൻഡമൈസ് ചെയ്തത്. കളക്ടറേറ്റിൽ നടന്ന റാൻഡമൈസേഷൻ പ്രക്രിയയിൽ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ ജെറോമിക് ജോർജ്, ആറ്റിങ്ങൽ ലോക്‌സഭാ മണ്ഡലത്തിന്റെ വരണാധികാരി അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് പ്രേംജി.സി, ആറ്റിങ്ങൽ മണ്ഡലത്തിലെ പൊതുനിരീക്ഷകൻ രാജീവ് രഞ്ജൻ, തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ പൊതുനിരീക്ഷകൻ ആഷീഷ് ജോഷി എന്നിവരും സ്ഥാനാർത്ഥികളുടെ പ്രതിനിധികളും സന്നിഹിതരായിരുന്നു.

ജില്ലയിൽ രണ്ട് ലോക്‌സഭാ മണ്ഡലങ്ങളിലായി ആകെ 2,730 പോളിങ് സ്‌റ്റേഷനുകളാണുള്ളത്. തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിൽ 1,307 ഉം, ആറ്റിങ്ങൽ ലോക്‌സഭാ മണ്ഡലത്തിൽ 1,423 ഉം പോളിങ് സ്‌റ്റേഷനുകളുണ്ട്. കഴക്കൂട്ടം, വട്ടിയൂർക്കാവ്, തിരുവനന്തപുരം, നേമം, പാറശാല, കോവളം, നെയ്യാറ്റിൻകര അസംബ്ലി നിയോജകമണ്ഡലങ്ങളുൾപ്പെടുന്ന തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിൽ റിസർവ് ഉൾപ്പെടെ 4,832 വോട്ടിങ് മെഷീനുകൾ റാൻഡമൈസ് ചെയ്തു.

വർക്കല, ആറ്റിങ്ങൽ, ചിറയിൻകീഴ്, നെടുമങ്ങാട്, വാമനപുരം, അരുവിക്കര, കാട്ടാക്കട അസംബ്ലി നിയോജക മണ്ഡലങ്ങളുൾപ്പെടുന്ന ആറ്റിങ്ങൽ ലോക്‌സഭാ മണ്ഡലത്തിൽ റിസർവ് ഉൾപ്പെടെ 5,257 വോട്ടിങ് മെഷീനുകളാണ് റാൻഡമൈസ് ചെയ്തത്. ബാലറ്റ് യൂണിറ്റ്, കൺട്രോൾ യൂണിറ്റ് എന്നിവയുടെ 20 ശതമാനം വീതവും വിവിപാറ്റ് മെഷീനുകളുടെ മുപ്പത് ശതമാനവും റിസർവ് ചെയ്തിട്ടുണ്ട്. രണ്ട് ഘട്ടങ്ങളിലായാണ് റാൻഡമൈസേഷൻ നടപടി പൂർത്തിയാക്കിയത്. ആദ്യഘട്ടത്തിൽ വിവിധ അസംബ്ലി സെഗ്മെന്റുകളിലേക്കും രണ്ടാംഘട്ടത്തിൽ അസംബ്ലി സെഗ്മെന്റുകളിലെ പോളിങ് സ്‌റ്റേഷനുകളിലേക്കുമാണ് വോട്ടിങ് മെഷീനുകൾ റാൻഡമൈസ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *