റഷ്യയുടെ ബഹിരാകാശ ഏജൻസിയായ റോസ്കോസ്മോസ് അര നൂറ്റാണ്ടോളം നീണ്ട ഇടവേളയ്ക്ക് ശേഷം നടത്തുന്ന ചാന്ദ്രദൗത്യവുമായി ലൂണ-25 പേടകം വിജയകരമായി വിക്ഷേപിച്ചു.
പുലര്‍ച്ചെ 4.30നാണ് വാസ്ടോക്നി കോസ്മോഡ്രോമിലെ വിക്ഷേപണത്തറയില്‍ നിന്നാണ് സൂയസ് 2.1 ബി റോക്കറ്റ് പേടകവുമായി കുതിച്ചുയര്‍ന്നിരിക്കുന്നത്.
അഞ്ചര ദിവസം കൊണ്ട് ലൂണ-25നെ ചന്ദ്രന്റെ ഭ്രമണപഥത്തില്‍ എത്തിച്ച ശേഷം ചന്ദ്രനെ വലംവെച്ച് ഏഴ് ദിവസത്തിനുള്ളില്‍ ലാൻഡര്‍ ചന്ദ്രോപരിതലത്തില്‍ ഇറക്കാനാണ് റഷ്യ ശ്രമിക്കുന്നത്. ചന്ദ്രന്റെ ആന്തരിക ഘടന, ജലസാന്നിധ്യം എന്നിവയില്‍ പഠനം നടത്തുകയാണ് റഷ്യൻ പദ്ധതിയുടെ ലക്ഷ്യം. ശാസ്ത്രീയ പഠനങ്ങള്‍ക്കുള്ള 31 കിലോഗ്രാം ഭാരമുള്ള ഉപകരണങ്ങളും ലാൻഡറിലുണ്ട്. 800 കിലോയോളമാണ് ലാൻഡറിന്റെ ആകെ ഭാരം. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ഇറങ്ങുക എന്നതാണ് ഇന്ത്യയുടെ ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ മൂന്നിന്റെയും ലക്ഷ്യം. ഇന്ത്യയുടെ ചന്ദ്രയാൻ-3ഉം സോഫ്റ്റ് ലാൻഡിങ് തയ്യാറെടുക്കുന്ന ആഗസ്റ്റ് 23ന് മുമ്പായി ആഗസ്റ്റ് 21നോ 22നോ ലൂണ-25 ന്റെ ലാൻഡിങ്ങ് നടത്തി ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ സോഫ്റ്റ് ലാൻഡിങ് നടത്തുന്ന ആദ്യ രാജ്യമെന്ന നേട്ടം സ്വന്തമാക്കാനാണ് റഷ്യ ഇപ്പോൾ ശ്രമിക്കുന്നത് . ചന്ദ്രയാൻ ഇറങ്ങാൻ തീരുമാനിച്ച സ്ഥലത്തിന് കിലോമീറ്ററുകൾ അകലെയായിരിക്കും ലൂണ-25 ഇറങ്ങുക.
ചാന്ദ്രദൗത്യത്തില്‍ അമേരിക്ക, ചൈന, ഇന്ത്യ എന്നീ രാജ്യങ്ങള്‍ക്കുള്ള മുൻതൂക്കം അവസാനിപ്പിക്കുക എന്നതും പെട്ടെന്നുള്ള റഷ്യൻ നീക്കത്തിന് പിന്നിലുണ്ട്. സോവിയറ്റ് യൂണിയൻ, അമേരിക്ക, ചൈന എന്നീ രാജ്യങ്ങള്‍ മാത്രമാണ് നിലവില്‍ ചന്ദ്രനില്‍ വിജയകരമായി സോഫ്റ്റ് ലാൻഡിങ് നടത്തിയ രാജ്യങ്ങള്‍.