ഭാരതത്തിന്റെ അഭിമാനവും, രാജ്യത്തിന്റെ പ്രാർത്ഥനയും വഹിച്ചുകൊണ്ട് ചന്ദ്രയാൻ 3പറന്നുയർന്നു1 min read

14/7/23

ശ്രീഹരിക്കോട്ട :ഭാരതത്തിന്റെ അഭിമാനവും, രാജ്യത്തിന്റെ പ്രാർത്ഥനയും വഹിച്ചുകൊണ്ട് ഇന്ത്യയുടെ ചാന്ദ്രദൗത്യമായ ചന്ദ്രയാൻ 3പറന്നുയർന്നു.

ഉച്ചയ്‌ക്ക് 2.35ന് ശ്രീഹരിക്കോട്ടയില്‍വച്ചാണ് ചന്ദ്രയാൻ 3 വിക്ഷേപിച്ചത്. ഓഗസ്റ്റ് 24ന് പുലര്‍ച്ചെ ചന്ദ്രയാനിലെ റോവര്‍ ചന്ദ്രനിലിറങ്ങുമെന്നാണ് പ്രതീക്ഷ.

ഐ.എസ്.ആര്‍.ഒ.യുടെ ഏറ്റവും കരുത്തുറ്റ റോക്കറ്റായ ജി.എസ്.എല്‍.വി.മാര്‍ക്ക് 3 എന്ന എല്‍.വി.എം.3 ലാണ് ചന്ദ്രയാൻ 3നെ ഭ്രമണപഥത്തില്‍ എത്തിക്കുന്നത്. പിന്നീട് പേടകം സ്വയം ഭൂമിയെ ചുറ്റി ഭ്രമണപഥം ഉയര്‍ത്തും. ആറു ദിവസത്തിന് ശേഷം ചന്ദ്രന്റെ ഭ്രമണപഥത്തില്‍ പ്രവേശിക്കും. 40 ദിവസമെടുത്ത് ചന്ദ്രന് 100 കിലോമീറ്റര്‍ അടുത്തെത്തും. ലാൻഡര്‍ വേര്‍പെട്ട് ചന്ദ്രനില്‍ സോഫ്റ്റ് ലാൻഡ് ചെയ്യും. അതില്‍ നിന്ന് റോവര്‍ പുറത്തിറങ്ങി ചന്ദ്രന്റെ മണ്ണില്‍ നിരീക്ഷണം നടത്തും. വിജയിച്ചാല്‍ ചന്ദ്രനില്‍ പേടകമിറക്കുന്ന നാലാമത്തെ രാജ്യമാകും ഇന്ത്യ. ഇന്ന് വിക്ഷേപണം കാണാൻ ജനങ്ങള്‍ക്ക് അവസരമുണ്ടായിരുന്നു.

ചന്ദ്രയാൻ രണ്ടില്‍ നിന്ന് പാഠങ്ങള്‍ പഠിച്ച്‌ നിരവധി മാറ്റങ്ങള്‍ ചന്ദ്രയാൻ മൂന്നില്‍ വരുത്തിയിട്ടുണ്ട്. പ്രധാന ഘടകമായ ലാൻഡറിന്റെ കാലുകള്‍ ബലപ്പെടുത്തി. ഓര്‍ബിറ്ററിനു പകരം പ്രൊപ്പല്‍ഷൻ മോഡ്യൂള്‍ ആണ് ലാൻഡറിനെയും റോവറിനെയും ചന്ദ്രന് തൊട്ടടുത്ത് എത്തിക്കുക. ലാൻഡര്‍ ചന്ദ്രനില്‍ ഇറങ്ങിയാല്‍ ഉടൻതന്നെ റോവര്‍ വേര്‍പെടും. ലാൻഡറിലെയും റോവറിലെയും വിവിധ ഉപകരണങ്ങള്‍ ചന്ദ്രനിലെ വാതകങ്ങളെക്കുറിച്ചും രാസപദാര്‍ത്ഥങ്ങളെക്കുറിച്ചും പഠനം നടത്തും. ഇന്ത്യയുടെ ഭാവിയിലെ ഗ്രഹാന്തര ദൗത്യങ്ങളുടെ ഗതി നിര്‍ണയിക്കുന്നതും ചന്ദ്രയാൻ 3 ആണ്.

Leave a Reply

Your email address will not be published. Required fields are marked *