3/9/22
തിരുവനന്തപുരം :എം. ബി.രാജേഷ് പടിയിറങ്ങുകയാണ്.കുറച്ചു കാലം മാത്രമേ സ്‌പീക്കർ കസേരയിലിരുന്നു എങ്കിലും സൗമ്യതയോടെ പല വിഷയങ്ങളും കൈകാര്യം ചെയ്തിട്ടുണ്ട്.
രാഷ്ട്രീയകേരളം ചര്‍ച്ച ചെയ്ത റൂളിംഗുകളിലൂടെയും ഭരണ – പ്രതിപക്ഷങ്ങളെ ഒരേയളവില്‍ കണ്ടും സ്പീക്കര്‍ പദവിയില്‍ രാജേഷ് ശ്രദ്ധേയനായി. ഈ കരുത്ത് മന്ത്രിസ്ഥാനത്ത് അദ്ദേഹത്തിന് മുതല്‍ക്കൂട്ടാകും.
വടകരയില്‍ നിന്നുള്ള ആര്‍.എം.പി അംഗം കെ.കെ. രമയ്ക്കെതിരെ നിയമസഭയില്‍ സി.പി.എം അംഗം എം.എം. മണി നടത്തിയ പരാമര്‍ശം രാഷ്ട്രീയ കോളിളക്കമുണ്ടാക്കിയപ്പോള്‍ സ്പീക്കര്‍ രാജേഷ് നല്‍കിയ റൂളിംഗ് കേരളനിയമസഭയുടെ ചരിത്രത്തിലെ എണ്ണപ്പെട്ട ഒന്നായാണ് വിലയിരുത്തുന്നത്. ലിംഗസമത്വത്തിന്റെ പ്രാധാന്യം ഉയര്‍ത്തിപ്പിടിച്ചും സ്ത്രീകള്‍ക്ക് സമൂഹത്തില്‍ കിട്ടേണ്ട പരിഗണനയും മാന്യതയും വിശദീകരിച്ചും വാക്കുകള്‍ ഉപയോഗിക്കുമ്പോൾ ഉണ്ടാകേണ്ട കരുതല്‍ ഓര്‍മ്മിപ്പിച്ചുമായിരുന്നു ആ റൂളിംഗ്.ബഡ്ജറ്റ് സമ്മേളനത്തില്‍ ധനാഭ്യര്‍ത്ഥന ചര്‍ച്ചയ്ക്കിടെയാണ് കെ.കെ. രമയ്ക്കെതിരെ മണിയുടെ വിവാദ പരാമര്‍ശമുണ്ടായത്. മണി മാപ്പ് പറയണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം സഭ സ്തംഭിപ്പിച്ചു. മാപ്പ് പറയാന്‍ മണി തയാറായില്ല. സ്പീക്കറുടെ റൂളിംഗില്‍ പ്രതിപക്ഷവും മതിപ്പ് പ്രകടിപ്പിച്ചു. റൂളിംഗിന്റെ അടിസ്ഥാനത്തില്‍ എം.എം. മണി പരാമര്‍ശം പിന്‍വലിച്ചു.
രാജേഷ് സ്പീക്കറായ ശേഷം കൈക്കൊണ്ട പല നിലപാടുകളും റൂളിംഗുകളും സഭയുടെ ഔന്നത്യം ഉയര്‍ത്തിപ്പിടിക്കുന്നതായിരുന്നു. സർക്കാരിനൊപ്പം നിൽക്കുമ്പോഴും പ്രതിപക്ഷ താല്പര്യം സംരക്ഷിക്കുന്നതിലും അദ്ദേഹം ജാഗ്രത കാട്ടി. നിലപാടുകളിലെ കാര്‍ക്കശ്യത്തില്‍ വിട്ടുവീഴ്ചയുണ്ടായില്ല.
രാജേഷ് നിറുത്തിയേടത്ത് നിന്ന് തുടങ്ങേണ്ടി വരുമ്പോൾ എ.എന്‍. ഷംസീറിന് സഭയുടെ അംഗീകാരം നേടുകയെന്ന വെല്ലുവിളി മുന്നിലുണ്ട്. രണ്ടാം തവണ എം.എല്‍.എയായ ഷംസീറിന് ഈ പരിചയം തുണയാകുമെന്ന് സി.പി.എം വിലയിരുത്തുന്നു.
ഒന്നാം പിണറായി മന്ത്രി സഭയിൽ സ്പീക്കർ ആയിരുന്ന ശ്രീരാമകൃഷ്ണൻ നിർത്തിയ ഇടത്ത് നിന്നുതന്നെ എം. ബി. രാജേഷ് തുടങ്ങി. ഒരു DYFI നേതാവിൽ നിന്നും സ്പീക്കർ ആയപ്പോൾ ആ ചെയറിന് വേണ്ട യോഗ്യത രാജേഷ് പ്രകടിപ്പിച്ചു. പക്വതയർന്ന പ്രവർത്തനം രാജേഷിനെ വളരെ പെട്ടന്ന് സ്വീകാര്യനാക്കി.
സ്വയം നിയന്ത്രണമില്ലാത്ത ഷംസീർ എങ്ങനെ സഭയെ നിയന്ത്രിക്കും എന്നാണ് ട്രോളൻ മാർ ചോദിക്കുന്നത്.രാജേഷ് പലതവണ താക്കീത് ചെയ്തിട്ടുള്ള ഷംസീർ ഇനി പലരെയും താകീത് ചെയ്യുന്ന കാഴ്ച കാണാനിരിക്കുന്നതേ ഉള്ളൂ.