നവതിയുടെ നിറവിൽ ശോഭിച്ചു നിൽക്കുന്ന മഹാനടൻ മധുവുമായി കടക്കാവൂർ പ്രേമചന്ദ്രൻ നായർ നടത്തിയ അഭിമുഖം1 min read

23/9/22

മലയാളത്തിന്റെ മഹാനാടൻ നവതിയുടെ നിറവിൽ. അദ്ദേഹവുമായി കടയ്ക്കാവൂർ പ്രേമചന്ദ്രൻ നായർ നടത്തിയ അഭിമുഖം.

പത്മശ്രീ മധു മലയാളത്തിന്റെ അഭിനയ ചക്രവർത്തി
മലയാള ചലച്ചിത്ര രംഗത്തെ അതുല്യ അഭിനയ പ്രതിഭകളിൽ പ്രമുഖനായ മധു ദേശീയ പ്രസ്ഥാനത്തിലും സാമൂഹിക-സാസ്‌കാരിക രംഗങ്ങളിൽ ആദരണീയനുമാണ്. തിരുവന്തപുരം നഗരപിതാവായിരുന്ന ആർ.പരമേശ്വരൻപിള്ളയുടെ മകനായി 1933ൽ തിരുവനന്തപുരത്തെ ഗൗരീശപട്ടത്താണ് ജനിച്ചത്. നാനൂറിൽപ്പരം ചിത്രങ്ങളിൽ അഭിനയിച്ച ഇദ്ദേഹം ഒരു ഡസനിലേറെ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. ഒന്നിലധികം പ്രാവശ്യം തിരുവനന്തപുരം നഗരസഭാംഗമായി തിരെഞ്ഞെടുക്കപ്പെട്ട സേതുലക്ഷ്മി ഇദ്ദേഹത്തിന്റെ സഹോദരിയാണ്. ദേശീയ അവാർഡുകളിലൂടെ മലയാളചലച്ചിത്രരംഗത്തെ ധന്യമാക്കിയ പ്രതിഭാധനനാണ് മധു എന്ന മാധവൻ നായർ. ഭാർഗ്ഗവീനിലയം ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്ത് ശ്രദ്ധേയനായി മാറിയത്. അവിടെ നിന്ന് ചെമ്മീനിലെ പരീക്കുട്ടിയിലെത്തുമ്പോൾ മധുവിലെ അഭിനയപ്രതിഭ വിശ്വപ്രസിദ്ധമായി. കോളേജ് അദ്ധ്യാപകനായിരുന്ന മധു ഡൽഹി സ്‌കൂൾ ഓഫ് ഡ്രാമയിൽ നിന്ന് ബിരുദം നേടിയിട്ടുണ്ട്. അഭിനയത്തിന്റെ സാങ്കേതിക വശങ്ങളെക്കുറിച്ച് ആധികാരികമായി പറയാൻ ഇതദ്ദേഹത്തിനെ സഹായിച്ചിട്ടുണ്ട്. അദ്ധ്യാപകവ്യത്തിയിൽ നിന്ന് ചലച്ചിത്രരംഗത്തേക്കുള്ള മധുവിന്റെ തീർത്ഥയാത്ര മലയാളികളുടെ മനസ്സിൽ എന്നെന്നും നിറഞ്ഞുനിൽക്കുന്ന ഒട്ടനവധി ജീവനുറ്റ കഥാപാത്രങ്ങളുടെ വിജയത്തിന് വഴിതെളിച്ചു. ‘ഇതാ ഇവിടെ വരെ ‘യിലെ പൈലി, ‘യുദ്ധകാണ്ഡത്തിലെ’ പ്രസാദ് ‘മനുഷ്യനിലെ’ മധുസൂദനൻ ‘ വെള്ള’ത്തിലെ മാത്തുണ്ണി, ‘ഹ്യദയം ഒരു ക്ഷേത്രത്തിലെ’ ഡോ.രമേഷ് എന്നിവ ഉദാഹരണങ്ങളാണ്. സംവിധായകൻ രഞ്ജിത്ത് സംവിധാനം ചെയ്ത ‘സ്പിരിറ്റ്’ എന്ന ചിത്രത്തിലെ ക്യാപ്റ്റൻ എന്ന കഥാപാത്രം മധുവിന്റെ ഏറെ വ്യത്യസ്തമായ ഒരു കഥാപാത്രമായിരുന്നു. കൂടാതെ നഖങ്ങൾ, പച്ചവെളിച്ചം, അക്കൽദാമ, സിന്ദൂരച്ചെപ്പ്, ആഭിജാത്യം, തുടങ്ങി എത്രയെത്ര ചിത്രങ്ങൾ. ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത ‘ഒരു പൈങ്കിളി കഥ’യിലെ കരുത്തുറ്റ കഥാപാത്രം. മാധവൻകുട്ടിയിൽ അഭിനയിക്കുകയല്ല. ജീവിക്കുകയായിരുന്നു. എന്നതിന് ഉത്തമ ഉദാഹരമാണ്. അൻപത് ആണ്ട് പിന്നിടുന്ന ഈ അഭിനയ പ്രതിഭ നിർമാതാവ്, സ്റ്റുഡിയോ ഉടമ, സംവിധായകൻ എന്നീ നിലകളിലൂടെ മലയാള ചലച്ചിത്രമേഖലക്ക് നൽകിയിട്ടുള്ള സംഭാവനകൾ അഭിമാനാഹർഹമാണ്. തിക്കുറിശ്ശി, സത്യൻ, നസീർ, എന്നീ പ്രതിഭകൾക്കൊപ്പം മധു തുടങ്ങിവെച്ച അമൂല്യമായ അഭിനയചാതുര്യം ഇന്നും അനശ്വരമായി തുടർന്നുകൊണ്ടേയിരിക്കുന്നു. മലയാളത്തിൽ നിന്നും ആദ്യമായി സ്വർണ്ണമെഡൽ നേടിയ രാമുകാര്യാട്ടിന്റെ ചെമ്മീനിലെ പരീകുട്ടി ചലച്ചിത്ര പ്രേമികളുടെ മനസ്സിൽ എന്നെന്നും നിലനിൽക്കുക തന്നെ ചെയ്യും. അദ്ദേഹത്തിന്റെ അഭിനയ മൂഹുർത്തങ്ങളെ ധന്യമാക്കിയ ചെമ്മീനിലെ ‘മാനസമൈനേ വരൂ’ ഹ്യദയം ഒരു ക്ഷേത്രത്തിലെ ‘മംഗളം നേരുന്നു ഞാൻ ‘ സിന്ദൂരച്ചെപ്പിലെ ‘ ഓമലാളെ കണ്ടു ഞാൻ പൂങ്കിനാവിൽ’ നഖങ്ങളിലെ ‘ക്യഷ്ണപക്ഷിക്കിളി ചിലച്ചു ‘ കാക്കത്തമ്പുരാട്ടിയിലെ ‘ അമ്പലപ്പുഴ വേല കണ്ടു ഞാൻ ‘ തുടങ്ങിയ പാട്ടുകളുടെ വിജയം അതിന്റെ ചിത്രീകരണത്തിന് മധു എന്ന നടന്റെ അഭിനയ പ്രാഗത്ഭ്യം കൂടി ഒത്തുച്ചേർന്നപ്പോഴുണ്ടായ വിജയമാണെന്ന് പറഞ്ഞാൽ അതിൽ അതിശയോക്തിയുണ്ടാവില്ല.

 

*ചെമ്മീനിലെ പരീക്കുട്ടി എന്ന ഒറ്റ കഥാപാത്രത്തിലൂടെ തന്നെ ചലച്ചിത്രരംഗത്ത് സ്ഥിരപ്രതിഷ്ഠ നേടിയ അങ്ങ് സിനിമയിലേക്ക് വരാനുണ്ടായ സാഹചര്യം ?

‘**അങ്ങനെയാരു സാഹചര്യമൊന്നുമില്ല. ആദ്യമായി രാമുകാര്യാട്ടിന്റെ മൂടുപടത്തിൽ അഭിനയിക്കാനാണ് എത്തുന്നത്. എന്നാൽ എൻ.എൻ പിഷാരടിയുടെ നിണമണിഞ്ഞ കാല്പാടുകൾ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആണ് ആദ്യം ആരംഭിച്ചത്. അതിൽ അഭിനയിച്ചു അത്ര തന്നെ.

*എത്ര ചിത്രങ്ങളിൽ നാളിതുവരെ വേഷമിട്ടിട്ടുണ്ട് ? അവയിൽ താങ്കൾ കൂടുതലിഷ്ടപ്പെടുന്ന കഥാപാത്രങ്ങൾ ?

**400ൽ പരം ചിത്രങ്ങളിൽ അഭിനയിച്ചു കഴിഞ്ഞു. ‘ ചെമ്മീനിലെയും’ ‘ഉമ്മാച്ചു’ വിലേയും നായകകഥാപാത്രങ്ങളോട് ഇന്നും കൂടുതൽ ഇഷ്ടം തോന്നുന്നു.

*ഇഷ്ടനായിക, ഇഷ്ടകഥാക്യത്ത്, സംവിധായകൻ ഇവർ ആരൊക്കെയാണ്?

**അങ്ങനെ ആരോടും പ്രത്യേക ഇഷ്ടമൊന്നുമില്ല. ധാരാളം സുഹ്യത്തുക്കൾ ഈ രംഗത്തുണ്ട്.

*പഴയകാല സിനിമകളും ഇന്നത്തെ സിനിമകളും തമ്മിലുള്ള കാതലായ അന്തരം എന്താണ്?

**ഇപ്പോൾ കാലഘട്ടത്തിനനുസരിച്ച് ഒരു മാറ്റം വന്നിട്ടുണ്ട്. സിനിമയില്ലെന്നല്ല എല്ലാ രംഗത്തും അത് പ്രകടമാണ്.

*ദീർഘനാളത്തെ സിനിമാഭിനയത്തിനിടയിൽ ഉണ്ടായിട്ടുള്ള അവിസ്മരണീയമായ മുഹൂർത്തങ്ങൾ എന്തെല്ലാം?

**അങ്ങനെ എടുത്തുപറയത്തക്കതായി ഒന്നും തന്നെയില്ല.

*മലയാളചലച്ചിത്രരംഗത്തെ ത്രിമൂർത്തികളിൽ ഒരാളാണല്ലോ താങ്കൾ. വിടപറഞ്ഞുപോയ അനശ്വരരായ ആ രണ്ട് പേരെക്കുറിച്ച് എന്താണ് പറയാനുള്ളത് ?

**സത്യൻസാർ എനിക്ക് ഗുരുതുല്യനാണ്. ഞാൻ പഠിച്ചിരുന്ന സ്‌കൂളിൽ വളരെക്കാലം മുമ്പ് ഇദ്ദേഹം അദ്ധ്യാപകനായിരുന്നു. പിന്നീട് സെക്രട്ടറിയേറ്റിലും, മിലിറ്ററിയിലും ഉദ്യോഗസ്ഥനായി. ഒടുവിൽ സിനിമയിലെത്തി. സത്യൻസാറിന് എന്നോട് ഏറെ ബഹുമാനമായിരുന്നു. പ്രേംനസീറുമായി അടുത്ത സൗഹ്യദമാണ് ഉണ്ടായിരുന്നത്. ഞങ്ങളൊരുമിച്ച് ധാരാളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഇരുവരുമായും നല്ലരീതിയിലുള്ള ബന്ധമാണ് പുലർത്തിയിരുന്നത്.

*അമ്മ എന്ന സംഘടനയെക്കുറിച്ച് ?

**മൂന്ന് കൊല്ലം ഞാൻ അതിന്റെ പ്രസിഡന്റായിരുന്നു

സമകാലീന സിനിമയോടും സീരിയലുകളോടുമുള്ള അങ്ങയുടെ സമീപനം ?

അങ്ങനെ പ്രത്യേകിച്ചൊരു സമീപനമില്ല. അഭിനയം ഒരു തൊഴിലാണ്. നിർമ്മാതാക്കളോ സംവിധായകരോ വിളിച്ചാൽ പോയി അഭിനയിക്കും.

അദ്ധ്യാപന ജീവിതത്തിൽ നിന്നും അഭിനയ ജീവിതത്തിലേക്ക് കടന്നുവന്ന അങ്ങയുടെ ജീവിതം ധന്യമാണ്.  ഇപ്പോഴും അങ്ങ് അഭിനയം തുടരുന്നു എന്നുള്ളതാണ് മലയാളികളെ അത്ഭുതപ്പെടുത്തുന്നത്. മലയാള സിനിമാലോകത്തെ കാരണവരായി ജീവിക്കുന്ന അങ്ങേക്ക് ജീവിതത്തിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ എന്തു തോന്നുന്നു ?

**വളരെയധികം ചാരിതാർത്ഥ്യം തോന്നുന്നുണ്ട്. ഇന്നത്തെ തലമുറയിൽപ്പെട്ടവരുമായും, കഴിഞ്ഞ തലമുറയിലെ അഭിനേതാക്കളുമായി ഒന്നിച്ച് സഹകരിക്കാനവസരം ലഭിച്ചു എന്നതാണ് മുഖ്യ സവിശേഷത.

നടൻ, നിർമ്മാതാവ്, സംവിധായകൻ എന്നീ നിലകളിൽ മലയാളസിനിമയിൽ പ്രസിദ്ധി നേടിയ അങ്ങ് ഇതിലേതു ശാഖക്കാണ് പ്രാമുഖ്യം കൽപ്പിക്കുന്നത്?

**നടനെന്ന നിലക്കായാലും സംവിധായകനെന്ന നിലക്കായാലും നടനെന്ന നിലക്ക് പ്രാധാന്യം നൽകേണ്ടതുണ്ട്

ചെമ്മീൻ എന്ന സിനിമയിലൂടെ ദേശീയ നിലവാരത്തിൽ തുടക്കത്തിലേ എത്തിച്ചേർന്ന മധുസാറിന് ഡൽഹി സ്‌കൂൾ ഓഫ് ഡ്രാമ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാഭ്യാസം ഏതുവിധമാണ് പ്രയോജനപ്പെട്ടിട്ടുള്ളത് ?

ഡൽഹി സ്‌കൂൾ ഓഫ് ഡ്രാമ എന്ന സ്ഥാപനത്തിലെ പരിശീലനമാണ് എന്നെ ഇന്ന് ഈ നിലയിലേക്കെത്തിച്ചത് തന്നെ. അത് പിന്നീട് ചെമ്മീനിലും, മറ്റും പ്രതിഫലിക്കുകയാണുണ്ടായത്. വളരെയധികം പ്രയോജനകരവുമായിരുന്നു.

നാടകത്തെ അങ്ങ് ഇപ്പോഴും ജീവശ്വാസം പോലെ സ്‌നേഹിക്കുന്നു. സിനിമയും നാടകവും തമ്മിൽ ഒരു താരതമ്യപഠനത്തിന് മുതിർന്നാൽ അങ്ങയുടെ അഭിപ്രായം എന്തായിരിക്കും ?

ഇതിൽ ഏതാണ് ശ്രേഷ്ഠമെന്ന് വെച്ചാൽ പലരും നാടകത്തിലൂടെയാണ് സിനിമയിലെത്തിച്ചേർന്നത്. സിനിമയും നാടകവും രണ്ടും രണ്ടാണ്.

ഇന്ന് മലയാള സിനിമക്ക് പ്രമേയ ദാരിദ്ര്യം ഉണ്ടോ ? മുൻപൊക്കെ വിലപ്പെട്ട സാഹിത്യക്യതികൾ, നോവലുകൾ, നാടകം, 1980കൾ വരെ സിനിമ വിഷയമായിരുന്നു. ഇപ്പോൾ ജീവിതഗന്ധിയായ ഒന്നും ചിത്രീകരിക്കുന്നില്ല. എന്താണ് കാരണം ?

**അതെ ഉണ്ട്. മാത്രവുമല്ല അത് കാലഘട്ടത്തിന്റെ ഒരു മാറ്റവുമാണ്. ഇന്നിപ്പോൾ അത്തരം സിനിമകൾ ആരും സംവിധാനം ചെയ്തു കാണുന്നില്ല. ഇന്നത്തെ പുതിയതലമുറ അത്തരം സിനിമകൾ കാണാൻ താൽപ്പര്യം കാണിക്കുന്നില്ല.

മുതിർന്ന നടൻ എന്ന നിലക്ക് ഇപ്പോഴുള്ള സിനിമാ പ്രവർത്തകരോട് അങ്ങേയ്ക്ക് എന്തെങ്കിലും നിർദേശങ്ങൾ നൽകാനുണ്ടോ?

സിനിമയായാലും, മറ്റ് ഏത് കലാരൂപമായാലും അത് സമൂഹത്തിനെ നന്മയിലെക്ക് നയിക്കുന്ന തരത്തിലായിരിക്കണം. പ്രത്യേകിച്ച് ഇന്നത്തെ സാഹചര്യത്തിൽ. കലകൾ എപ്പോഴും ജനകീയമായിരിക്കണം. അതിലൂടെ പുതിയ തലമുറക്ക് പലതും കാണാനും, കേൾക്കാനും പുരോഗതിയിലേക്ക് നയിക്കാനും പ്രാപ്തമായിരിക്കും.

ലേഖകൻ കടയ്ക്കാവൂർ പ്രേമചന്ദ്രൻനായരും, ചലച്ചിത്ര താരം പത്മശ്രീ മധുവുമായി നടത്തിയ അഭിമുഖം.

Leave a Reply

Your email address will not be published. Required fields are marked *