മാലിന്യങ്ങൾ തള്ളുന്നവർക്ക് പണി വരുന്നുണ്ട്…1 min read

തിരുവനന്തപുരം :മാലിന്യമുക്തം നവകേരളം ക്യാംപയിന്റെ ഭാഗമായി മാലിന്യങ്ങൾ വലിച്ചെറിയുക,കത്തിക്കുക, മലിനജലം ഒഴുക്കി വിടുക തുടങ്ങിയ നിയമവിരുദ്ധ പ്രവർത്തനങ്ങൾ അറിയിക്കാൻ പൊതുജനങ്ങൾക്കായി കേന്ദ്രീകൃത വാട്ട്സാപ്പ് സംവിധാനം യാഥാർഥ്യമായി. 9466 700 800 എന്ന വാട്ട്സാപ്പ് നമ്പറിലൂടെ മലിനീകരണവുമായി ബന്ധപ്പെട്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നടപടി സ്വീകരിക്കേണ്ട പരാതികൾ ഇനി പൊതുജനങ്ങൾക്ക് അറിയിക്കാനാവും. വാട്ട്സാപ്പ് നമ്പറിന്റെ പ്രഖ്യാപനം കൊല്ലം കോർപറേഷനിൽ നടന്ന ചടങ്ങിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് നിർവ്വഹിച്ചു. പൊതുസ്ഥലങ്ങളിലെ മാലിന്യക്കൂനകൾ സംബന്ധിച്ച പരാതികളും ഇനി ഈ നമ്പറിലൂടെ പൊതുജനങ്ങൾക്ക് അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തി പരിഹാരം തേടാം.  ഇത്തരം മാർഗ്ഗങ്ങളിലൂടെ മാലിന്യപ്രശ്നത്തിൽ ജനകീയ ഓഡിറ്റും സാധ്യമാവും. തദ്ദേശ സ്വയം ഭരണ വകുപ്പിന് വേണ്ടി ഇൻഫർമേഷൻ കേരള മിഷൻറെ സാങ്കേതിക പിന്തുണയോടെ ശുചിത്വ മിഷൻ ആണ് പദ്ധതി ആവിഷ്കരിച്ചത്. സംസ്ഥാനത്ത് എവിടെ നിന്നും വാട്സാപ്പിൽ ലഭിക്കുന്ന പരാതികൾ അവയുടെ ലൊക്കേഷൻ മനസ്സിലാക്കി ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ  സ്ഥാപനത്തിന് തുടർ നടപടികൾക്കായി കൈമാറുന്നതിനുള്ള സാങ്കേതിക സംവിധാനമാണ് ഇൻഫർമേഷൻ കേരള മിഷൻ തയാറാക്കിയത്. നിർദിഷ്ട വാട്സാപ്പ് നമ്പറിൽ മലിനീകരണം നടത്തുന്ന ആളിൻറെ പേര്,വാഹന നമ്പർ അറിയുമെങ്കിൽ അവയും ഒപ്പം ഫോട്ടോകളും സഹിതം പരാതി അറിയിക്കാം. തുടർന്ന് ലൊക്കേഷൻ വിശദാംശങ്ങളും ലഭ്യമാക്കണം. ഇങ്ങനെ ലഭിക്കുന്ന പരാതികൾ മാലിന്യ മുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി വികസിപ്പിച്ച വാർറൂം പോർട്ടലിലൂടെ തദ്ദേശ സ്വയംഭരണ സ്ഥാപങ്ങൾക്ക് ലഭ്യമാക്കും. മലിനീകരണവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾ തെളിവ് സഹിതം റിപ്പോർട്ട് ചെയ്യുന്നവർക്ക് നിയമലംഘനത്തിന്മേൽ ഈടാക്കിയ പിഴയുടെ 25 % തുക (പരമാവധി 2500 രൂപ) പാരിതോഷികം നൽകുന്നതിനും  അത് വഴി ഇത്തരം നിയമലംഘനങ്ങൾ തടയുന്ന വിധത്തിൽ സാമൂഹിക നിരീക്ഷണം ശക്തമാക്കുന്നതിനും ലക്ഷ്യമാക്കി സ്വീകരിച്ച സർക്കാർ നടപടിക്ക് പരമാവധി പ്രചാരണം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ഇത്തരം പരാതികൾ തദ്ദേശസ്വയംഭരണ സ്ഥാപനകൾക്ക് റിപ്പോർട്ട് ചെയ്യുന്നതിനായാണ്  സംസ്ഥാന വ്യാപകമായി ഒറ്റ വാട്സാപ്പ് നമ്പർ സൗകര്യം പൊതുജനങ്ങൾക്കായി ലഭ്യമാക്കുന്നത്.

ഇത്തരം നിയമ ലംഘനങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനായി ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും പ്രത്യേകം  വാട്സാപ്പ് നമ്പറുകൾ ആണ് നിലവിൽ ഉണ്ടായിരുന്നത്. ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും നമ്പറുകൾ മനസ്സിലാക്കി പരാതികൾ അറിയിക്കുക എന്നത് പൊതുജനങ്ങൾക്ക് അസൗകര്യം ആയതിനാലാണ് സംസ്ഥാന വ്യാപകമായി ഒറ്റ വാട്സാപ്പ് നമ്പർ സേവനം ലഭ്യമാക്കുന്നത്.
എന്നാൽ പൊതുജനങ്ങൾ റിപ്പോർട്ട് ചെയ്യുന്ന പരാതികളിന്മേൽ കൃത്യമായ തുടർനടപടി തദ്ദേശ സ്ഥാപനങ്ങൾ സ്വീകരിക്കുന്ന കാര്യത്തിലും  തുടർന്ന് റിപ്പോർട്ട് ചെയ്ത ആൾക്കുള്ള പാരിതോഷികം ലഭ്യമാക്കുന്ന കാര്യത്തിലും  വീഴ്ച ഉണ്ടാവരുത് എന്ന് ഈ പദ്ധതി പ്രഖ്യാപിച്ചുകൊണ്ട് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് നിർദേശിച്ചു. ഇക്കാര്യത്തിൽ ഒരു ദൈനംദിന മേൽനോട്ട / അവലോകന സംവിധാനം സംസ്ഥാന തലത്തിൽ തദ്ദേശ സ്വയംഭരണ പ്രിൻസിപ്പൽ ഡയറക്ടറേറ്റിൻറെ ഭാഗമായി  സജ്ജമാക്കും. നിലവിൽ അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാട്സാപ്പ് നമ്പറുകളിലേക്ക് നിയമലംഘനങ്ങളുടെ റിപ്പോർട്ടിങ് നടക്കുകയും ആയത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വാർ റൂം പോർട്ടലിലേക്ക് രേഖപെടുത്തുകയും ചെയ്യുന്ന രീതിയാണ് ഉള്ളത്. ആയതിനാൽ  അതാതു തദ്ദേശസ്ഥാപനങ്ങളുടെ വാട്സാപ്പ് നമ്പറുകളിലേക്ക് എത്ര പരാതികൾ വന്നിട്ടുണ്ട് എന്നോ, അതിൽ എത്ര എണ്ണത്തിന്മേൽ നടപടി എടുത്തു എന്നോ അവർ തന്നെ വാർ റൂം പോർട്ടലിൽ ലഭ്യമാക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ മാത്രമേ  ജില്ലാ-സംസ്ഥാന തലത്തിൽ വിലയിരുത്തുന്നതിന് സാധിക്കൂ.  വാർ റൂം പോർട്ടലിൽ വിവരങ്ങൾ രേഖപ്പെടുത്തുന്നതിൽ തദ്ദേശ സ്ഥാപനങ്ങൾ കൃത്യത പാലിക്കുന്നുണ്ട്  എന്ന്  ഉറപ്പാക്കാനും നിലവിൽ മാർഗ്ഗമില്ല.
മാത്രവുമല്ല അതതു തദ്ദേശ സ്ഥാപനങ്ങളുടെ വാട്സാപ്പ് നമ്പറിലേക്ക് പ്രാദേശികമായി പരാതി അറിയിക്കുന്ന രീതി പരാതിക്കാരന്റെ പേര് വിവരങ്ങൾ സംബന്ധിച്ച രഹസ്യ സ്വഭാവം കാത്തു സൂക്ഷിക്കും എന്ന കാര്യത്തിൽ ചില സംശയങ്ങൾക്കും വിശ്വാസക്കുറവിനും ഇടയാക്കുകയും പരാതി അറിയിക്കുന്നതിൽ നിന്ന് ജനങ്ങളെ നിരുത്സാഹപ്പെടുത്തുകയും ചെയ്തേക്കാം.  ഈ സാഹചര്യത്തിൽ കേന്ദ്രീകൃതമായ ഒരു സൗകര്യം ഉണ്ടാവുകയും അവിടെ ലഭിക്കുന്ന പരാതികൾ അവിടെ നിന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ലഭ്യമാക്കുകയും ചെയ്യുന്ന ഒരു രീതി ഉണ്ടാവുന്നതാവും ഉചിതം എന്ന് കണ്ടതിനാലാണ് ഈ സംവിധാനം ഒരുക്കിയത്. ഇതിനായി ഒരു മൊബൈൽ അപ്ലിക്കേഷൻ തയാറാക്കുകയും അതിൽ നിന്ന് ലഭിക്കുന്ന പരാതികൾ തദ്ദേശ സ്ഥാപനങ്ങളുടെ വാട്സാപ്പ് നമ്പറിലേക്ക് പരാതികൾ ഫോർവേഡ് ചെയ്യുകയും ചെയ്യും. ഇങ്ങനെ വരുമ്പോൾ സംസ്ഥാനത്തൊട്ടാകെ പരാതി അറിയിക്കുന്നതിന് 1034 തദ്ദേശ സ്ഥാപനങ്ങക്ക് അത്രയും തന്നെ എണ്ണം  വാട്സാപ്പ് നമ്പറുകൾക്ക് പകരം ഒരു പൊതു സംവിധാനം ഉണ്ടാവുകയും ആ സംവിധാനത്തിന്റെ പ്രചാരണം എളുപ്പത്തിൽ സാധ്യമാവുകയും ചെയ്യും. ഇതിനായി ഒരു കേന്ദ്രീകൃത ഹെൽപ്പ്ലൈൻ സംവിധാനം സജ്ജമാക്കുകയും ലഭിക്കുന്ന പരാതികൾ ഇവിടെ നിന്ന് കൃത്യമായി തദ്ദേശ സ്ഥാപനങ്ങൾക്ക്‌ ലഭ്യമാക്കി തുടർ കൃത്യമാക്കുകയും ചെയ്യും. കൂടാതെ രഹസ്യ സ്വഭാവം കാത്ത് സൂക്ഷിക്കുന്നതിനും ഇത് സഹായകമാവും

Leave a Reply

Your email address will not be published. Required fields are marked *