31/10/23
കാസറഗോഡ്:വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നതുമായി ബന്ധപ്പെട്ട് ഡപ്യൂട്ടി തഹസില്‍ദാരെ മര്‍ദിച്ച കേസിൽ മഞ്ചേശ്വരം എം എല്‍ എയ്ക്ക് തടവ് ശിക്ഷ വിധിച്ച് കോടതി. എ കെ എം അഷ്‌റഫിനാണ് കാസര്‍കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഒരു വര്‍ഷം തടവും 10,000 രൂപ പിഴയും വിധിച്ചത്. സാക്ഷികളില്ലാത്ത കേസാണെന്നും വിധിക്കെതിരെ അപ്പീല്‍ പോകുമെന്നും എം എല്‍ എ പറഞ്ഞു.
2010 നവംബര്‍ 25നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ നടന്ന പേരു ചേര്‍ക്കല്‍ അപേക്ഷ പരിശോധനയില്‍ ബങ്കര മഞ്ചേശ്വരത്ത് താമസിക്കുന്ന മെെസൂരു സ്വദേശി മുനാവുര്‍ ഇസ്മായിലിന്റെ അപേക്ഷ ഡപ്യൂട്ടി തഹസില്‍ദാര്‍ എ ദാമോദരൻ നിരസിച്ചിരുന്നു. മെെസൂരുവില്‍ നിന്നുള്ള വോട്ടര്‍പട്ടിക വിടുതല്‍ രേഖ ഇല്ലെന്ന കാരണത്താലാണ് അപേക്ഷ നിരസിച്ചത്.
ബന്ധപ്പെട്ട രേഖ ഹാജരാക്കിയാല്‍ പേരു ചേര്‍ക്കാൻ അവസരം ഉണ്ടാകുമെന്നും അറിയിച്ചിരുന്നു. തുടര്‍ന്ന് ദാമോദരനെ അന്ന് ജില്ലാ പഞ്ചായത്തംഗമായിരുന്ന എ കെ എം അഷ്‌റഫ്, പഞ്ചായത്തംഗമായിരുന്ന അബ്ദുള്ള കജ, ബഷീര്‍ കനില തുടങ്ങിയ 35 പേര്‍ ചുറ്റും കൂടി കസേരയില്‍ നിന്ന് തള്ളിയിട്ട് മര്‍ദിച്ചുവെന്നാണ് കേസ്. മഞ്ചേശ്വരം പൊലീസാണ് കേസെടുത്തത്.