തൊഴിലുറപ്പ് പദ്ധതി :കൂലി 15ദിവസത്തിനകം നൽകിയില്ലെങ്കിൽ നഷ്ടപരിഹാരം :മന്ത്രി. എം. ബി. രാജേഷ്1 min read

25/11/22

കണ്ണൂർ :തൊഴിലുറപ്പ് കൂലി 15ദിവസത്തിനകം നൽകണമെന്ന് മന്ത്രി. എം. ബി. രാജേഷ്. വൈകിയാൽ നഷ്ടപരിഹാരം നൽകുമെന്നും മന്ത്രി അറിയിച്ചു.

നീര്‍ത്തടാധിഷ്ഠിത സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി മുഴുവന്‍ നീര്‍ത്തടങ്ങളിലും സമഗ്ര നീര്‍ത്തട പരിപാലന പദ്ധതി തയ്യാറാക്കുന്നതിന്റെ സംസ്ഥാന തല പ്രഖ്യാപനവും സമഗ്ര പദ്ധതി രേഖാ പ്രകാശനവും കണ്ണൂര്‍ ജില്ലയിലെ പേരാവൂരില്‍ നിര്‍വ്വഹിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് ഒരു ബ്ലോക്കിലെ മുഴുവന്‍ നീര്‍ത്തടങ്ങള്‍ക്കും സമഗ്ര . നീര്‍ത്തട പരിപാലന പദ്ധതി തയ്യാറാക്കിയ ആദ്യ ബ്ലോക്ക് പഞ്ചായത്തായി പേരാവൂര്‍ മാറിയതിന്റെ പ്രഖ്യാപനവും മന്ത്രി നിര്‍വ്വഹിച്ചു.

തൊഴിലുറപ്പ് കൂലി വൈകിയാല്‍ കാരണക്കാരനായ ഉദ്യോഗസ്ഥനില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കുമെന്നും മന്ത്രി പറഞ്ഞു.
മണ്ണ് ജലസംരക്ഷണ കാര്‍ഷിക വികസന രംഗത്ത് പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്ത് കേരളത്തിന് മാതൃകയാണ്. തൊഴിലുറപ്പ് പദ്ധതി ഉപയോഗപ്പെടുത്തിയാണ് നീര്‍ത്തട വികസനം നടപ്പിലാക്കുന്നത്. 100 തൊഴില്‍ ദിനങ്ങള്‍ നല്‍കുന്നതിലും വനിതാ പങ്കാളിത്തം ഉറപ്പ് വരുത്തുന്നതിലും കേരളം മുന്നിലാണ്. പട്ടികവര്‍ഗ്ഗ മേഖലയില്‍ ട്രൈബല്‍ പ്ലസ് എന്ന പേരില്‍ 200 ദിവസം തൊഴില്‍ നല്‍കുന്നുണ്ട്. മണ്ണ് ജലസംരക്ഷണ കാര്‍ഷിക വികസനത്തിന് തൊഴിലുപ്പ് പദ്ധതി ഉപയോഗപ്പെടുത്തി പേരാവൂര്‍ കേരളത്തിന് വഴി കാണിക്കുന്നു. കേരളം ഇന്ത്യക്ക് വഴികാട്ടുന്നു. ഈ പദ്ധതി ജനകീയമായി നടപ്പാക്കാനാണ് ഹരിത കേരള മിഷന്‍ തീരുമാനിച്ചത്.ഈ ക്യാംപെയിന്‍ കേരളത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് വഴിവെക്കും-മന്ത്രി എം ബി രാജേഷ് പറഞ്ഞു.

നീരുറവ് – ജലാജ്ഞലി എന്ന പേരില്‍ ഹരിത കേരളം മിഷന്റെയും മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുടെയും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തിലാണ് സമഗ്ര നീര്‍ത്തട പരിപാലന പദ്ധതി തയ്യാറാക്കുന്നത്. നീര്‍ച്ചാല്‍ ശൃംഖലകള്‍ കണ്ടെത്തി ഓരോ നീര്‍ച്ചാലുകളിലും അവയുടെ വൃഷ്ടിപ്രദേശങ്ങളിലും അനുയോജ്യമായ പരിപാലന പ്രവൃത്തികള്‍ ഉള്‍പ്പെടുത്തിയ സമഗ്ര രേഖയാണ് തയ്യാറാക്കുന്നത്. കണ്ണൂര്‍ ജില്ലയില്‍ 664 ചെറു നീര്‍ത്തടങ്ങളാണ് ഉള്ളത്. ഇവയില്‍ പേരാവൂര്‍ ബ്ലോക്ക് പരിധിയില്‍ ഉള്‍പ്പെട്ട 70 നീര്‍ത്തടങ്ങളുടെ സമഗ്ര പദ്ധതി രേഖയാണ് ഇതിനകം തയ്യാറാക്കിയത്. സമഗ്ര പദ്ധതി രേഖ കേരള ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സി എം കൃഷ്ണന്‍ ഏറ്റ് വാങ്ങി.
അഡ്വ. സണ്ണി ജോസഫ് എം എല്‍ എ അധ്യക്ഷത വഹിച്ചു. നവ കേരളം കര്‍മ്മപദ്ധതി സംസ്ഥാന കോ ഓര്‍ഡിനേറ്റര്‍ ഡോ ടി എന്‍ സീമ മുഖ്യ പ്രഭാഷണം നടത്തി. തീം സോങ്ങ് പ്രകാശനം സി ഡബ്ല്യൂ ആര്‍ ഡി എം എക്സിക്യുട്ടീവ് ഡയരക്ടര്‍ ഡോ മനോജ് പി സാമുവല്‍ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ജൂബിലി ചാക്കോ പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ സുധാകരന്‍, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ വേലായുധന്‍,പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പ്രീത ദിനേശന്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാരായ പി.പി വേണുഗോപാലന്‍ ( പേരാവൂര്‍), ആന്‍റണി സെബാസ്റ്റ്യന്‍ (കണിച്ചാര്‍ ), സി ടി അനീഷ് (കേളകം), റോയി നബൂട്ടകം ( കൊട്ടിയൂര്‍ ), ടി ബിന്ദു (മുഴക്കുന്ന് ), റിജി എം (കോളയാട് ), വി ഹൈമാവതി(മാലൂര്‍ ) പേരാവൂര്‍ ഗ്രാമപഞ്ചായത്തംഗം റജീന സിറാജ്, മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി ജോയിന്റ്പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ പി സുരേന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *