5/4/23
ഡൽഹി:മീഡിയ വൺ ചാനൽ നിരോധനം സുപ്രീം കോടതി നീക്കി.നാലാഴ്ചക്കകം ലൈസന്‍സ് കേന്ദ്രം പുതുക്കി നല്‍കണമെന്നും കോടതി ഉത്തരവിട്ടു. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ഹിമ കോഹ്‍ലി എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.
ജനാധിപത്യത്തില്‍ മാധ്യമ സ്വാതന്ത്ര്യത്തിന്‍റെ പങ്ക് വലുതാണ്. വിലക്കിന്‍റെ കാരണം പുറത്തുപറയാത്തത് നിതീകരിക്കാനില്ല. ദേശസുരക്ഷ പറഞ്ഞ് കാരണം വെളിപ്പെടുത്താത്തത് അംഗീകരിക്കാനാവില്ല. ദേശസുരക്ഷയുടെ പേരില്‍ പൗരാവകാശം ലംഘിക്കുന്നത് നിയമവിരുദ്ധമാണെന്നും വിധി പ്രസ്താവിച്ച ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് നിരീക്ഷിച്ചു.
2022 നവംബര്‍ മൂന്നിനാണ് വാദം പൂര്‍ത്തിയായ കേസ് വിധി പറയാനായി സുപ്രീംകോടതി രണ്ടംഗ ബെഞ്ച് മാറ്റിയത്. ചാനലിനെതിരെ കേന്ദ്രസര്‍ക്കാറിന്റെ മുദ്ര വെച്ച കവറിലെ ആരോപണങ്ങള്‍ അവ്യക്തമാണെന്നാണ് ബെഞ്ച് അന്ന് നിരീക്ഷിച്ചത്. സുരക്ഷ അനുമതി നിഷേധിക്കുന്നതിന് കാരണമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം സമര്‍പ്പിച്ച ഫയലിലെ ചില പേജുകള്‍ പരിശോധിച്ചായിരുന്നു കോടതിയുടെ നിരീക്ഷണം.
ഫയലിലെ 807-08 പേജും 839-840 പേജുകളിലെ മിനിറ്റ്സും പരിശോധിച്ച സുപ്രീംകോടതി ബെഞ്ച് ആരോപണങ്ങള്‍ തിരിച്ചറിയത്തക്കതല്ലെന്ന് കേരള ഹൈകോടതി ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചതും ഓര്‍മിപ്പിച്ചു. സുരക്ഷ ഭീഷണിയുണ്ടെങ്കില്‍ ഡൗണ്‍ലിങ്കിങ് ലൈസന്‍സ് പുതുക്കി നല്‍കിയത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു.
ഹൈകോടതിയില്‍ കേന്ദ്രസര്‍ക്കാര്‍ എതിര്‍സത്യവാങ്മൂലം സമര്‍പ്പിക്കാത്തതില്‍ ജസ്റ്റിസ് ഹിമ കോഹ്‍ലി അത്ഭുതം പ്രകടിപ്പിച്ചു. അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എഴുതി നല്‍കുകയായിരുന്നു. ഇത് വിചിത്രമാണെന്നും അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഇങ്ങനെ നല്‍കുന്നത് മുമ്ബൊരിക്കലും കണ്ടിട്ടില്ലെന്നും ഹിമ കോഹ്‍ലി അഭിപ്രായപ്പെട്ടു.
അപ്‍ലിങ്കിങ് പുതുക്കാന്‍ സുരക്ഷ അനുമതി വേണ്ടെന്നാണ് ഹരജിക്കാരായ മാധ്യമം ബ്രോഡ്കാസ്റ്റിങ് കോര്‍പറേഷന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ദുഷ്യന്ത് ദവെ വാദിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വിവരങ്ങള്‍ കൈമാറുന്ന പോസ്റ്റ്‌ഓഫീസായി വാര്‍ത്ത വിതരണ മന്ത്രാലയം മാറിയെന്ന് കേരള പത്രപ്രവര്‍ത്തക യുണിയന്റെ അഭിഭാഷകനായ മുകുള്‍ റോത്തഗിയും വാദിച്ചു.