മിഖായേൽ ഗോർബച്ചേവ് അന്തരിച്ചു1 min read

31/8/22

മോസ്‌കോ :ശീതയുദ്ധം അവസാനിപ്പിച്ച മുൻ സോവിയറ്റ് പ്രസിഡന്റ് മിഖായേൽ ഗോർബച്ചേവ് (91) അന്തരിച്ചു.

റഷ്യയിലെ സെൻട്രൽ ക്ലിനിക്കൽ ഹോസ്പിറ്റലിനെ ഉദ്ധരിച്ച് ഇന്റർഫാക്സ് വാർത്താ ഏജൻസിയാണ് ഇക്കാര്യം അറിയിച്ചത്. 1999-ൽ അന്തരിച്ച ഭാര്യ റൈസയുടെ അടുത്തായി മോസ്കോയിലെ നോവോഡെവിച്ചി സെമിത്തേരിയിൽ ഗോർബച്ചേവിനെ സംസ്കരിക്കും. മരണത്തിൽ ലോക നേതാക്കൾ അനുശോചനം രേഖപ്പെടുത്തി.
നിലവില്‍ റഷ്യയുടെ ഭാഗമായ പ്രിവോയ്‌ലിയിൽ 1931 മാര്‍ച്ച് 2 നാണ് മിഖായേല്‍ സെര്‍ജെയ്വിച്ച് ഗോര്‍ബച്ചേവിന്റെ ജനനം. 1985 മുതല്‍ 1991 വരെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് സോവിയറ്റ് യൂണിയന്റെ ജനറല്‍ സെക്രട്ടറിയായി വര്‍ത്തിച്ച ഇദ്ദേഹം 1990-91 കാലയളവില്‍ സോവിയറ്റ് യൂണിയന്റെ പ്രസിഡന്റ് കൂടിയായിരുന്നു. രാജ്യത്തെ രാഷ്ട്രീയ വ്യവസ്ഥയെ കൂടുതല്‍ ജനാധിപത്യ വല്‍ക്കരിക്കാനും സാമ്പത്തിക ഘടനയെ കൂടുതല്‍ വികേന്ദ്രീകരിക്കാനുമുള്ള ഗോര്‍ബച്ചേവിന്റെ പരിശ്രമങ്ങളാണ് 1991 ല്‍ സോവിയറ്റ് യൂണിയന്റെ തകര്‍ച്ചക്ക് കാരണമായത്.
ഒരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ സോവിയറ്റ് യൂണിയന്റെ കിഴക്കൻ യൂറോപ്പിലെ ആധിപത്യം അവസാനിപ്പിച്ചത് ഗോര്‍ബച്ചേവ് ആണ്. 1990 ല്‍ സമാധനാത്തിനുള്ള നൊബേല്‍ പുരസ്‌കാരം ലഭിച്ചിട്ടുണ്ട് ഇദ്ദേഹത്തിന്. കര്‍ഷക കുടുംബത്തിലായിരുന്നു ഗോര്‍ബവ്വേവിന്റെ ജനനം. 1946 ല്‍ തന്നെ യുവ കമ്മ്യൂണിസ്റ്റ് സംഘടനയായ കോംസമോളില്‍ അംഗത്വമെടുത്ത ഇദ്ദേഹം നാല് വര്‍ഷം ഒരു സര്‍ക്കാര്‍ കൊയ്ത്തു പാടത്ത് ജോലി ചെയ്തിട്ടുണ്ട്. 1952 ല്‍ മോസ്‌കോ സ്റ്റേറ്റ് സര്‍വ്വകലാശാലയില്‍ നിയമ പഠനം ആരംഭിച്ചപ്പോഴാണ് അദ്ദേഹം ഔദ്യോഗികമായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഭാഗമാവുന്നത്.

1955 ല്‍ നിയമത്തിൽ ബിരുദം കരസ്ഥമാക്കിയ ഇദ്ദേഹം കോംസമോളില്‍ വ്യത്യസ്ത പദവികള്‍ അലങ്കരിച്ചിട്ടുണ്ട്. 1970 ല്‍ ഗോര്‍ബച്ചേവ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആദ്യത്തെ റീജ്യൺ സെക്രട്ടറിയായി ചുമതലയേറ്റു. 1971 ലാണ് ഗോര്‍ബച്ചേവ് സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സെൻട്രല്‍ കമ്മിറ്റി അംഗമാവുന്നത്. ശേഷം 1978 ല്‍ അദ്ദേഹം പാര്‍ട്ടിയുടെ അഗ്രികള്‍ച്ചര്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെടു. 1979 പോളിറ്റ്ബ്യൂറോയുടെ കാന്റിഡേറ്റ് മെമ്പറായ ഇദ്ദേഹം 1980 ലാണ് ഫുള്‍ മെമ്പറാകുന്നത്.
ഗോര്‍ബച്ചേവിന്റെ രാഷ്ട്രീയ വളര്‍ച്ചക്ക് പിന്നില്‍ മുതിര്‍ന്ന പാര്‍ട്ടി പ്രത്യയശാസ്ത്രജ്ഞനായിരുന്ന മിഖായില്‍ സുസ്ലോവിന്റെ പങ്ക് വളരെ പ്രധാനമാണ്. യൂറി അന്ത്രോപോവ് പാര്‍ട്ടി ജെനറല്‍ സെക്രട്ടറി ആയിരുന്ന പതിനഞ്ച് മാസം (1982-84) ഏറ്റവും സജീവമായിരുന്ന പോളിറ്റ് ബ്യൂറോ അംഗമായിരുന്നു ഗോര്‍ബച്ചേവ്. സോവിയറ്റ് യൂണിയന്റെ ഏകാധിപത്യ രീതികള്‍ക്ക് അന്ത്യം വരുത്തുന്നതിലും കൂടുതല്‍ ജനാധിപത്യമായ രീതികള്‍ നടപ്പിലാക്കുന്നതിലും വളരെ വിജയകരമായിരുന്നു ഗോര്‍ബച്ചേവ്. ഒരു ഭരണ അട്ടിമറി ശ്രമത്തിന്റെ ഭാഗമായി ഗോര്‍ബച്ചേവിനെയും കുടുംബത്തെയും വീട്ടു തടങ്കലില്‍ പാര്‍പ്പിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *