തിരുവനന്തപുരം :കേരളത്തിന്റെ സാമൂഹ്യ-സാമ്പത്തിക വികസനത്തെ ഗണ്യമായി സ്വാധീനിക്കുന്ന ഒന്നാകാൻ പോവുന്ന വയോജന ബില്ലിനെക്കുറിച്ച് നിയമസഭയിൽ വിശദമായി നടക്കേണ്ടിയിരുന്ന ചർച്ച പ്രതിപക്ഷം തടസ്സപ്പെടുത്തിയത് നിർഭാഗ്യകരമാണെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.
സംസ്ഥാനത്തെ വയോജനതയുടെ ക്ഷേമത്തിനും അവരുടെ പലവിധ ശേഷികൾ സമൂഹത്തിന് ഉപയോഗപ്പെടുത്താനും രാജ്യത്താദ്യമായി ഒരു കമ്മീഷൻ രൂപീകരിക്കുന്നതിനുള്ള നിയമനിർമ്മാണ വേളയുടെ ഗൗരവം പ്രതിപക്ഷം ഉൾക്കൊണ്ടില്ല. ബിൽ അവതരണം സാങ്കേതികമായി നടന്നുവെങ്കിലും വിശദമായ ചർച്ച നടക്കാനുള്ള സാഹചര്യം പ്രതിപക്ഷ ബഹളം കാരണം ഇല്ലാതായി.
വയോജനങ്ങളുടെ അനുഭവങ്ങളും കഴിവുകളും സമൂഹത്തിന് ഉപയോഗപ്പെടുത്താനുള്ള ബില്ലിനെക്കുറിച്ച് ആഴത്തിലുള്ള ചർച്ചകളും അഭിപ്രായപ്രകടനങ്ങളും നിയമസഭയിൽ നടക്കേണ്ടിയിരുന്നു. അത്രയേറെ സാമൂഹ്യപ്രാധാന്യം വയോജനസംബന്ധിയായ വിഷയങ്ങൾക്ക് ഇന്നുണ്ടെന്നത് പ്രതിപക്ഷം വിസ്മരിച്ചു – മന്ത്രി ഡോ. ബിന്ദു പറഞ്ഞു.