മൂന്നര പതിറ്റാണ്ടിന് ശേഷം ചമയങ്ങളോടെ ‘ ദമയന്തി’യായ് മന്ത്രി ആർ.ബിന്ദു1 min read

6/5/23

തിരുവനന്തപുരം :മന്ത്രി ഡോ ആര്‍ ബിന്ദു കോളേജ് കാലത്തെ ചുവടും ഓര്‍മ്മകളും തിരിച്ചുപിടിച്ച്‌ വീണ്ടും കഥകളി അരങ്ങിലേയ്ക്ക് എത്തുന്നു.

ദമയന്തിയുടെ ചമയമണിഞ്ഞ് മൂന്നര പതിറ്റാണ്ടിന് ശേഷമാണ് ബിന്ദു വേദിയില്‍ ചുവടുവയ്ക്കുന്നത്. കൂടല്‍മാണിക്യം ക്ഷേത്രത്തിലെ വാര്‍ഷിക ഉത്സവത്തിന്റെ അഞ്ചാം ദിനമായ നാളെ രാത്രി ഏഴിന് സംഗമം വേദിയില്‍ നളചരിതം ഒന്നാം ദിവസം കഥകളിയിലാണ് മന്ത്രി ആര്‍ ബിന്ദു വീണ്ടും ചായമിടുന്നത്.

1980കളുടെ അവസാനം കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂത്ത് ഫെസ്റ്റിവലില്‍ കഥകളി കിരീടം നേടിയ ബിന്ദുവിന്റെ പ്രിയപ്പെട്ട കഥാപാത്രമാണ് ദമയന്തി. പതിമൂന്നാം വയസ് മുതല്‍ ഗുരുവായ കലാനിലയം രാഘവന്‍ ആശാന്റെ നേതൃത്വത്തിലാണ് കഥകളി അവതരണം. ആശാന്റെ മകള്‍ ജയശ്രീ ഗോപിയും സി എം ബീനയും ദമയന്തിയുടെ തോഴിമാരായി അരങ്ങത്തെത്തും. ഒന്നര മണിക്കൂര്‍ കഥകളിയില്‍ ജയന്തി ദേവരാജ് ‘ഹംസ’ മായി ചേരും.

വര്‍ഷങ്ങള്‍ക്ക് മുൻപ്   ദമയന്തിയെ അവതരിപ്പിച്ച അതേ മിടുക്കോടെ മന്ത്രിയെ അരങ്ങിലെത്തിക്കാന്‍ രാഘവനാശാന്‍ മുന്നിലുണ്ട്. കുട്ടിക്കാലം മുതല്‍ കഥകളിയുള്‍പ്പെടെ എല്ലാ മേഖലയിലും മികവ് തെളിയിച്ച വിദ്യാര്‍ത്ഥിയായിരുന്നു ആര്‍ ബിന്ദു. ക്ഷേത്രപരിസരത്തോട് ചേര്‍ന്ന് കൂടല്‍മാണിക്യം ദേവസ്വം നിര്‍മ്മിച്ച പുതിയ വേദിയില്‍ ബിന്ദുവിനൊപ്പം നൂറ് കണക്കിന് കലാകാരന്മാരും പരിപാടികള്‍ അവതരിപ്പിക്കും.

Leave a Reply

Your email address will not be published. Required fields are marked *