തിരുവനന്തപുരം :കേരള, കാലിക്കറ്റ്, എംജി,കണ്ണൂർ സർവ്വകലാശാലകൾ നാലുവർഷ ബിരുദ കോഴ്സിന്‍റെ പരീക്ഷാഫിസുകൾ കുത്തനെ ഉയർത്തിയ സിൻഡിക്കേറ്റുകളുടെ തീരുമാനം പുനഃ പരിശോധിക്കണമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു.
ഫീസ് വർദ്ധ നയ്‌ക്കെതിരെ എല്ലാ വിദ്യാർത്ഥി സംഘടനകളും പ്രക്ഷോഭത്തിലായ തിനെ തുടർന്നാണ് യൂണിവേഴ്സിറ്റി വിസി മാരുടെയും രജിസ്ട്രാർ മാരുടെയും യോഗം ഉന്നത വിദ്യാഭ്യാസ മന്ത്രി വിളിച്ചുകൂട്ടിയത്.
വിദ്യാർഥി പ്രക്ഷോഭത്തെ തുടർന്ന് ഫീസ് വർധനവിനെ കുറിച്ച് പഠിക്കാൻ പരീക്ഷ കൺട്രോളർ, ഫൈനാൻസ് ഓഫീസർ എന്നിവരുടെ ഒരു കമ്മിറ്റിയെ കേരള വിസി ഡോ: മോഹൻ കുന്നുമ്മേൽ നിയോഗിച്ചിരിക്കുകയാണ്. അതിന് സമാനമായി എല്ലാ സർവകലാശാലകളും കമ്മിറ്റിയെ നിയോഗിച്ച് പഠനം നടത്തി റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കണമെന്നും അടുത്ത സെമസ്റ്റർ മുതൽ സർക്കാർ തീരുമാനപ്രകാരം മാത്രമേ
ഫീസ് വർദ്ധന സർവ്വകലാശാലകൾ നടപ്പിലാക്കാൻ പാടുള്ളൂവെന്നും മന്ത്രി നിർദ്ദേശിച്ചു.
ഫീസ് വർദ്ധനവ് ക്രമാതീതമാണെന്ന അഭിപ്രായത്തിലാണ് സർക്കാർ.
എന്നാൽ ഗ്രാന്റ് ഇൻ എയിഡ് സ്ഥാപനങ്ങളായ സർവകലാശാലകൾ, സർക്കാറിൽ നിന്നും ലഭിക്കുന്ന
ഗ്രാന്റിന് പുറമെ ആഭ്യന്തര വരുമാനം വർദ്ധിപ്പിക്കണമെന്ന സർക്കാർ നിർദ്ദേശം കണക്കിലെടുത്താണ് നാലുവർഷ ബിരുദ കോഴ്സുകളുടെ ഫീസുകളിൽ സിൻഡിക്കേറ്റുകൾ വലിയ വർദ്ധനവ് വരുത്തിയതെന്നറിയുന്നു.