തിരുവനന്തപുരം :രാജ്യം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും ഒരു സംസ്ഥാന സര്‍ക്കാരിന് സാധ്യമാകുന്ന ഏറ്റവും മികച്ച ജനകീയ ബഡ്ജറ്റാണ് കഴിഞ്ഞ ദിവസം കേരളത്തില്‍ അവതരിപ്പിച്ചതെന്ന് പൊതുമരാമത്ത് വിനോദസഞ്ചാര വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ആധുനിക രീതിയില്‍ നവീകരിച്ച ചുള്ളിമാനൂര്‍ – പനയമുട്ടം, പേരയം – ചെല്ലഞ്ചി റോഡുകളുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. വികസനത്തിന്റെ സൂര്യോദയം വിഭാവനം ചെയ്യുന്ന ബഡ്ജറ്റാണിത്. സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കിലും എല്ലാ മേഖലയിലും വികസനം സാധ്യമാക്കുകയെന്നാണ് സര്‍ക്കാരിന്റെ നയം. എന്നാല്‍ തെറ്റായ പ്രവണതകളോട് വിട്ടുവീഴ്ച ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറുമല്ല. നെടുമങ്ങാട് നിയോജക മണ്ഡലത്തിലെ ചിറത്തലയ്ക്കല്‍ മുടവൂര്‍ റോഡ് നവീകരണത്തില്‍ വീഴ്ചയുണ്ടായെന്ന വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ക്രമക്കേട് നടത്തിയതായി കണ്ടെത്തിയാല്‍ കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.
വാമനപുരം മണ്ഡലത്തില്‍ അത്ഭുതകരമായ വികസന പ്രവര്‍ത്തനങ്ങളാണ് കഴിഞ്ഞ ഏഴര വര്‍ഷത്തിനിടെ ഉണ്ടായതെന്ന് മന്ത്രി പറഞ്ഞു. ആറാംതാനം – വെള്ളുമണ്ണടി, ആനാട് – പുലിപ്പാറ – മൊട്ടക്കാവ്, പാലോട് – ബ്രൈമൂര്‍, വെഞ്ഞാറമൂട് ഔട്ടര്‍ റിംഗ് തുടങ്ങിയ പ്രധാന റോഡുകളും ചിപ്പന്‍ചിറ, ചെല്ലഞ്ചി തുടങ്ങിയ പാലങ്ങളും നിര്‍മിക്കാന്‍ കഴിഞ്ഞു. തിരുവനന്തപുരം – പൊന്മുടി, ആറ്റിന്‍പുറം – പേരയം, കല്ലിയോട് – മൂന്നാനക്കുഴി, വേങ്കവിള – മൂഴി തുടങ്ങിയ റോഡുകളുടെ നിര്‍മാണം നടന്നുവരികയാണ്. പാലോട് – ചിറ്റാര്‍ റോഡിന്റെ നവീകരണം പൂര്‍ത്തിയാക്കുമെന്നും വെഞ്ഞാറമൂട് മേല്‍പ്പാലം സാധ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. കോതകുളങ്ങര ജംഗ്ഷനില്‍ നടന്ന ചടങ്ങില്‍ ഡി.കെ മുരളി എം.എല്‍.എ അധ്യക്ഷനായിരുന്നു. ചുള്ളിമാനൂര്‍ – പനയമുട്ടം റോഡിന്റെ രണ്ടാം റീച്ചിനായി 1.5 കോടി രൂപ സംസ്ഥാന ബഡ്ജറ്റില്‍ അനുവദിച്ചിട്ടുണ്ടെന്ന് എം.എല്‍.എ പറഞ്ഞു.
വാമനപുരം നിയോജകമണ്ഡലത്തിലെ പ്രധാന ജില്ലാ റോഡുകളായ പേരയം-ചെല്ലഞ്ചി, ചുള്ളിമാനൂര്‍ – പനയമുട്ടം റോഡുകള്‍ ബി.എം, ബി.സി നിലവാരത്തില്‍ ആധുനിക രീതിയിലാണ് നവീകരിച്ചത്. 1.7 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പേരയം-ചെല്ലഞ്ചി റോഡിന് സ്‌പെഷ്യല്‍ പാക്കേജില്‍ ഉള്‍പ്പെടുത്തി 2.5 കോടി രൂപയും 3.5 കിലോ മീറ്ററുള്ള ചുള്ളിമാനൂര്‍ – പനയമുട്ടം റോഡിന് 2022-23 ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തി നാലുകോടി രൂപയും ചെലവായി. 5.5 മീറ്റര്‍ വീതിയില്‍ റോഡും ഓട, കോണ്‍ക്രീറ്റ് ബീം, സംരക്ഷണഭിത്തി, കലിംഗുകള്‍ എന്നിവയും നിര്‍മിച്ചു. കൂടാതെ സുരക്ഷയ്ക്കാവശ്യമായ മാര്‍ക്കിംഗ്, സ്റ്റഡ് തുടങ്ങിയവയും ഉള്‍പ്പെടുത്തി. ചടങ്ങില്‍ പനവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.മിനി, ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എസ്. സുനിത, ത്രിതല പഞ്ചായത്തംഗങ്ങള്‍, രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും സംബന്ധിച്ചു.