മൂന്നാംഘട്ടത്തില്‍ 86% കുട്ടികള്‍ക്കും 100% ഗര്‍ഭിണികള്‍ക്കും വാക്സിന് നല്കി
തിരുവനന്തപുരം: മിഷന് ഇന്ദ്രധനുഷ് തീവ്രയജ്ഞം 5.0 മൂന്ന് ഘട്ടങ്ങളും സംസ്ഥാനത്ത് പൂര്‍ത്തിയായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മൂന്നാം ഘട്ടത്തില്‍ ലക്ഷ്യം വച്ച 86 ശതമാനം കുട്ടികള്‍ക്കും 100 ശതമാനം ഗര്‍ഭിണികള്‍ക്കും വാക്സിന് നല്കി. അഞ്ച് വയസ് വരെയുളള 76,629 കുട്ടികള്‍ക്കും 11,310 ഗര്‍ഭിണികള്‍ക്കുമാണ് വാക്സിന് നല്‍കിയത്. ഇതുകൂടാതെ ഇതുവരെ വാക്സിന് സ്വീകരിക്കാത്ത 1273 കൂട്ടികള്‍ക്ക് കൂടി വാക്സിന് നല്‍കാനായി. ഒന്നാംഘട്ടത്തില്‍ 75 ശതമാനത്തിലധികം കുട്ടികള്‍ക്കും 98 ശതമാനത്തിലധികം ഗര്‍ഭിണികള്‍ക്കും രണ്ടാം ഘട്ടത്തില്‍ 91 ശതമാനം കുട്ടികള്‍ക്കും 100 ശതമാനം ഗര്‍ഭിണികള്‍ക്കുമാണ് വാക്സിന് നല്‍കിയത്. മിഷന് ഇന്ദ്രധനുഷ് തീവ്രയജ്ഞം വിജയമാക്കാന്‍ പ്രവര്‍ത്തിച്ച എല്ലാവര്ക്കും മന്ത്രി നന്ദി അറിയിച്ചു.
തിരുവനന്തപുരം 8790, കൊല്ലം 2984, ആലപ്പുഴ 3435, പത്തനംതിട്ട 1627, കോട്ടയം 2844, ഇടുക്കി 1258, എറണാകുളം 4110, തൃശൂര്‍ 4885, പാലക്കാട് 9835, മലപ്പുറം 17677, കോഴിക്കോട് 8569, വയനാട് 1603, കണ്ണൂര്‍ 4887, കാസര്‍ഗോഡ് 4125 എന്നിങ്ങനെയാണ് മൂന്നാം ഘട്ടത്തില്‍ 5 വയസിന് താഴെ പ്രായമുള്ള കുട്ടികള്‍ വാക്സിന് സ്വീകരിച്ചത്. തിരുവനന്തപുരം 1731, കൊല്ലം 388, ആലപ്പുഴ 520, പത്തനംതിട്ട 228, കോട്ടയം 601, ഇടുക്കി 225, എറണാകുളം 758, തൃശൂര്‍ 783, പാലക്കാട് 1509, മലപ്പുറം 1397, കോഴിക്കോട് 1597, വയനാട് 429, കണ്ണൂര്‍ 534, കാസര്‍ഗോഡ് 610 എന്നിങ്ങനെയാണ് ഗര്‍ഭിണികള്‍ വാക്സിന് സ്വീകരിച്ചത്.
ആഗസ്റ്റ് 7 മുതല്‍ 12 വരെ ഒന്നാംഘട്ടവും സെപ്റ്റംബര്‍ 11 മുതല്‍ 16 വരെ രണ്ടാംഘട്ടവും ഒക്ടോബര്‍ 9 മുതല്‍ 14 വരെ മൂന്നാം ഘട്ടവും സംഘടിപ്പിച്ചു. ഇതുകൂടാതെ അസൗകര്യമുള്ളവര്‍ക്കായി കൂടുതല്‍ ദിവസങ്ങളും നല്‍കിയിരുന്നു. സാധാരണ വാക്സിനേഷന് നല്കുന്ന ദിവസങ്ങള്‍ ഉള്‍പ്പെടെ ആറ് ദിവസങ്ങളിലാണ് വാക്സിനേഷന് പരിപാടി സംഘടിപ്പിച്ചത്. ദേശീയ വാക്സിനേഷന് പട്ടിക പ്രകാരം വാക്സിന് എടുക്കുവാന്‍ വിട്ടുപോയിട്ടുളള 2 മുതല്‍ 5 വയസ് വരെ പ്രായമുളള എല്ലാ കുട്ടികള്‍ക്കും ദേശീയ വാക്സിനേഷന് പട്ടിക പ്രകാരം പൂര്‍ണമായോ ഭാഗികമായോ വാക്സിന് എടുത്തിട്ടില്ലാത്ത ഗര്‍ഭിണികള്‍ക്കും വാക്സിന് ഉറപ്പാക്കാനാണ് മിഷന് ഇന്ദ്രധനുഷ് തീവ്രയജ്ഞം സംഘടിപ്പിച്ചത്. ഇതിലൂടെ വാക്സിന് വഴി പ്രതിരോധിക്കാവുന്ന മാരക രോഗങ്ങളെ പ്രതിരോധിക്കാന്‍ സാധിക്കുന്നു.